വനിതാ സംരംഭകരുടെ വിജയത്തിന് ഇതാ 50 മാര്‍ഗനിര്‍ദേശങ്ങള്‍; പാര്‍ട്ട് 02

ബിസിനസില്‍ വിജയം കൊയ്ത വ്യത്യസ്ത മേഖലകളിലുള്ള വനിതകള്‍ പങ്കുവെച്ച ആശയങ്ങളും അവര്‍ നടത്തിയ ചുവടുവെപ്പുകളും വിശകലനം ചെയ്ത് ധനം തയാറാക്കിയ, വനിതാ സംരംഭകര്‍ക്കുള്ള 50 മാര്‍ഗനിര്‍ദേശങ്ങള്‍. രണ്ടാം ഭാഗം.

 1. സാമ്പത്തിക പ്രതിസന്ധി ഏവര്‍ക്കുമുണ്ടാകും. ഇക്കാലഘട്ടത്തില്‍ ജീവനക്കാരെ അതിന്റെ യാഥാര്‍ത്ഥസ്ഥിതി പറഞ്ഞ് മനസിലാക്കുക. ''നിങ്ങള്‍ക്ക് 15,000 രൂപ കടമുള്ളതുപോലെ ഞാന്‍ ഏഴ് ലക്ഷത്തിന്റെ ഒ.ഡിയിലാണ് മുന്നോട്ടുപോകുന്നത്. നിങ്ങള്‍ ഈ വിധം പ്രവര്‍ത്തിച്ചാല്‍ നമുക്ക് ഈ ലക്ഷ്യം സാക്ഷാത്കരിക്കാം,'' എന്നിങ്ങനെ സുതാര്യമായുള്ള സംസാരവും ഇടപെടലും അവരെ വിശ്വാസത്തിലെടുത്തുള്ള ചുവടുവെപ്പുകളും നടത്തിയാല്‍ വിജയം കൂടെവരും.
 2. കൂടെ നില്‍ക്കുന്ന ഓരോരുത്തരെയും പഠനവിധേയരാക്കുക. ഉന്നത ബിരുദങ്ങളേക്കാളുപരി അവരുടെ മനോഭാവത്തിന് മുന്‍തൂക്കം നല്‍കുക. കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും ആത്മസമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കാനും കഴിയുന്ന ജീവനക്കാര്‍ നിങ്ങള്‍ക്കെന്നും ഒരു മുതല്‍ക്കൂട്ടാകും.
 3. ഫാക്റ്ററിയിലെ ജീവനക്കാര്‍ കൂടുതല്‍ ഇടവേളകള്‍ എടുക്കുന്നുവെന്ന സ്ഥിരം പരാതികള്‍ പലപ്പോഴും ഉയരാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ജീവനക്കാര്‍ക്ക് മേല്‍ കര്‍ശനമായ അച്ചടക്ക നിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുനിയാതെ രമ്യമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുക. ഉദാഹരണത്തിന്, കോഴിക്കോട്ടെ ഒരു വനിതാസംരംഭക തന്റെ യൂണിറ്റിലെ എല്ലാ ജീവനക്കാര്‍ക്കും സൗജന്യമായി ഉച്ചഭക്ഷണം നല്‍കും. രാവിലെ ചായയും. ഇപ്പോള്‍ ആ കമ്പനിയിലെ ഒരു ജീവനക്കാരന്‍ പോലും യൂണിഫോം ഇട്ട് ഫാക്റ്ററിയില്‍ കയറിയാല്‍ വൈകീട്ട് ഷിഫ്റ്റ് അവസാനിക്കാതെ പുറത്തിറങ്ങില്ല.
 4. സ്ഥാപനത്തിന്റെ നട്ടെല്ല് ജീവനക്കാരാണെന്ന വസ്തുത അംഗീകരിക്കുക. അവരെ വിശ്വാസത്തിലെടുക്കുക. അവരുമായി താദാത്മ്യം പ്രാപിക്കുക. ടീം വര്‍ക്ക് പ്രോല്‍സാഹിപ്പിക്കുക.
 5. ജീവനക്കാര്‍ക്ക് ജോലികളും ഒപ്പം ഉത്തരവാദിത്തങ്ങളും വീതിച്ചു നല്‍കുക. ആ ജോലികള്‍ ശരിയായ രീതിയിലാണോ മുന്നേറുന്നതെന്ന് ഇടയ്ക്കിടെ പരിശോധിക്കുക. അവശ്യമെങ്കില്‍ കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കുക.
 6. വിജയിയായ ഓരോ സംരംഭകയ്ക്കും പുതിയ അറിവുകള്‍ തേടാന്‍ ഒരുപക്ഷേ സമയം ലഭിച്ചെന്നിരിക്കില്ല. പലരുടെയും വായന പോലും പത്രവായനയില്‍ ഒതുങ്ങും. അങ്ങനെ വരുമ്പോള്‍ പിറകെ വരുന്ന പുതുതലമുറയുടെ ശൈലികളും ഭാഷകളും പോലും അറിയാന്‍ പറ്റാതെ പഴഞ്ചനായി മാറിപോയേക്കും. ഈ ദുരന്തം ഒഴിവാക്കാന്‍ സ്വന്തം മേഖലയിലെ ഏറ്റവും പുതിയ അറിവുകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമോ മറ്റ് കോഴ്സുകളോ പഠിക്കാനുള്ള അവസരം തുറന്നെടുക്കുക. ലോകത്തിന്റെ ഏതു കോണിലിരുന്നും സ്വന്തം ഓഫീസ് പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സാധിക്കുമെന്നിരിക്കെ പഠിക്കാന്‍ വേണ്ടിയുള്ള മാറി നില്‍ക്കല്‍ ഒരുതരത്തിലും സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാനും ശ്രദ്ധിക്കാം.
 7. സര്‍ഗാത്മകതയും സാങ്കേതിക വൈദഗ്ധ്യവും ഏറെ അനിവാര്യമായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ടീമംഗങ്ങള്‍ക്ക് ഏറ്റവും പുതിയ സങ്കേതങ്ങളിലുള്ള അറിവ് നേടിക്കൊടുക്കാന്‍ അവര്‍ക്കായി പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുക. മലപ്പുറത്തെ ഒരു സംരംഭക തന്റെ ജീവനക്കാര്‍ക്ക് ഇത്തരം പരിശീലനങ്ങള്‍ നല്‍കുക മാത്രമല്ല, അവരുടെ അറിവ് അളക്കാന്‍ കൃത്യമായ ഇടവേളകളില്‍ പരീക്ഷകള്‍ വരെ നടത്താറുണ്ട്. സാമ്പത്തികലാഭം മാത്രമല്ല ബൗദ്ധികമായ ഉന്നതിയും ഇന്ന് പല പ്രൊഫഷണലുകളും ലക്ഷ്യമിടുന്നുണ്ട്. അത്തരത്തിലുള്ളവരെ സ്ഥാപനത്തില്‍ പിടിച്ചുനിര്‍ത്താന്‍ ഇത്തരം പരിശീലനങ്ങള്‍ ഉപകരിക്കും.
 8. ഉന്നതമായ നിലവാരം പുലര്‍ത്തുമ്പോള്‍ നിങ്ങള്‍ നല്‍കുന്ന സേവനത്തിനും ഉല്‍പ്പന്നത്തിനും വിപണിയിലെ ഉയര്‍ന്ന വില തന്നെ ഇടേണ്ടിവരും. അത്തരം സന്ദര്‍ഭങ്ങളില്‍ ഉപഭോക്താവിനെ അക്കാര്യം ധരിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ആരായേണ്ടിവരും. അതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് പരമാവധി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുക. അവരുടെ റഫറന്‍സില്‍ നിന്ന് കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കും വിധം അനന്യമായ സേവനം ലഭ്യമാക്കുക.
 9. തിരക്കിനിടെ നിങ്ങള്‍ നിങ്ങളെ മറക്കാതിരിക്കുക. ഓരോ ലക്ഷ്യവും നേടുമ്പോള്‍ നിങ്ങള്‍ നിങ്ങള്‍ക്കു തന്നെ പ്രതിഫലം നല്‍കുക.
 10. സ്ഥാപനത്തില്‍ എന്നും രാവിലെ ഹ്രസ്വമായ പ്രാര്‍ത്ഥന, മോട്ടിവേറ്റ് ചെയ്യാനുതകുന്ന ലഘുപ്രഭാഷണം അല്ലെങ്കില്‍ ലഘുപ്രതിജ്ഞ എന്നിവകൊണ്ട് പ്രവര്‍ത്തനം തുടങ്ങിയാല്‍ ഒരേ മനസോടെ മുന്നേറാനും അന്നത്തെ പ്രവര്‍ത്തനലക്ഷ്യം നേടാനും ടീമിന് പിന്‍ബലമേകും.
 11. വൃത്തി, അടുക്കും ചിട്ടയും, പെരുമാറുന്ന രീതി, ടെലിഫോണ്‍ മര്യാദ തുടങ്ങിയ കാര്യങ്ങളൊക്കെ മല്‍സരാത്മകമായ ഇന്നത്തെ ലോകത്ത് സ്ഥാപനങ്ങളുടെ പ്രതിച്ഛായ നിര്‍ണയിക്കുന്ന ഘടകങ്ങളാണ്. സ്ത്രീകള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ തന്മയത്തത്തോടെ ഇടപെടാനും ശ്രദ്ധിക്കാനും കഴിയും.
 12. അല്‍പ്പം ആസൂത്രണമുണ്ടെങ്കില്‍ കൂടുതല്‍ സമയം കണ്ടെത്താനും അവ ഫലപ്രദമായി വിനിയോഗിക്കാനും കഴിയും. ഉദാഹരണത്തിന് രാവിലെ അല്‍പ്പം സമയം കണ്ടെത്തി അന്നത്തെ കാര്യങ്ങള്‍ ഒന്ന് മനസില്‍ കണ്ട് ഇന്നതൊക്കെ ഇന്ന് നേടണം എന്ന് ഉറപ്പിച്ച് അതെല്ലാം മുന്‍ഗണനാക്രമമനുസരിച്ച് എഴുതി ഫോളോ അപ് ചെയ്താല്‍ കാര്യങ്ങള്‍ പെട്ടെന്ന് ചെയ്യാനാകും ലിസ്റ്റ് അനുസരിച്ച് തന്നെ ചില ദിവസങ്ങളില്‍ കാര്യങ്ങള്‍ നീങ്ങിയെന്നു വരില്ല. അത്തരം അവസരങ്ങളില്‍ അല്‍പ്പം അധികസമയമെടുത്തായാലും അതെല്ലാം ചെയ്തുതീര്‍ക്കാന്‍ ശ്രമിക്കുക. അടുത്ത ദിവസത്തേക്ക് വെച്ചാല്‍ മികച്ചൊരു അവസരം നഷ്ടമായാലോ?
 13. സെയ്ല്‍സ് ടാക്സ്, ഇന്‍കം ടാക്സ്, മറ്റു നിയമ നടപടികള്‍ ഇവയൊക്കെ താരതമ്യേന കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള മേഖലകളാണെങ്കിലും സ്ത്രീകള്‍ ഈ മേഖലകളിലും കാര്യങ്ങളറിഞ്ഞിരിക്കുന്നത് പലപ്പോഴും ഗുണകരമാകും.
 14. പ്രൊഫഷണലുകള്‍ അവര്‍ വൈദഗ്ധ്യം തെളിയിച്ച മേഖല തന്നെ സംരംഭമാരംഭിക്കാന്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍ ആ മേഖലയിലെ ജോലി സ്വയം ചെയ്യാന്‍ മുതിരരുത്. അതും സ്ഥാപന നടത്തിപ്പും ഒരുമിച്ച് കൊണ്ട്പോകുക ബുദ്ധിമുട്ടാണ്.
 15. പല സന്ദര്‍ഭങ്ങളും മാനസികക്ഷോഭമുണ്ടാക്കുകയും പൊട്ടിത്തെറിക്കാന്‍ തോന്നുകയും ചെയ്യുക മനുഷ്യസഹജമാണ്. പക്ഷെ അത്തരം പ്രതികരണങ്ങള്‍ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. അത്തരം അവസരങ്ങളില്‍ മുഷ്ടിചുരുട്ടി 10 വരെ എണ്ണുക. മനസിനെ ശാന്തമാക്കാനും സമചിത്തതയോടെ രണ്ടാമതൊന്ന് ചിന്തിക്കാനും കഴിയും.
 16. ആവര്‍ത്തന വിരസതയുളവാക്കുന്ന സ്ഥിരം ജോലി ചെയ്യുന്നവരെക്കാള്‍ അനുഗ്രഹീതരാണ് സംരംഭകര്‍. അവര്‍ തന്നെയാണ് സ്വന്തം ബോസും. പക്ഷെ ഈ അവസരം അശ്രദ്ധമായി കൈകാര്യംചെയ്യാതെ പുതുമയും ക്രിയാത്മകതയും പരമാവധി ഉപയോഗിച്ച് കസ്റ്റമര്‍ക്കും ജീവനക്കാര്‍ക്കും മറ്റ് അഭ്യുദയകാംക്ഷികള്‍ക്കും അത്ഭുതങ്ങള്‍ നല്‍കാന്‍ ശ്രമിക്കുക.
 17. സ്വന്തം സ്ഥാപനത്തിന് ഉപഭോക്താക്കളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടണമെങ്കില്‍ മികച്ച വില്‍നാനന്തരസേവനം കൂടിയേ കഴിയൂ. യഥാര്‍ത്ഥത്തില്‍ സാധനം വില്‍ക്കുന്നതോടുകൂടി കസ്റ്റമറുമായുള്ള ബന്ധം തീരുകയല്ല, ആരംഭിക്കുകയാണ്. നിങ്ങള്‍ വിറ്റ ഉല്‍പ്പന്നം നിര്‍മിച്ചിരുന്ന കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചാലും തുടര്‍ സേവനം നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയണം.
 18. കമ്പനികള്‍ അവരുടെ ബ്രാന്‍ഡ് വില്‍ക്കാന്‍ പല ഓഫറുകളും നല്‍കും. എന്നാല്‍ വ്യാപാര മേഖലയിലുള്ളവര്‍ വിപണിയുടെയും ബിസിനസിന്റെയും മര്‍മ്മമറിഞ്ഞുള്ള സമീപനം കൈകൊള്ളുക. ഉല്‍പ്പന്നത്തിന്റെ ഗുണമേന്മ കണക്കിലെടുക്കാതെ താല്‍ക്കാലിക ഓഫറുകളുടെ പുറകെ പോകുന്നത് അപകടമാണ്.
 19. ഏതു കാര്യവും വ്യത്യസ്തതയോടെ അവതരിപ്പിക്കാനുള്ള നിങ്ങളുടെ കഴിവും കൂര്‍മ ബുദ്ധിയും സ്ഥിരോല്‍സാഹവും സ്ഥാപനത്തിന്റെ ഉയര്‍ച്ചയ്ക്ക് മുതല്‍ കൂട്ടാകും.
 20. കസ്റ്റമറെ എപ്പോഴും കൂടെ നിര്‍ത്താന്‍ ശ്രദ്ധിക്കുക. സമാന സ്ഥാപനം അടുത്ത് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെങ്കില്‍ അവിടം സന്ദര്‍ശിക്കാന്‍ കസ്റ്റമര്‍ക്ക് തോന്നുന്നത് സ്വാഭാവികം മാത്രമാണ്. എന്നാല്‍ ഊഷ്മളമായ സേവനങ്ങളാണ് നിങ്ങള്‍ നല്‍കുന്നതെങ്കില്‍ അവര്‍ മടങ്ങി എത്തുക തന്നെ ചെയ്യും. അവരിലൂടെ കൂടുതല്‍ പേരിലെക്കെത്തിച്ചേരാന്‍ കഴിയും.
 21. പരാജയങ്ങളില്‍ പതറരുത്. അവയെ പാഠങ്ങളായിക്കരുതി വീണ്ടും വീണ്ടും പ്രയത്നിക്കുക. അന്തിമവിജയം ഉറപ്പാണ്. സ്ത്രീയെന്ന നിലയിലുള്ള ഔദാര്യത്തിനോ അനാവശ്യ പരിഗണനകള്‍ക്കോ നില്‍ക്കാതെ സ്ത്രീയാണെന്നത് കരുത്തായി കാണുക. പതിവ് ചട്ടക്കൂടില്‍നിന്ന് പുറത്ത് വന്ന് എല്ലാവരുടെയും ബഹുമാനമാര്‍ജിക്കുന്ന പ്രവര്‍ത്തനം കാഴ്ചവെക്കുക.
 22. കര്‍മമേഖലയില്‍ ഒന്നാം സ്ഥാനം മാത്രമായിരിക്കണം ലക്ഷ്യം. ആഗോളവല്‍ക്കരണത്തിന്റെ ഇക്കാലത്ത് ചുറ്റും അവസരങ്ങളുടെ കലവറയാണ്. രാജ്യാന്തരതലത്തിലുള്ള മാറ്റങ്ങളറിയാന്‍ കണ്ണും കാതും തുറന്നു വെക്കുക. ഇന്റര്‍നെറ്റിന്റെ സാധ്യതകളുപയോഗെടുത്തുക. ജീവനക്കാര്‍ക്ക് പരിശീലനവും മോട്ടിവേഷനും നല്‍കുക. രാജ്യാന്തര പ്രദര്‍ശനങ്ങളിലും മറ്റും പങ്കെടുക്കുകയും അവസരങ്ങള്‍ തേടുകയും ചെയ്യുക.
 23. ഒരു പ്രശ്നത്തിന് പല തരത്തിലുള്ള പരിഹാരമാര്‍ഗങ്ങളുണ്ടാകും. അതില്‍ അനുയോജ്യമായത് കണ്ടെത്തുന്നതിലാണ് വൈഭവം. പരിഹാരം നിശ്ചയിച്ചുകഴിഞ്ഞാല്‍ എന്തെല്ലാം പ്രലോഭനങ്ങളും ഭീഷണിയുമുണ്ടായാലും അതില്‍ തന്നെ ഉറച്ചു നില്‍ക്കുക.
 24. എല്ലാവരുടെയും ഉള്ളില്‍ ഒരു അഗ്‌നിയുണ്ടാകും. അത് തിരിച്ചറിഞ്ഞ് ആളിക്കത്തിക്കുക. ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ഈ വെളിച്ചം സഹായിക്കും.

ധനം മാഗസിൻ 2009 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ചത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it