ആരായിരുന്നു സ്റ്റീവ് ജോബ്‌സിന്റെ ആദ്യ ഉപഭോക്താവ്?

അസാധ്യമെന്ന് കരുതുന്ന കാര്യങ്ങള്‍പ്പോലും മറ്റുള്ളവരെക്കൊണ്ട് വിശ്വസിപ്പിക്കാന്‍ അസാമാന്യ കഴിവുള്ള വ്യക്തിയായിരുന്നു സ്റ്റീവ് ജോബ്‌സ്. പക്ഷെ എന്ത് ഉല്‍പ്പന്നമായാലും ആദ്യം ഒരു ഉപഭോക്താവിന് ബോധ്യപ്പെടണം. പറഞ്ഞുബോധ്യപ്പെടുത്താന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ആ ഉപഭോക്താവ് ആരായിരുന്നു എന്നറിയാമോ? അത് സ്റ്റീവ് ജോബ്‌സ് തന്നെ.

സംഗീതരംഗത്ത് വിപ്ലവം സൃഷ്ടിച്ച ഐപോഡും ഐട്യൂണ്‍സ് എന്ന ഡിജിറ്റല്‍ മ്യൂസിക് സ്റ്റോറും ആദ്യം സ്റ്റീവ് ജോബ്‌സ് അദ്ദേഹത്തിന് വേണ്ടി നിര്‍മ്മിച്ചതായിരുന്നുവെന്ന് ജോബ്‌സിന്റെ ജീവചരിത്രത്തില്‍ പറയുന്നു. അദ്ദേഹം വലിയൊരു സംഗീതപ്രേമിയായിരുന്നു. അക്കാലത്തെ ഡിജിറ്റല്‍ മ്യൂസിക് കളക്ഷനുകള്‍ ഉണ്ടാക്കിയെടുത്ത് മാനേജ് ചെയ്യുന്നതിന്റെയും ബുദ്ധിമുട്ടും ആദ്യകാലത്തെ എംപി3 പ്ലെയറുകളുടെയും നിലവാരമില്ലായ്മയും കൊണ്ട് മടുത്തപ്പോഴാണ് അദ്ദേഹം ഐപോഡും ഐട്യൂണ്‍സും സൃഷ്ടിച്ചത്.

വിജയിച്ച പല സംരംഭകരുടെയും ആദ്യ ഉപഭോക്താവ് അവര്‍ തന്നെയായിരുന്നു. മുമ്പെന്നത്തെക്കാള്‍ നിരവധി യുവാക്കള്‍ ഇപ്പോള്‍ സംരംഭകരാകാന്‍ മുന്നോട്ടുവരുന്നു. എന്നാല്‍ എല്ലാവരുംതന്നെ ആദ്യം ചിന്തിക്കുന്നത് തങ്ങളുടെ ഉപഭോക്താക്കളാകാന്‍ സാധ്യതയുള്ളവരെക്കുറിച്ചാണ്. നിങ്ങളെത്തന്നെ നിങ്ങളുടെ ആദ്യ ഉപഭോക്താവായി കരുതുന്ന എത്രപേരുണ്ട്? സ്വന്തം ആവശ്യം വലിയൊരു സമൂഹത്തിന്റെ ആവശ്യം കൂടിയാക്കി മാറ്റി വന്‍വിജയം കൊയ്ത അനേകരെ നിങ്ങള്‍ക്ക് ചരിത്രത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കും.

എന്തുകൊണ്ട് നിങ്ങള്‍ തന്നെ നിങ്ങളുടെ ആദ്യ ഉപഭോക്താവാകണം?
$ ഇതിലും വലിയൊരു മാര്‍ക്കറ്റ് റിസര്‍ച്ച് അല്ലെങ്കില്‍ വിപണി പഠനമില്ല. ആദ്യത്തെ വിപണിപഠനം നിങ്ങളായിരുന്നു ഉപഭോക്താവെങ്കില്‍ നിങ്ങള്‍ ഈ ഉല്‍പ്പന്നം വാങ്ങുമോ എന്നതാണ്. ഉപഭോക്താവിന്റെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ നിങ്ങള്‍ക്ക് ഇതിലൂടെ മനസിലാക്കാനാകുന്നു. ഉല്‍പ്പന്നം സ്വയം ബോധ്യപ്പെട്ടാല്‍ മാത്രമേ വിപണി പഠനത്തിന് പുറത്തേക്കുപോയിട്ട് കാര്യമുള്ളു.

$ നിങ്ങളുടെ ഉല്‍പ്പന്നം അല്ലെങ്കില്‍ സേവനം നിങ്ങള്‍ക്ക് പൂര്‍ണ്ണമായി ബോധ്യപ്പെട്ടുകഴിഞ്ഞാല്‍ മാത്രമേ സ്റ്റീവ് ജോബ്‌സിനെപ്പോലെ നിങ്ങള്‍ക്ക് മറ്റുള്ളവരെയും ബോധ്യപ്പെടുത്താനാകൂ. ആദ്യത്തെ കസ്റ്റമര്‍ നിങ്ങള്‍തന്നെ ആകുന്നതിലൂടെ ലഭിക്കുന്ന ആത്മവിശ്വാസം കൊണ്ട് മഹത്തായ സെയ്ല്‍സ് സ്‌കില്ലുകള്‍ കൂടി നിങ്ങള്‍ക്ക് കിട്ടുന്നു.

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles

Next Story

Videos

Share it