ഇന്ന് നിങ്ങൾ അറിയേണ്ട 10 ബിസിനസ് വാർത്തകൾ 

1. ആർബിഐ സർക്കാരുമായി സമവായത്തിൽ

മണിക്കൂറുകൾ നീണ്ട ആർബിഐ ബോർഡ് യോഗത്തിനൊടുവിൽ സമവായം. തർക്കവിഷയങ്ങളിൽ തീരുമാനത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കും. കരുതൽ ധനശേഖരം, ബാങ്ക് വായ്പ, ധനലഭ്യത എന്നിവയെക്കുറിച്ച് ചർച്ചകൾ നടന്നു. ഡിസംബർ 14ന് വീണ്ടും യോഗം ചേരും.

2. എണ്ണ ഉല്പാദനത്തിന് ഒപെക് നിയന്ത്രണമേർപ്പെടുത്തിയേക്കും

എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ഉല്പാദന നിയന്ത്രണമേർപ്പെടുത്തിയേക്കും. പ്രതിദിനം 10 മുതൽ 14 ലക്ഷം ബാരൽ വരെ ഉൽപാദനം കുറയ്ക്കാനാണ് ആലോചന. ഡിസംബർ 6 ന് ചേരുന്ന യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനം എടുക്കും.

3. നിസ്സാൻ മേധാവി കാർലോസ് ഗോൻ അറസ്റ്റിൽ

നിസ്സാൻ മോട്ടോർ കമ്പനിയുടെ ചെയർമാൻ കാർലോസ് ഗോൻ ജപ്പാനിൽ അറസ്റ്റിൽ. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൻമേലാണ് നടപടി. കമ്പനിയുടെ ഡയറക്ടർ ഗ്രെഗ് കെല്ലിയും അറസ്റ്റിലായി.

4. സിറ്റി ഗ്യാസ് പദ്ധതി: നവംബർ 22 ന് മോദി ഉദ്ഘാടനം ചെയ്യും

വടക്കൻ കേരളത്തിലെ ഏഴ് ജില്ലകളിൽ നടപ്പാക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ ഉദ്ഘാടനം നവംബർ 22 ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. പാലക്കാട്, തൃശൂർ, കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്കു പുറമേ മാഹിയിലും പദ്ധതി നടപ്പാക്കും.

5. ശബരിമല: ദേവസ്വം ബോർഡിൻറെ വരുമാനത്തിൽ ഇടിവ്

ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ വരവ് കുറഞ്ഞതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ വരുമാനത്തിൽ വൻ ഇടിവ്. ഇതുവരെ ശബരിമല ക്ഷേത്രത്തിൽ നിന്ന് ലഭിച്ചത് വെറും അഞ്ച്‌ കോടി രൂപയാണ്. കഴിഞ്ഞ വർഷത്തിന്റെ പകുതിയോളം മാത്രം. കെ.എസ്.ആർ.ടി.സി യുടെ വരുമാനത്തിലും ഇടിവുണ്ടായിട്ടുണ്ട്.

6. ആർ. ചന്ദ്രശേഖറും സ്ഥാനമൊഴിഞ്ഞു, യെസ് ബാങ്കിൽ ഇത് മൂന്നാമത്തെ രാജി

യെസ് ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടർ സ്ഥാനത്തുനിന്നും ആർ. ചന്ദ്രശേഖർ രാജി വച്ചു. ഒരാഴ്ചക്കുള്ളിൽ ഇത് മൂന്നാമത്തെ രാജിയാണ്. യെസ് ബാങ്കിന്റെ നോണ്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാനായ അശോക് ചൗള കഴിഞ്ഞയാഴ്ച രാജി സമർപ്പിച്ചിരുന്നു.

7. ഉത്സവ സീസണിൽ ഏറ്റവും കൂടുതൽ പരസ്യം നൽകിയത് എഫ്.എം.സി.ജി കമ്പനികൾ

ഓണം മുതൽ ദീപാവലി വരെ നീണ്ട ഉത്സവ സീസണിൽ ഏറ്റവും കൂടുതൽ ടെലിവിഷൻ പരസ്യങ്ങൾ നൽകിയത് എഫ്.എം.സി.ജി കമ്പനികളെന്ന് റിപ്പോർട്ട്. എഫ്.എം.സി.ജി വമ്പനായ യൂണിലിവറാണ് ഒന്നാം സ്ഥാനത്ത്.

8. എയർ ഇന്ത്യ വിമാനങ്ങൾ വിൽക്കുന്നു

കടക്കെണിയിൽ നിന്ന് കരകയറാൻ എയർ ഇന്ത്യ വിമാനങ്ങൾ വിൽക്കാൻ തയ്യാറെടുക്കുന്നു. ലീസിന് നൽകാനും ആലോചനയുണ്ട്. ഏകദേശം 6100 കോടി രൂപ ഇതിലൂടെ സമാഹരിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.

9. ജെറ്റ് എയർവേയ്സ്: തിരക്കിട്ടുള്ള ഏറ്റെടുക്കൽ ഇല്ല

സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയർവേയ്സിനെ ഏറ്റെടുക്കാനുള്ള തീരുമാനം ടാറ്റ സൺസ് വൈകിപ്പിക്കുമെന്ന് സൂചന. തിരക്കിട്ടുള്ള ഏറ്റെടുക്കൽ വേണ്ടെന്നാണ് ഡയറക്ടർമാരുടെ അഭിപ്രായം. ഇതോടെ ജെറ്റിന്റെ ഓഹരി വില താഴ്ന്നു.

10. ഛത്തീസ്ഗഢിൽ രണ്ടാംഘട്ട വോട്ടെടുപ്പ്

ഛത്തീസ്ഗഢിലെ 90 അംഗ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് രാവിലെ ആരംഭിച്ചു. നക്‌സല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 72 മണ്ഡലങ്ങളിൽ 1079 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it