എന്താണ് പോക-യോകെ? സംരംഭങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാനുള്ള ജാപ്പനീസ് ഐഡിയ! 

നമ്മുടെ ബിസിനസിലും കുറഞ്ഞ ചെലവില്‍ നടപ്പാക്കാവുന്ന ഒരു ആശയമാണിത്. 

ആഗോളതല മത്സരം ശക്തമായിരിക്കുന്ന ഇക്കാലത്ത് ഏതൊരു സംരംഭവും ഉന്നത ഗുണനിലവാരവും തകരാറുകള്‍ ഇല്ലാത്തതുമായ ഉല്‍പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കേണ്ടതുണ്ട്. ഇതിന് വളരെയേറെ സഹായകരമായൊരു സങ്കേതമാണ് പോക-യോകെ.

പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന മാനുഷികവും അല്ലാത്തതുമായ എല്ലാവിധ വീഴ്ചകളെയും ഒഴിവാക്കാന്‍ കഴിയുമെന്നതാണ് പോക-യോകെയുടെ (Poka Yoke) പ്രധാന സവിശേത.

Mistake- Proofing എന്നതാണ് പോക-യോകെ എന്ന ജാപ്പനീസ് പദത്തിന്റെ അര്‍ത്ഥം. ഉല്‍പാദന സേവന രംഗങ്ങളില്‍ എന്തെങ്കിലും തെറ്റായിപ്പോകുന്നുണ്ടെങ്കിലോ അല്ലെങ്കില്‍ തെറ്റുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെങ്കിലോ അവിടെയെല്ലാം ഈ സങ്കേതം പ്രയോഗിക്കാനാകും. ചുരുക്കത്തില്‍ ഒരു പ്രവര്‍ത്തന സംവിധാനത്തില്‍ യാതൊരു വിധത്തിലും തെറ്റുകള്‍ സംഭവിക്കാതിരിക്കാനുള്ള ഒരു സങ്കേതമാണിത്.

സംസ്‌ക്കരണത്തിലെ പിഴവുകള്‍, സംവിധാന ഘടനയിലെ പിഴവുകള്‍, അനുയോജ്യമല്ലാത്ത ഘടകങ്ങളുടെ ഉപയോഗം തുടങ്ങിയവയെല്ലാം കണ്ടെത്തി വിശകലനം ചെയ്ത് ആദ്യഘട്ടത്തില്‍ തന്നെ അവക്കൊരു ശാശ്വതമായൊരു പരിഹാരം കണ്ടെത്തുകയാണ് പോക-യോകെയിലൂടെ ചെയ്യുന്നത്. ചെക്ക്‌ലിസ്റ്റുകള്‍, റെഡ് അലര്‍ട്ട്‌സ്, വാണിംഗ് ബസറുകള്‍ തുടങ്ങിയവയൊക്കെ ഇതിനുള്ള ഉദാഹരണങ്ങളാണ്.

പോക-യോകെ മത്സരം ചെന്നൈയില്‍

ഉല്‍പാദന സേവന മേഖലകളില്‍ ഏറ്റവും മികച്ച പോക-യോകെ സങ്കേതം നടപ്പാക്കിയിട്ടുള്ള സംരംഭങ്ങളെ കണ്ടെത്തി വ്യവസായ മേഖലക്ക് അവരെ പരിചയപ്പെടുത്തുന്നതിനും ഇതേക്കുറിച്ച് കൂടുതല്‍ അവബോധം വളര്‍ത്തുന്നതിനുമായി സി.ഐ.ഐയുടെ സതേണ്‍ റീജിയണ്‍ പോക-യോകെ മത്സരം സംഘടിപ്പിക്കുന്നു. 2016ല്‍ തുടക്കമിട്ട ഈ മത്സരത്തിന്റെ മൂന്നാമത് എഡിഷനാണ് ഒക്ടോബര്‍ 26ന് ചെന്നൈയിലെ വെസ്റ്റിന്‍ ഹോട്ടലില്‍ വച്ച് സംഘടിപ്പിക്കുന്നത്.

സി.ഐ.ഐയില്‍ അംഗത്വമുള്ള കേരളത്തിലെയും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും കമ്പനികള്‍ക്ക് ഇതില്‍ മത്സരിക്കാം. ഉല്‍പാദന സേവന മേഖലകളിലെ ചെറുകിട ഇടത്തരം വന്‍കിട സംരംഭങ്ങള്‍ക്കെല്ലാം പങ്കെടുക്കാനാകും. ഓരോ വിഭാഗത്തിനും പ്രത്യേക സമ്മാനങ്ങളുണ്ട്.

ഒക്ടോബര്‍ 10ന് മുന്‍പ് നിശ്ഛിത ഫോമില്‍ അപേക്ഷ നല്‍കണം. ഈ രംഗത്ത് മറ്റുള്ള കമ്പനികള്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ മനസിലാക്കാന്‍ താല്‍പര്യമുള്ള സംരംഭകര്‍ക്ക് ഡെലിഗേറ്റായും ഇതില്‍ പങ്കെടുക്കാം.

വിശദവിവരങ്ങള്‍ക്ക് 044-42444555 Etx.605, 652 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here