വില്‍പ്പന ഓഫറുകള്‍ കെണിയാകുമോ? ശ്രദ്ധിക്കാനുണ്ട് ഇക്കാര്യങ്ങള്‍

പലിശയില്ലാത്ത ഇഎംഐയും കാഷ് ബാക്ക് ഓഫറുമൊക്കെ കണ്ടാല്‍ ഉടനെ ചാടി വീഴുന്നവരാണ് നമ്മള്‍ മലയാളികള്‍. പക്ഷേ അതൊരു കെണിയാകാതെ നോക്കണം. എന്താണ് ഓരോ ഓഫറുകള്‍ക്കും പിന്നിലെന്ന് സസൂക്ഷ്മം നിരീക്ഷിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ ഇത്. റീറ്റെയ്‌ലേഴ്‌സും ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളും ബില്‍ഡര്‍മാരും തുടങ്ങി പലിശരഹിത അല്ലെങ്കില്‍ കുറഞ്ഞ പലിശയിലുള്ള വായ്പകളും കാഷ് ബാക്ക് ഓഫറുകളും സമ്മാന പദ്ധതികളെല്ലാം മുന്നില്‍ നിര്‍ത്തി നിങ്ങളെ ആകര്‍ഷിക്കും. ഓഫറുകളുടെ വരികള്‍ക്കിടയില്‍ വായിച്ച് അതില്‍ ഒളിഞ്ഞിരിക്കുന്ന കെണി മനസ്സിലാക്കുക. ഓര്‍ക്കുക എല്ലാ ഓഫറുകളും കെണിയല്ല.

1.പലിശയില്ലാത്ത ഇഎംഐ

ഇ കൊമേഴ്‌സ് കമ്പനികളും റീറ്റെയ്‌ലേഴ്‌സുമടക്കം ഏറെ ഉപയോഗിക്കപ്പെടുന്ന ഓഫറാണിത്. പ്രോസസിംഗ് ഫീയോ, ഡൗണ്‍ പേമെന്റോ പലിശയോ വേണ്ടെന്നാവും പലരും വാഗ്ദാനം ചെയ്യുന്നത്. 2013 ല്‍ റിസര്‍വ് ബാങ്ക് പൂജ്യം ശതമാനം പലിശ നിരക്കിലുള്ള ഇഎംഐ നിരോധിച്ചതാണ്. ദുര്‍ബല ഹൃദയരായ ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്നതു മാത്രമാണ് അതിലൂടെ ഉദ്ദേശിക്കുന്നത്. ചിലപ്പോള്‍ പലിശ സാധനത്തിന്റെ വില്‍പ്പന വിലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകാം. നിങ്ങള്‍ മുന്‍കൂട്ടി പണം നല്‍കി വാങ്ങുമ്പോള്‍ ലഭിക്കുന്ന ഡിസ്‌കൗണ്ട് ചിലപ്പോള്‍ ഇഎംഐ ഓപ്ഷന്‍ തെരഞ്ഞെടുക്കുമ്പോള്‍ ലഭിക്കില്ല. ഇഎംഐ ആയാലും പണം രൊക്കം നല്‍കി വാങ്ങുന്നതായാലും ഒരേ വില്‍പ്പന വിലയാണെന്ന് പറയുകയാണെങ്കില്‍ ആശങ്കയ്ക്ക് വകയില്ല. പലിശ രഹിത വായ്പയ്ക്കുള്ള പണം ചിലപ്പോള്‍ ബ്രാന്‍ഡ് നേരിട്ട് നല്‍കുന്നുണ്ടാകാം. തുക മുന്‍കൂറായി കൊടുക്കുമ്പോള്‍ ഡിസ്‌കൗണ്ട് ലഭിക്കുമോ എന്ന് അന്വേഷിച്ചിട്ടു മതി എന്തെങ്കിലും തീരുമാനിക്കാന്‍.

2.ചെലവ് കുറഞ്ഞ വായ്പ

ചെലവ് കുറഞ്ഞ വായ്പയ്ക്ക് പുറമേ ഇ കൊമേഴ്‌സ് കമ്പനികളും റീറ്റെയ്‌ലേഴ്‌സും കുറഞ്ഞ കാലത്തേക്ക് പലിശയില്ലെന്ന ഓഫറും നല്‍കാറുണ്ട്. എന്നാല്‍ അവയില്‍ പ്രോസസിംഗ് ചാര്‍ജ് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് നോക്കണം. സാധാരണ രണ്ടു ശതമാനം വരെ പ്രോസസിംഗ് ചാര്‍ജ് ഉണ്ടാകാറുണ്ട്.

3.കാഷ് ബാക്ക് ഓഫര്‍

കാഷ് ഓഫര്‍ വാഗ്ദാനം ചെയ്യപ്പെടുമ്പോള്‍ അതിന്റെ അനുബന്ധ കാര്യങ്ങള്‍ അന്വേഷിക്കുക. എത്ര തുകയ്ക്കുള്ളത് വാങ്ങണം, എത്ര തുക വരെയുള്ളതിന് കിട്ടും, എത്ര തിയതി വരെയാണ് ഓഫര്‍ തുടങ്ങിയവ. മൂവായിരം രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങിയാല്‍ കാഷ് ബാക്ക് ഓഫര്‍ എന്നാണ് ഓഫര്‍ നല്‍കിയിരിക്കുന്നതെങ്കില്‍ ഒറ്റ പര്‍ച്ചേസില്‍ ആണോ എല്ലാറ്റിലും കൂടി 3000 രൂപയുടെ വാങ്ങിയാലും ഓഫര്‍ ലഭിക്കുമോ എന്നൊക്കെ നോക്കണം. ഓണ്‍ലൈനില്‍ വാങ്ങുമ്പോള്‍ രണ്ടോ മൂന്നോ മാസം കഴിഞ്ഞ ലഭിക്കുന്ന കാഷ് ബാക്കിനേക്കാള്‍ ഇന്‍സ്റ്റന്റ് കാഷ് ബാക്കാണ് അല്‍പ്പം കുറവാണെങ്കിലും നല്ലത്. 20 ശതമാനം കാഷ് ബാക്ക് എന്നത് ആകര്‍ഷകമാകാം. പക്ഷേ പരമാവധി 1500 രൂപ വരെ എന്നാകുമ്പോള്‍ വലിയ പര്‍ച്ചേസ് നടത്തുമ്പോള്‍ ഉദ്ദേശിച്ച നേട്ടം ഉണ്ടാവില്ല. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ചിലപ്പോള്‍ കാര്‍ഡ് ബില്‍ സമയത്തിന് അടച്ചില്ലെങ്കില്‍ കാഷ് ബാക്ക് നഷ്ടപ്പെടും എന്ന നിബന്ധനയോടെയാകാം.

4.സമ്മാനങ്ങള്‍

ഉപഭോക്താക്കള്‍ക്ക് അപ്പാര്‍ട്ട്‌മെന്റ് വാങ്ങുമ്പോള്‍ മോഡുലാര്‍ കിച്ചന്‍, എയര്‍ കണ്ടീഷണര്‍, സെമി ഫര്‍ണിഷ്ഡ് അപ്പാര്‍ട്ട്‌മെന്റ് തുടങ്ങി നിരവധി സൗജനങ്ങള്‍ ബില്‍ഡര്‍മാര്‍ വാഗ്ദാനം ചെയ്യാറുണ്ട്. ഇത് നിരക്കില്‍ കുറവു വരുത്താനുള്ള വിലപേശലിന് തടയിടുന്നവയാണ്. നിലവിലെ സാഹചര്യങ്ങളില്‍ ബില്‍ഡര്‍മാര്‍ക്ക് വലിയ തോതിലുള്ള ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിക്കാനാവാത്ത സ്ഥിതിയാണ്. ഫണ്ടിന്റെ കുറവും അസംസ്‌കൃത വസ്തുക്കളുടെ വിലക്കൂടുതല്‍ തുടങ്ങിയവയൊക്കെ ഇതിന് കാരണമാകുന്നു. ജിഎസ്ടി, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീ എന്നിവ സൗജന്യമായി ചെയ്തു തരാമെന്ന് പറയും. അഞ്ച് മുതല്‍ 12 ശതമാനം വരെ വിലക്കുറവിന് ഇത് കാരണമാകും. എങ്കിലും നിരക്കില്‍ കുറവ് വരുത്തണമെന്ന് നിങ്ങള്‍ക്ക് ആവശ്യപ്പെടാം.

Ajaya Kumar
Ajaya Kumar  

Senior Correspondent

Related Articles

Next Story
Share it