ആരാണ് യഥാർത്ഥ വിജയി? ഈ ചെക്ക് ലിസ്റ്റ് പരിശോധിക്കൂ

എന്താണ് യഥാര്‍ത്ഥ വിജയം? വിജയികളായവരില്‍ കാണുന്ന ഗുണങ്ങള്‍ എന്തൊക്കെയാണ്? എന്നും സമൂഹത്തില്‍ ചര്‍ച്ചയാകുന്ന ഒരു വിഷയമാണ് ഇത്. വിജയികള്‍ക്ക് കഠിന പ്രയത്‌നവും ആത്മവിശ്വാസവുമൊക്കെയുണ്ടായിരിക്കും. എന്നാല്‍ ഒരാള്‍ വിജയം നേടി എന്നു വ്യാഖ്യാനിക്കാനാകുക അയാള്‍ എല്ലാ ദിവസവും മനസ്സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുമ്പോളാണെന്ന് എഴുത്തുകാരനും ചിന്തകനുമായ പൗലോ കൊയ്‌ലോ മുമ്പ് പറഞ്ഞിട്ടുണ്ട്. ഇത് സത്യമാണെന്ന് ജീവിതത്തില്‍ അനുഭവപ്പെടാറുമുണ്ട് പലപ്പോഴും. കേരളത്തിലെ പ്രമുഖ വ്യവസായികളിലൊരാളും സാസ്്കാരിക സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമുള്ള കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അദ്ദേഹത്തിന്റെ ഒരു വിഡിയോയിലൂടെ പങ്കുവയ്ക്കുന്നതും അത്തരത്തിലുള്ള നാലു കാര്യങ്ങളാണ്. യഥാര്‍ത്ഥ വിജയിക്ക് വേണ്ടതായുള്ള നാല് കാര്യങ്ങള്‍. അതെന്താണെന്ന് നോക്കാം.

മനസമാധാനവും സന്തോഷവും

ഒരു വ്യക്തി വിജയി ആണെന്ന് കരുതുക അയാള്‍ മനസ്സമാധാനവും സന്തോഷവും ആസ്വദിക്കുമ്പോളാണ്. മനസ്സമാധാനത്തോടെ ഒരാള്‍ക്ക് ഉറങ്ങാന്‍ പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ എത്ര സ്വത്തു സമ്പാദിച്ചാലോ ഏതൊക്കെ മേഖലകളില്‍ വിജയി ആയാലോ കാര്യമില്ല. വിജയികള്‍ക്ക് മനസമാധാനവും സന്തോഷവും ഉണ്ടായേ തീരൂ. ഉറങ്ങാന്‍ കിടന്നാലോ, നല്ല ഉറക്കമില്ലാതെ ആധിവ്യാധികളോടെ മറിഞ്ഞും തിരിഞ്ഞും കിടന്നാലും അയാള്‍ ജീവിതത്തില്‍ വിജയം അുഭവിക്കുന്നില്ല എന്നത് തന്നെയാണ് സത്യം. അപ്പോള്‍ നല്ല ഉറക്കം കിട്ടുക എന്നതും പ്രധാനമാണ്.

പ്രായത്തിനനുസരിച്ചുള്ള ആരോഗ്യം

പണവും പ്രശസ്തിയും മറ്റു വിജയങ്ങളും പോലെ ഒരാള്‍ക്ക് പ്രായത്തിനനുസൃതമായുള്ള ആരോഗ്യവും ശാരീരികമായ സ്വാസ്ഥ്യവും ഇല്ല എങ്കില്‍ മറ്റ് വിജയങ്ങള്‍ നിരര്‍ത്ഥകമായി പോകും. ഒരോ വ്യക്തികള്‍ക്കും ഓരോ പ്രായത്തിനുമനുസരിച്ചുള്ള ആരോഗ്യം വേണം.

സാമ്പത്തിക സുരക്ഷിതത്വം

നാലിലൊന്നു പ്രാധാന്യം മാത്രമേ ഇതിനു നല്‍കുന്നുള്ളു എങ്കിലും സാമ്പത്തിക സുരക്ഷിതത്വമനുഭവിക്കാതെ ഒരാള്‍ക്ക് വിജയം വരിച്ചുവെന്ന് നിശ്ചയിക്കാനാകില്ല. സാമ്പത്തികമായി ഉറപ്പുള്ള ഒരു ജീവിതത്തിനേ മറ്റ് വിജയങ്ങളുടെ മാധുര്യവും അനുഭവിക്കാനാകൂ.

സമൂഹത്തിലെ അംഗീകാരം

വിജയികളായ വ്യക്തികളെ അപഗ്രഥിച്ചാല്‍ അവര്‍ക്ക് സമൂഹത്തില്‍ ഒരു അംഗീകാരമുണ്ടായിരിക്കും. മറ്റെല്ലാം നേടിയാലും സാമ്പത്തികമായി സുരക്ഷിതത്വമുറപ്പാക്കിയാലും ഒരാളെ സമൂഹം അംഗീകരിച്ചില്ല എങ്കില്‍ ബഹുമാനത്തോടെ പരിഗണിച്ചില്ല എങ്കില്‍ മറ്റ് വിജയങ്ങള്‍ക്കും മങ്ങലേല്‍ക്കും. അതിനാല്‍ വിജയിയായ ഒരാള്‍ക്ക് സമൂഹത്തിലുള്ള അംഗീകാരവും പ്രധാനം തന്നെ.

ഈ നാലു ഗുണങ്ങളെ വിശദമാക്കുന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വീഡിയോ കാണാം.

https://www.youtube.com/watch?v=PK48k6_ZjwY&t=1s

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it