കേരളത്തിലെ 10 വ്യക്തി ബ്രാന്‍ഡുകള്‍

വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത ചില ആളുകളുണ്ട് നമുക്കിടയില്‍. അവരുടെ

പേരുകളും മുഖങ്ങളും പകരുന്നത് പോസിറ്റിവായ ചിന്തകളാണ്, നമുക്ക് എന്തും സാധ്യമാക്കാം എന്ന വിശ്വാസമാണ്.

ഒരു കമ്പനിയുടെയോ വന്‍ ബിസിനസ് വിജയങ്ങളുടെയോ പിന്‍ബലമില്ലാതെ തന്നെ ബ്രാന്‍ഡായി മാറിയവരാണ് ഇവരില്‍ പലരും. പ്രവൃത്തികളാണ് ഇവര്‍ക്ക് കരുത്താകുന്നത്, മറ്റുള്ളവരെ പ്രചോദിപ്പിക്കാന്‍ കഴിയുന്ന നേട്ടങ്ങളാണ് ഈ വ്യക്തികള്‍ എല്ലാവരും സ്വന്തമാക്കിയിരിക്കുന്നതും. ഇങ്ങനെയുള്ള പത്ത് വ്യക്തികളെയാണ് ഇവിടെ അവതരിപ്പിക്കുന്നത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ജേക്കബ് ജോര്‍ജ് അവതരിപ്പിക്കുന്ന തികച്ചും വ്യത്യസ്തമായ കര്‍മമേഖലകളിലുള്ള പത്ത് പേര്‍.

രാഷ്ട്രീയവും വിദ്യാഭ്യാസവും സിനിമയും ഉള്‍പ്പെടെ വിഭിന്നങ്ങളായ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇവരെല്ലാം ബ്രാന്‍ഡുകളാകുന്നത് വിശ്വാസത്തിന്റെ കരുത്തിലാണ്. ഇവരില്‍ നിന്ന് ഏറെ പ്രതീക്ഷിക്കാം എന്ന വിശ്വാസം കേരളത്തിലെ ജനങ്ങളില്‍ സൃഷ്ടിച്ച വ്യക്തികളെയാണ് ഈ പ്രത്യേക വിഭാഗത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ അടുത്തകാലത്ത് വാര്‍ത്തകളില്‍

നിറഞ്ഞ ഹനാന്‍ വരെയുള്ള ഈ വ്യക്തികള്‍ക്കെല്ലാം ഒരു കാര്യത്തില്‍ സമാനതയുണ്ട് അവരുടെ ചിന്തകളും പ്രവുത്തികളും വേറിട്ടതാണ് എന്നത് തന്നെ. പരമ്പരാഗതമായ കാഴ്ചപ്പാടുകളില്‍ നിന്ന് മാറി ഇവര്‍ സൃഷ്ടിക്കുന്നത് പുതിയ മാറ്റങ്ങളാണ്. കേരളത്തെ ഒന്ന് ഞെട്ടിച്ച്, വിസ്മയിപ്പിച്ച്, ഒരുമിച്ച്

നാളെയിലേയ്ക്ക് നടക്കാന്‍ പ്രേരിപ്പിക്കുന്ന ഇവര്‍ എങ്ങനെ ബ്രാന്‍ഡുകള്‍ അല്ലാതാകും?

1. പിണറായി വിജയന്‍

മാധ്യമങ്ങള്‍ ഇത്രയേറെ വളഞ്ഞിട്ട് അക്രമിച്ചിട്ടുള്ള ഒരു രാഷ്ട്രീയ നേതാവ് കേരളത്തില്‍ ഇല്ല. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ.കരുണാകരന്റെ പേര് ഓര്‍മിച്ചുകൊണ്ടുതന്നെയാണ് പിണറായിയുടെ കാര്യം പറയുന്നത്. ഒരിക്കലും പതറാതെ മുന്നോട്ടുതന്നെ നീങ്ങി പിണറായി വിജയന്‍. മുഖ്യമന്ത്രി സ്ഥാനത്ത് രണ്ടു വര്‍ഷം പിന്നിട്ട പിണറായിക്ക് കേരളത്തിന്റെ വികസനത്തിന് പുതിയൊരു ദിശാബോധം നല്‍കാന്‍ കഴിഞ്ഞിരിക്കുന്നു.

കാര്യങ്ങള്‍ വളരെ വേഗം മനസിലാക്കാനുള്ള ശേഷി, അത്ര വേഗത്തില്‍ത്തന്നെ തീരുമാനമെടുക്കാനുള്ള കഴിവ്, കാര്യങ്ങള്‍ വ്യക്തതയോടെ വിശദീകരിക്കാനുള്ള ശേഷി - ഇതൊക്കെയാണ് പിണറായി വിജയനെ മികവുള്ള ഒരു ഭരണാധികാരിയാക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരമേറ്റ സമയത്താണ് ആറന്മുള വിമാനത്താവള പദ്ധതിയുടെ നേതൃത്വത്തിലുള്ളവര്‍ മുഖമന്ത്രിയെ കണ്ടത്. സംസാരം തുടങ്ങിയ പാടേ മുഖ്യമന്ത്രി പറഞ്ഞു- ''ആറന്മുള വിമാനത്താവള പദ്ധതി വേണ്ട എന്നുതന്നെയാണ് സര്‍ക്കാര്‍ തീരുമാനം. അതേക്കുറിച്ചാണെങ്കില്‍ കൂടുതലൊന്നും പറയേണ്ടതില്ല'' വന്നവര്‍ ഉടന്‍ മടങ്ങി.

നിസാന്റെ പദ്ധതിയെക്കുറിച്ച് പറയാന്‍ ഐ.റ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹരി ഗോപിനാഥനും റോബിന്‍ അലക്‌സ് പണിക്കരുമാണ് മുഖ്യമന്ത്രിയെ കാണാന്‍ ഓഫീസിലെത്തിയത്. 'നിസാന്‍ കമ്പനി പുതിയ ഐ.റ്റി ഹബ് സ്ഥാപിക്കാന്‍ ലോകത്തെ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥലം നോക്കുകയാണ്. ലോകമെങ്ങും നടക്കുന്ന ഗവേഷണത്തിന്റെ കേന്ദ്രമായിരിക്കും ഈ ഡിജിറ്റല്‍ ഹബ് '' ഹരിയും റോബിനും വിശദീകരിച്ചു തുടങ്ങി.

അഞ്ചു വാചകം കഴിഞ്ഞപ്പോഴേ മുഖ്യമന്ത്രി ഇടപെട്ടു. ''അപ്പോള്‍ തിരുവനന്തപുരം അതിന് എന്തുകൊണ്ടും യോജിച്ചതാണെന്ന് നമ്മള്‍ അവരെ അറിയിക്കണം, അത്രയല്ലേ വേണ്ടൂ, മുഖ്യമന്ത്രിയുടെ മറുപടി. ഇരുവരും പരുങ്ങി നിന്നപ്പോള്‍ പിണറായി തുടര്‍ന്നു. ''വിശദമായ ഒരു കുറിപ്പ് നിങ്ങള്‍തന്നെ തയാറാക്ക്. ഞാന്‍ നിസാന് കത്തയയ്ക്കാം.'' എല്ലാംകൂടി നാലര മിനിറ്റ് മാത്രം. നിസാനെക്കുറിച്ച് മനസിലാക്കിയ പിണറായി വിജയന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ആ വലിയ തീരുമാനമെടുത്തു.

അടുത്ത ദിവസംതന്നെ മുഖ്യമന്ത്രിയുടെ വിശദമായ സന്ദേശം ജപ്പാനിലേക്ക്. നിസാന്റെ മറുപടി അന്നുതന്നെ. കിഫ്ബി സി.ഇ.ഒയും മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ.കെ.എം. ഏബ്രഹാമും ഐ.റ്റി സെക്രട്ടറി എം. ശിവശങ്കറും യോക്കോഹോമയിലേക്ക്. ഒമ്പതംഗ നിസാന്‍ സംഘം തിരുവനന്തപുരത്ത്. കേന്ദ്ര ഐ.റ്റി മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും തിരുവന്തപുരം എം.പി ശശി തരൂരും സംഘവുമായി സംസാരിക്കുന്നു. കേരളത്തിന്റെ ഐ.റ്റി ഭൂപടത്തിലേക്ക് നിസാന്‍ അതിവേഗം ഓടിക്കയറുകയായിരുന്നു.

'നിസാന്റെ വരവ് കേരളത്തില്‍ വലിയ മാറ്റമുണ്ടാക്കും. ധാരാളം സ്ഥാപനങ്ങള്‍ ഇങ്ങോട്ടേയ്ക്ക് വരാന്‍ തയാറെടുക്കുന്നു.'' പിണറായി പറയുന്നു.

സി.പി.എമ്മില്‍ മികച്ച സംഘാടകനായി പേരെടുത്ത പിണറായി വിജയന്‍ നല്ലൊരു ഭരണകര്‍ത്താവായി വളരുകയാണ്. ഇതൊക്കെ പിണറായിക്കു മാത്രമേ കഴിയൂ എന്ന് ആളുകള്‍ പറഞ്ഞുതുടങ്ങിയിരിക്കുന്നു.

2. ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടി കേരളത്തില്‍ എവിടെചെന്നാലും ആള് ചുറ്റും കൂടും. മുഖ്യമന്ത്രി സ്ഥാനവും സംഘടനാ നേതൃപദവിയുമൊന്നുമില്ലെങ്കിലും ഉമ്മന്‍ചാണ്ടിയുടെ ജനസമ്മതിക്ക് കുറവൊന്നുമുണ്ടാവില്ല. അക്ഷരാര്‍ത്ഥത്തില്‍ എല്ലാം തികഞ്ഞ ഒരു ജനകീയ നേതാവ്.

മുഖ്യമന്ത്രിയായിരുന്നപ്പോഴും സ്ഥാനമൊന്നുമില്ലാത്തപ്പോഴും എതിര്‍പ്പുകളുടെ കുന്തമുന ഏറെ നേരിട്ടയാളാണ് ഉമ്മന്‍ചാണ്ടി. സോളാര്‍ വിവാദം കത്തിനിന്നപ്പോള്‍ മാധ്യമങ്ങള്‍ അദ്ദേഹത്തെ വളഞ്ഞാക്രമിച്ചു. സ്വന്തം പാര്‍ട്ടിയില്‍ നിന്നും ഉയര്‍ന്ന എതിര്‍പ്പ് വേറെ. പ്രതിപക്ഷം അതിശക്തമായ സമരമുറകള്‍ അഴിച്ചുവിട്ടു.

മുഖ്യമന്ത്രിയായിരിക്കെ തിരിച്ചടികളൊട്ടേറെ നേരിട്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ഭരണതുടര്‍ച്ചയുണ്ടാവുമെന്നദ്ദേഹം കണക്കുകൂട്ടി. അതനുസരിച്ചുതന്നെ കടുത്ത പ്രചാരണ തന്ത്രവും രൂപീകരിച്ചു. പക്ഷെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പല സംഭവ വികാസങ്ങളുമുണ്ടായി. മുഖ്യമന്ത്രിയെ പ്രതികൂട്ടിലാക്കാന്‍ കെ.പി.സി.സി അധ്യക്ഷനായ വി.എം സുധീരന്‍ തന്നെ മുന്നിട്ടിറങ്ങി. സുധീരനെ വിലക്കാന്‍ ഹൈക്കമാന്‍ഡോ എ.കെ ആന്റണിയോ ഒരു സമയത്തും തുനിഞ്ഞില്ല. തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി പരാജയപ്പെട്ടു.

പാര്‍ട്ടിയിലോ മുന്നണിയിലോ ഒരു സ്ഥാനവും വേണ്ടെന്നു പറഞ്ഞു മാറിനിന്ന ഉമ്മന്‍ചാണ്ടിയെ സ്വാധീനിക്കാന്‍ ഹൈക്കമാന്‍ഡ് ആവതു ശ്രമിച്ചെങ്കിലും ഉമ്മന്‍ചാണ്ടി വഴങ്ങിയില്ല. അതേസമയം സംസ്ഥാനത്തുടനീളം ഓടിനടന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മുഴുകി. കേരളത്തിലെ കോണ്‍ഗ്രസിനും ഐക്യജനാധിപത്യ മുന്നണിക്കും ഉമ്മന്‍ചാണ്ടിയില്ലാതെ തിരിച്ചുവരവ് സാധ്യമല്ലെന്ന് പാര്‍ട്ടിക്കാര്‍തന്നെ പറഞ്ഞുതുടങ്ങി. സുധീരനാവട്ടെ, ആരോടും മിണ്ടാതെ കെ.പി.സി.സി അധ്യക്ഷപദം രാജിവെച്ചൊഴിഞ്ഞ് ഇന്ദിരാഭവന്റെ പടിയിറങ്ങി.

ഹൈക്കമാന്‍ഡ് ഉമ്മന്‍ചാണ്ടിക്ക് വലിയ ദൗത്യം നല്‍കി ആന്ധ്രപ്രദേശിലയ യ്ക്കുകയാണ് ചെയ്തത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കിക്കൊണ്ട്. പിന്നാലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗത്വവും അദ്ദേഹത്തെ തേടിയെത്തി. കേരളത്തില്‍ മികച്ച സംഘാടകനായി പേരെടുത്ത ഉമ്മന്‍ചാണ്ടി, ആന്ധ്രപ്രദേശില്‍ നാമാവശേഷമായിക്കഴിഞ്ഞ കോണ്‍ഗ്രസിനെ പുനഃസംഘടിപ്പിക്കാനുള്ള കഠിനാധ്വാനത്തിലാണ്.

3. ശശി തരൂര്‍

'Exasperating farrago of distortions, misrepresentations & outright lies being broadcast by an unprincipled showman masquerading as journalist.'

2017 മെയ് എട്ടിന് ശശി തരൂര്‍ ഇട്ട ട്വിറ്റര്‍ പോസ്റ്റ് ലോകമെങ്ങും സംസാരവിഷയമായി. ഈ വിശേഷാല്‍ സന്ദേശത്തിലെ വാക്കുകളുടെ അര്‍ത്ഥമറിയാന്‍ പലതരം ഡിക്ഷണറി പരതി, അതിലേറെ, ഈ സംസാരത്തിന്റെ ചൂടും ചൂരും ഏറെ ശ്രദ്ധിക്കപ്പെട്ടു. തനിക്കെതിരെ രൂക്ഷമായ രീതിയില്‍ ആരോപണമുന്നയിച്ച പ്രമുഖ ദേശീയ ഇംഗ്ലീഷ് ചാനല്‍ മേധാവിക്ക് അതിലും രൂക്ഷമായ മറുപടിയിലൂടെ തിരിച്ചടിച്ച ശശി തരൂര്‍ അത്ര കണ്ട് ഉപയോഗിച്ചിട്ടില്ലാത്ത വാക്കുകളും പ്രയോഗങ്ങളും തെരഞ്ഞെടുത്ത് കണിശത്തോടെ പ്രയോഗിക്കുകയായിരുന്നു.

അതാണ് ഡോ. ശശി തരൂര്‍. തിരുവനന്തപുരത്ത് നി ന്നുള്ള ഈ ലോക് സഭാംഗം എന്ത് സംസാരിച്ചാലും ട്വിറ്ററിലോ ഫേസ്ബുക്കിലോ എന്ത് കുറിച്ചാലും വാര്‍ത്തയാവും. പിന്നാലെ വിവാദവും.

ഐക്യരാഷ്ട്രസഭയുടെ അണ്ടര്‍സെക്രട്ടറി ജനറല്‍ പദവി വരെ ഉയര്‍ന്ന തരൂര്‍ കൃത്യമായ കണക്കുകൂട്ടലോടു കൂടിത്തന്നെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലിറങ്ങിയത്. ആദ്യ മല്‍സരത്തില്‍തന്നെ തിരുവനന്തപുരത്തുനിന്ന് ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെ ലോക്‌സഭയിലേക്ക്. പിന്നീട് സുനന്ദാ പുഷ്‌കറുമായുള്ള വിവാഹവും ഐ.പി.എല്‍ ഓഹരി വിവാദത്തിന്റെ പേരില്‍ രാജിയും. എന്നിട്ടും വീണ്ടും മന്ത്രിസഭയിലേക്ക്. വിവാദങ്ങളും ആരോപണങ്ങളും ആക്ഷേപങ്ങളും ഏറെയുണ്ടായിട്ടും ശശി തരൂര്‍ 2014ലെ തെരഞ്ഞെടുപ്പിലും തിരുവനന്തപുരത്തുനിന്ന് നല്ല ഭൂരിപക്ഷത്തോടെ വിജയിച്ചു.

ഏത് പ്രതിസന്ധി ഘട്ടത്തെയും നേരിടാനുള്ള ശേഷിയാണ് ശശി തരൂരിന്റെ മുഖമുദ്ര. ഹിന്ദുത്വവാദവും വിഭാഗീയതയുമൊക്കെ പറയുന്ന ബി.ജെ.

പിയെ നേരിടാന്‍ ശശി തരൂര്‍ ഞാന്‍ ഹിന്ദുവാണെന്ന് ഉറക്കെ പറയുകയാണ്. 'വൈ ഐ ആം എ ഹിന്ദു' എന്ന പുസ്തകം വഴി സ്വന്തം വിശ്വാസപ്രമാണം ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു ശശി തരൂര്‍. 'ആധുനിക കാലഘട്ടത്തില്‍ ലോകത്തിന് ഏറ്റവും യോജിച്ച മതം ഹിന്ദു മതമാണ്. വിവിധ ആശയങ്ങളെയും വിശ്വാസങ്ങളെയും ആദരിക്കുന്ന മതമാണത്. ഹിന്ദുവാണെന്നതില്‍ അഭിമാനിക്കുന്നുവെന്ന് പറയുകയും ഹിന്ദുവല്ലാത്തവരെ നിന്ദിക്കുകയും അവരുടെ തലയ്ക്കടിക്കുകയും ചെയ്യുന്ന രീതി യഥാര്‍ത്ഥ ഹിന്ദുവിന്റെ രീതിയല്ല,'' ശശി തരൂര്‍ പറയുന്നു. ബി.ജെ.പി ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വന്നാല്‍ ഇന്ത്യ 'ഹിന്ദു പാക്കിസ്ഥാനാ'കുമെന്നും തരൂര്‍ പറഞ്ഞതിന്റെ പൊരുളും അതുതന്നെ. പ്രസ്താവന വിവാദമായപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം കൈവിട്ടുവെങ്കിലും തരൂര്‍ പ്രസ്താവനയില്‍ ഉറച്ചുനിന്നു.

ചൂടും ചൂരുമുള്ള വാക്കുകളും പ്രയോഗങ്ങളുമായി ശക്തമായ രീതിയില്‍ പ്രസംഗിക്കാനുള്ള ശേഷിയാണ് ശശി തരൂരിന്റെ വലിയ പ്രത്യേകത. നല്ല എഴുത്തുകാരന്‍ കൂടിയായ തരൂര്‍ എഴുതിയ പുസ്തകങ്ങളും ഏറെ. ഒക്കെയും സ്വന്തം ധിഷണയും ഉയര്‍ന്ന ബൗദ്ധിക നിലവാരവും വിളിച്ചു പറയുന്നവ. 'ആന്‍ ഇറാ ഓഫ് ഡാര്‍ക്‌നെസ്' 'ദ ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍', 'പാക്‌സ് ഇന്‍ഡിക്ക' എന്നിങ്ങനെ ഏറ്റവുമൊടുവില്‍ 'വൈ ഐ ആം എ ഹിന്ദു' എന്ന പുസ്തകം വരെ.

പ്രസംഗവും എഴുത്തുമാണ് ശശി തരൂരിന്റെ വ്യക്തിത്വത്തിന്റെ മുഖമുദ്ര. 2015ല്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിയന്‍ ഡിബേറ്റില്‍ തരൂര്‍ നടത്തിയ പ്രസംഗം തന്നെ ഉദാഹരണം. ഇംഗ്ലണ്ട് മുമ്പ് കോളനികളാക്കി അടക്കി ഭരിച്ചിരുന്ന ഇന്ത്യപോലെയുള്ള രാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമോ എന്ന വിഷയത്തിന്മേല്‍ നടന്ന ഡിബേറ്റില്‍ സംസാരിച്ച തരൂര്‍ ബ്രിട്ടനെതിരെ കത്തിക്കയറുകയായിരുന്നു. ജനാധിപത്യത്തെപ്പറ്റി പ്രസംഗിക്കുന്ന ബ്രിട്ടന്‍ 200 വര്‍ഷം ഇന്ത്യക്കാര്‍ക്ക് ജനാധിപത്യാവകാശം നിഷേധിച്ച് അടിച്ചമര്‍ത്തി ഭരിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആക്ഷേപിച്ചു.

2019ലെ തെരഞ്ഞെടുപ്പ് നേരിടാന്‍ ഒരുക്കൂട്ടുന്ന ശശി തരൂരിന് പിന്നാലെ ഡല്‍ഹി പോലീസിന്റെ കേസുമുണ്ട്. സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തില്‍ ഉത്തരവാദിത്തം ചാര്‍ത്തിക്കൊണ്ടുള്ള കേസ്. രാഹുല്‍ ഗാന്ധിയുടെ അണിയറ നീക്കങ്ങളില്‍ സുപ്രധാന പങ്കുവഹിക്കുന്ന ശശി തരൂര്‍ കണക്കുകളൊക്കെയും കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചും തന്നെയാണ് ഓരോ ചുവടും വെയ്ക്കുന്നത്.

നയതന്ത്ര മേഖലയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയ ശശി തരൂര്‍ മികവുള്ള രാഷ്ട്രീയക്കാരനായി വളര്‍ന്നിരിക്കുന്നു. വാക്കിലും നോക്കിലും എഴുത്തിലുമെല്ലാം രാഷ്ട്രീയം നിറഞ്ഞുനില്‍ക്കുന്നു.

4. ശ്രീധരന്‍ പിള്ള

കുമ്മനം രാജശേഖരനുശേഷം കേരളത്തില്‍ ബി.ജെപിക്ക് ഒരു പ്രസിഡന്റിനെ കണ്ടെത്താന്‍ ചര്‍ച്ചകള്‍ പലത് നടന്നെങ്കിലും തീരുമാനമുണ്ടാവാതെ കാര്യങ്ങള്‍ നീണ്ടുപോയി. അവസാനം ചെങ്ങന്നൂര്‍ക്കാരന്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ പേര് ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുകയായിരുന്നു.

അഭിപ്രായ വ്യത്യാസമേതുമില്ലാതെ കേരളത്തിലെ പാര്‍ട്ടി - അത് സര്‍വാത്മനാ അംഗീകരിക്കുകയും ചെയ്തു. ഏവരും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് ശ്രീധരന്‍ പിള്ളയുടേത്. സൗമ്യമായ വാക്കും നോക്കുമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. നിലപാടുകളില്‍ ഉറച്ചു നി ല്‍ക്കുമ്പോഴും അത് പറയാന്‍ അദ്ദേഹം തികച്ചും മൃദുവായ വാക്കുകള്‍ മാത്രമേ ഉപയോഗിക്കൂ.

എതിരാളികളോട് എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടു മാത്രമേ സംസാരിക്കൂ. ആക്രോശമോ, അധിക്ഷേപമോ തെല്ലുമില്ലാത്ത സംഭാഷണ രീതി.

2003 മുതല്‍ 2006 വരെ ബിജെപി സംസ്ഥാന പ്രസിഡന്റായിട്ടുണ്ട് ശ്രീധരന്‍ പിള്ള. ലക്ഷദ്വീപിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. 2004ലെ പൊതുതെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴയില്‍ സ്വതന്ത്രനായി മല്‍സരിച്ച പി.സി തോമസിന്റെ വിജയം ശ്രീധരന്‍പിള്ളയ്ക്ക് വലിയ നേട്ടമായി. നേരത്തെ എ.ബി വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്നു പി.സി തോമസ്.

എ.ബി.വി.പിയിലൂടെ രാഷ്ട്രീയത്തില്‍ വന്ന ശ്രീധരന്‍പിള്ളയുടെ ഏറ്റവും വലിയ കരുത്ത് സംഘടനാതലത്തില്‍ അദ്ദേഹത്തിനുള്ള സ്വാധീനമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ മല്‍സരിച്ച ശ്രീധരന്‍

പിള്ള ജയിച്ചില്ലെങ്കിലും തന്റെ സ്വാധീനം തെളിയിച്ചു.

ഐക്യജനാധിപത്യ മുന്നണിക്കും ഇടതുപക്ഷത്തിനുമിടയ്ക്ക് ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന ബിജെപിയുടെ നെടുനായകത്വം വഹിക്കുന്ന ശ്രീധരന്‍പിള്ള കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലെത്തി നില്‍ക്കുന്നു. മുന്നില്‍ വെല്ലുവിളികളേറെ.

5. കെ.എം ഏബ്രഹാം

സഹാറാ ഗ്രൂപ്പ് എന്ന വന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ തലവന്‍ സുബ്രതാ റോയിയുടെയും സഹാറാ ഗ്രൂപ്പിന്റെയും അഴിമതിയും കള്ളത്തരവുമെല്ലാം വെളിച്ചത്തു കൊണ്ടുവന്നത് സെബിയില്‍ (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അംഗമായിരുന്ന മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കെ.എം ഏബ്രഹാമായിരുന്നു.

ഐ.എ.എസുകാരനാണെങ്കിലും ഏറെ മികവുള്ള കുറ്റാന്വേഷകനാണ് കണ്ടത്തില്‍ മാത്യു ഏബ്രഹാം. സാമ്പത്തിക കുറ്റാന്വേഷണത്തില്‍ പ്രത്യേകിച്ച്. കണക്കുകളിലെ കുരുക്കും പണത്തിന്റെ വഴിവിട്ടുള്ള ഒഴുക്കുമെല്ലാം ഏബ്രഹാമിന്റെ സൂക്ഷ്മദൃഷ്ടിയില്‍പ്പെടുകതന്നെ ചെയ്യും.

എപ്പോഴും സര്‍ക്കാരിന്റെ വിശ്വസ്ത സേവകനായിരുന്നു കെ.എം ഏബ്രഹാം. ഇടതു ഭരണമായാലും യു.ഡി.എഫ് ഭരണമായാലും. പ്രത്യേകിച്ച് ധനകാര്യ വകുപ്പില്‍. 1996ല്‍ നായനാരുടെ കാലത്ത് ധനകാര്യ സെക്രട്ടറിയായിരുന്ന ഏബ്രഹാമാണ് ദരിദ്ര ജനവിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ട മോഡേണൈസിംഗ് ഗവണ്‍മെന്റ് പ്രോഗ്രാം നടപ്പിലാക്കിയത് ആ സമയത്ത് സംസ്ഥാനത്തിന് ആദ്യമായി വിദേശ സഹായവും കിട്ടി - 1300 കോടി രൂപ.

സിവില്‍ സര്‍വീസിന്റെ അടിസ്ഥാന മൂല്യങ്ങളിലൊന്നായ നിഷ്പക്ഷതയായിരുന്നു ഏബ്രഹാമിന്റെ എപ്പോഴത്തെയും നിലപാട്. തെരഞ്ഞെടുക്കപ്പെടുന്ന നേതാക്കള്‍ക്കാണ് ഭരണം നടത്താനുള്ള അവകാശമെന്നും അവരുടെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതാണ് ഉദ്യോഗസ്ഥരുടെ കടമയെന്നും അദ്ദേഹം വിശ്വസിക്കുന്നു. 1982ല്‍ ഐ.എ.എസില്‍ ചേര്‍ന്ന ഏബ്രഹാം പത്ത് സംസ്ഥാന ബജറ്റുകള്‍ തയാറാക്കുന്നതില്‍ ക്രിയാത്മകമായ പങ്കുവഹിച്ചു.

വിവിധ വിജ്ഞാന മേഖലകളിലുള്ള പ്രാവീണ്യമാണ് ഏബ്രഹാമിന്റെ ഏറ്റവും വലിയ നേട്ടം. കേരള സര്‍വകലാശാലയില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദവും കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ നിന്ന് എം.ടെകും നേടിയ അദ്ദേഹം മിഷിഗണ്‍ സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡിയും നേടിയിട്ടുണ്ട്. പിന്നീട് അമേരിക്കയില്‍ നിന്നുതന്നെ ചാര്‍ട്ടേര്‍ഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് (സി.എഫ്.എ) ലൈസന്‍സ്ഡ് ഇന്റര്‍നാഷണല്‍ അനലിസ്റ്റ് എന്നീ യോഗ്യതകളും നേടി. മെഷീന്‍ ലേണിംഗ്, ബിഗ് ഡാറ്റ, ഡാറ്റ അനാലിസിസ് എന്നിങ്ങനെ പുതിയ മേഖലകളിലേക്കും നീളുന്നു ഏബ്രഹാമിന്റെ പഠനം.

ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നു വിരമിച്ച ഉടനെ ഏബ്രഹാമിന് വലിയ ചുമതലകള്‍ നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ കൗണ്‍സിലിന്റെ ചുമതലയാണ് അതില്‍ പ്രധാനം. കിഫ്ബിയുടെ നേതൃത്വവും അദ്ദേഹത്തിന് തന്നെ. ബജറ്റിനതീതമായി സംസ്ഥാനത്തിന്റെ വലിയ വികസനത്തിന് പണം കണ്ടെത്തുകയാണ് ദൗത്യം. കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടി ലക്ഷ്യം വെയ്ക്കുന്നത് ഇതുതന്നെ. മൂന്നു വര്‍ഷംകൊണ്ട് 25000 കോടി രൂപയെങ്കിലും സമാഹരിക്കുക.

6. ആന്റണി തോമസ്

ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളി ലൊന്നായ നിസാന്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുകയാണ്. മലയാളിയായ ആന്റണി തോമസിന്റെ നേതൃത്വത്തില്‍.

കേരളത്തിലേക്ക് നിസാന്റെ വരവ് വലിയൊരു മാറ്റത്തിന്റെ തുടക്കമാണ്. 1991ല്‍ ടെക്‌നോപാര്‍ക്ക് തുടങ്ങിയത് ഐ.റ്റി മേഖലയില്‍ കേരളത്തിന്റെ വലിയൊരു കുതിച്ചുചാട്ടമായിരുന്നുവെങ്കില്‍ 2018ല്‍ തിരുവനന്തപുരത്തേക്ക് നിസാന്‍ കടന്നുവരുന്നത് വളര്‍ച്ചയുടെ പുതിയൊരു ഘട്ടം കുറിച്ചുകൊണ്ടാണ്. നിസാനു

പിന്നാലെ ലോകത്തിലെ വലിയ ഐ.റ്റി സ്ഥാപനങ്ങള്‍ തിരുവനന്തപുരം ലക്ഷ്യമിടുന്നു. ടെക് മഹീന്ദ്ര ടെക്‌നോപാര്‍ക്കില്‍ത്തന്നെ സ്ഥലം എടുത്തുകഴിഞ്ഞു. മൈക്രോസോഫ്റ്റ് നേതൃത്വം നിസാനുമായിത്തന്നെ നേരിട്ടു സംസാരിക്കുന്നു. ഐ.റ്റി രംഗത്തെ വമ്പന്‍ സ്ഥാപനങ്ങളിലൊന്നായ ജാപ്പനീസ് കമ്പനി ഫ്യൂജിറ്റ്‌സു കേരളത്തിലെത്താനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു.

തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളെജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സില്‍ ബിടെക്ക് പഠിക്കുന്ന കാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലായിരുന്നു ടോണി എന്ന് കൂട്ടുകാര്‍ വിളിക്കുന്ന പാലാ സ്വദേശി ആന്റണി തോമസിന് താല്‍പ്പര്യം. അതുകൊണ്ടുതന്നെ അധ്യാപകര്‍ ജയിക്കാന്‍ വേണ്ട ഇന്റേണല്‍ മാര്‍ക്ക് കൊടുത്തിരുന്നില്ല. ബുദ്ധിമുട്ടി എന്‍ജിനീയറിംഗിന്റെ കടമ്പ കടന്നു പിന്നെ ചെന്നൈയില്‍ കുറേക്കാലം കഷ്ടപ്പാട് നിറഞ്ഞ ജോലി. ഒരുവിധത്തില്‍ അമേരിക്കയിലേക്ക്. നേതൃഗുണങ്ങളും സംഭാഷണശേഷിയും ഏറെയുള്ള ടോണിക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.

സിറ്റി ബാങ്കിന്റെ ഗ്ലോബല്‍ ഡിജിറ്റല്‍ ഓഫീസര്‍, വോഡഫോണ്‍ ഇന്ത്യയുടെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (സി.ഐ.ഒ) എന്നിങ്ങനെ ഉന്നത നിലകളിലേയ്ക്കുള്ള വളര്‍ച്ച പെട്ടന്നായിരുന്നു. ജനറല്‍ ഇലക്ട്രിക്ക് (ജി.ഇ) എന്ന വമ്പന്‍ അമേരിക്കന്‍ കമ്പനിയുടെ ഗ്ലോബല്‍ സി.ഐഒ സ്ഥാനവും ടോണിയെ തേടിയെത്തി. അമേരിക്ക ഒഴികെയുളള ലോകത്തെ എല്ലാ ദേശങ്ങളിലുമുള്ള ജി.ഇ സ്ഥാപനങ്ങളുടെ ഐ.റ്റി പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ചുമതല. ബാംഗ്ലൂര്‍ ആയിരുന്നു ആസ്ഥാനം.

2017 ഒക്‌റ്റോബര്‍ 23ന് ജപ്പാനിലെ യോക്കോഹാവയില്‍ നിസാന്‍ സി.ഐഒ ആയി ചുമതലയേറ്റ ടോണി ഒരു ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ് സ്ഥാപിക്കാന്‍ ലോകമാകെ പരതി. കൂട്ടത്തില്‍ തിരുവനന്തപുരവും. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ തിരുവനന്തപുരത്തിന്റെ പ്രത്യേകതകള്‍ വിശദീകരിച്ച് നിസാന് കത്തയച്ചു. പിന്നെ തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി ഒരു സ്വകാര്യ കൂടിക്കാഴ്ച. കാര്യങ്ങള്‍ നീങ്ങിയത് പെട്ടെന്നായിരുന്നു. നിസാന്‍ ഡിജിറ്റല്‍ ഹബ് മുഖ്യമന്ത്രി തന്നെ ഉദ്ഘാടനം ചെയ്തു. ഡ്രൈവറില്ലാ കാര്‍ ഉള്‍പ്പടെയുള്ള സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ ഗവേഷണങ്ങളും പഠനങ്ങളും തിരുവനന്തപുരത്ത് തുടങ്ങിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും പ്രഗല്‍ഭരായ ഗവേഷകരെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ് ടോണി.

7. വി.കെ.സി മമ്മദ് കോയ

ദാരിദ്ര്യത്തിലായിരുന്നു ജനനം. ദയനീയമായ ബാല്യകാലം. വെറും ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രം കൈമുതല്‍. കന്യാകുമാരിയില്‍ ഒരു തീപ്പെട്ടി കമ്പനിയില്‍ തൊഴിലാളിയായും ചായക്കടക്കാരനായുമൊക്കെ തള്ളി നീക്കിയ ചെറുപ്പകാലം. വി.കെ.സി മമ്മദ് കോയയുടെ ചെറുപ്പകാലത്തെ ജീവിതത്തിന് ഒട്ടും നിറപ്പകിട്ടുണ്ടായിരുന്നില്ല. തീപ്പെട്ടിക്കമ്പനിയില്‍ തൊഴിലെടുക്കവേ സ്ഥാപനം പിരിച്ചുവിട്ടപ്പോഴാണ് ആ യുവാവിന്റെ മനസില്‍ സ്വപ്‌നങ്ങള്‍ തളിരിട്ടത്. തീപ്പെട്ടിക്കമ്പനികള്‍ക്ക് അസംസ്‌കൃത വസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്ന ഒരു ബിസിനസ് തുടങ്ങി ആദ്യം. പിന്നീട് ഹാവായി ചപ്പല്‍ നിര്‍മാണത്തിലേക്ക് തിരിഞ്ഞു. പുതിയൊരു ബിസിനസിന്റെ തുടക്കമായിരുന്നു അത്.

ഇതിനിടയ്ക്കു തന്നെ രാഷ്ട്രീയ പ്രവര്‍ത്തനവും തുടങ്ങി അദ്ദേഹം. തൊഴിലാളി പ്രവര്‍ത്തനത്തിന്റെ ഭാഗമായി സി.പിഎമ്മില്‍ സജീവമായി. 30 ലക്ഷം രൂപ മുതല്‍ മുടക്കുമായി 20 തൊഴിലാളികളെയുംകൊണ്ടു തുടങ്ങിയ ചപ്പല്‍ ബിസിനസ് അതിവേഗം വളര്‍ന്നു. പാവപ്പെട്ട തൊഴിലാളികള്‍ക്കു പറ്റിയ ചപ്പല്‍ വിലക്കുറവുകൊണ്ടും ഗുണമേന്മ കൊണ്ടും വലിയ വളര്‍ച്ച നേടി. തായ്‌വാനില്‍ നിന്നും പിവിസി ചെരുപ്പുകള്‍ വന്നു തുടങ്ങിയോടെ വി.കെ.സി പുതിയ വഴികള്‍ തേടി. യൂറോപ്പില്‍ നിന്ന് അത്യാധുനിക യന്ത്രസാമഗ്രികള്‍ വരുത്തി പിവിസി യുഗത്തിലേക്ക് കടന്നു. പിന്നീട് പോളിയുറത്തീന്‍ ചെരുപ്പുകളിലേക്കെത്തി.

മരക്കച്ചവടത്തിന്റെയും ഓടു കച്ചവടത്തിന്റെയുമൊക്കെ പേരില്‍ അറിയപ്പെട്ടിരുന്ന കോഴിക്കോടിന്റെ മുഖഛായ മാറ്റിയവരില്‍ പ്രമുഖനാണ് വി.കെ.സി മമ്മദ് കോയ. വി.കെ.സി ബ്രാന്‍ഡ് കോഴിക്കോട് ചുവടുറപ്പിച്ച് കേരളം മുഴുവന്‍ വളര്‍ന്നു.

പിന്നെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക്. അതിനുശേഷം മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കും ഗള്‍ഫ് നാടുകളിലേക്കും. ഇന്ന് വികെസിയുടെ വാര്‍ഷിക വിറ്റുവരവ് 2000 കോടി രൂപയിലേറെ.

മലബാറില്‍ ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സി.പി.എമ്മിന്റെ പ്രകാശം പരത്തുന്ന മുഖം കൂടിയാണ് വി.കെ.സി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നഗരസഭയിലേക്ക് കൗണ്‍സിലറായി തെരഞ്ഞടുക്കപ്പെട്ട അദ്ദേഹം മേയറായി. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ബേപ്പൂരില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു ജയിച്ചു. നന്നായിട്ടുതന്നെ ബിസിനസ് നടത്തുകയാണ് വി.കെ.സി. ഒപ്പം നല്ലൊരു രാഷ്ട്രീയക്കാരനുമാണ് അദ്ദേഹം. രണ്ട് മേഖലയിലും ആള്‍ക്കാരുടെയെല്ലാം ആദരവ് നേടുന്നയാള്‍ എന്നതാണ് വി.കെ.സിയുടെ പ്രത്യേകത.

8. രാജന്‍ ഗുരുക്കള്‍

കേ രളത്തിലെ ഒരു നല്ല അധ്യാപകന്റെ പേരു പറയാന്‍ ആവശ്യപ്പെട്ടാല്‍ ഒരു സംശയവും കൂടാതെ പറയാം - രാജന്‍ ഗുരുക്കള്‍. പഠിക്കുന്ന കാലത്ത് നല്ല വിദ്യാര്‍ത്ഥിയായിരുന്ന ഗുരുക്കള്‍ പഠിപ്പിക്കുന്ന സമയത്ത് ഏറെ മികച്ച അധ്യാപകനുമായിരുന്നു. മാഹിക്കടുത്ത് കാര്യാട്ട് സ്വദേശിയായ രാജന്‍ ഗുരുക്കള്‍ക്ക് വിദ്യാഭ്യാസക്കുറിച്ചും അധ്യാപനത്തെക്കുറിച്ചും വ്യക്തവും വിശാലവുമായ കാഴ്ചപ്പാടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം നേതൃത്വം നല്‍കുന്ന ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.

ആഗോള വിദ്യാഭ്യാസ രംഗം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ തുടങ്ങിയ പുതിയ വിജ്ഞാന മേഖലകളിലേക്ക് കടന്നുകഴിഞ്ഞിട്ടും നമ്മുടെ നാട്ടിലെ കലാലയങ്ങളിലൊന്നും ഈ വിഷയങ്ങള്‍ എത്തിയിട്ടില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ ആവശ്യമാണെന്ന് കണ്ടതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ മുന്‍കൈ എടുത്ത് വിദ്യാഭ്യാസ വകുപ്പ് വിഭജിച്ച് ഉന്നത വിദ്യാഭ്യാസം പു തിയൊരു വകുപ്പായി രൂപീകരിച്ച് ഡോ.കെ.ടി ജലീലിനെ ഏല്‍പ്പിക്കുന്നത്.

കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ഹിസ്റ്ററിയില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദമെടുത്ത ഗുരുക്കള്‍ ആലുവാ യു.സി കോളെജില്‍ അധ്യാപകനായി. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്ന് ഡോക്റ്ററേറ്റ്. ജെ.എന്‍.യുവില്‍ അധ്യാപകനായ അദ്ദേഹം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് ഡയറക്റ്ററായും പിന്നീട് അതേ സര്‍വകലാശാല വൈസ് ചാന്‍സലറായും പ്രവര്‍ത്തിച്ചു.

ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ വിസിറ്റിംഗ് പ്രൊഫസറായിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലിന് നേതൃത്വം നല്‍കാന്‍ അദ്ദേഹത്തെ ക്ഷണിച്ചത്.

ചരിത്രകാരനും പ്രഭാഷകനും എഴുത്തുകാരനു മായ ഡോ.രാജന്‍ ഗുരുക്കള്‍ വലിയ വെല്ലുവിളികളാണ് ഏറ്റെടുത്തിരിക്കുന്നത്. കൗണ്‍സിലിലേക്ക് ലോകോത്തര നിലവാരമുള്ളവരെ അദ്ദേഹം ക്ഷണിച്ചുവരുത്തിയിരിക്കുന്നു. തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) എന്ന സ്ഥാപനത്തിന്റെ സ്ഥാപക ഡയറക്റ്റര്‍ ഡോ.ഇ.ഡി ജെമ്മിസ്, പാലക്കാട് ഐ.റ്റി. അധ്യാപകന്‍ ഡോ.കെ.എല്‍ സെബാസ്റ്റിയന്‍ എന്നിവരെപ്പോലെ. 'മികച്ച അധ്യാപകരുണ്ടെങ്കിലേ വിദ്യാഭ്യാസ നിലവാരം ഉയരുകയുള്ളൂ.'' ഡോ.ഗുരുക്കള്‍ പറയുന്നു.

9. പാര്‍വതി

ചലച്ചിത്ര താരം പാര്‍വതിയെ വിശേഷിപ്പിക്കാന്‍ ഒരു ഇംഗ്ലീഷ് പദപ്രയോഗം തന്നെവേണം - ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍. അങ്ങേയറ്റത്തെ

പുരുഷമേധാവിത്വം നിലനില്‍ക്കുന്ന സിനിമയില്‍ സ്വന്തം അസ്ഥിത്വവും വ്യക്തിത്വവും ഉറപ്പിച്ചു നിര്‍ത്താന്‍ മാത്രമല്ല, മറ്റു വനിതകളുടെ അന്തസ് സംരക്ഷിക്കാനും മുന്നിട്ടിറങ്ങുന്ന പാര്‍വതി മലയാള സിനിമയില്‍ വേറിട്ട ശബ്ദമായി മാറി നില്‍ക്കുന്നു.

സിനിമയിലായാലും താരസംഘടനയിലായാലും പാര്‍വതി പറയാനുള്ളതു മുഖത്തു നോക്കി പറയും. പീഡിപ്പിക്കപ്പെട്ട നടിയോടൊപ്പം ഉറച്ചുനിന്നു പാര്‍വതി. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും വഴങ്ങാതെ. സിനിമയില്‍ എല്ലാ ശക്തികളെയും വെല്ലുവിളിച്ചുകൊണ്ട് അധികം വളരാനാവില്ലെന്ന കാര്യം പാര്‍വതിക്ക് നന്നായറിയാം. പക്ഷെ നിലപാട് മയപ്പെടുത്താന്‍ പാര്‍വതിക്കാവില്ല.

കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയെ വിമര്‍ശിച്ചു എന്ന പേരില്‍ പഴി ഏറെ കേട്ടവളാണ് പാര്‍വതി. സാമൂഹ്യ മാധ്യമങ്ങളില്‍ ഈ നടിക്കെതിരെ സൈബര്‍

പോരാളികള്‍ വലിയ ആക്രമണം അഴിച്ചുവിട്ടു. പാര്‍വതി തെല്ലും കുലുങ്ങിയല്ല. 'അമ്മ' നേതൃത്വത്തിനെതിരെ ഉറച്ച നിലപാടു തന്നെയാണ് പാര്‍വതി സ്വീകരിച്ചത്.

നല്ലൊരു നടി എന്നത് പാര്‍വതിക്കു നല്‍കുന്ന ശക്തി വളരെയധികം. 'ടേക്ക് ഓഫ്', 'എന്ന് നിന്റെ മൊയ്തീന്‍' എന്നീ ചിത്രങ്ങളിലെ അഭിനയം അതിഗംഭീരം എന്നേ പറയാനാവൂ. അഭിനയമികവ് തന്നെയാണ് പാര്‍വതിയുടെ കരുത്ത്. സൗമ്യമായ ആ മുഖത്തിന് പിന്നില്‍ അസാമാന്യമായ പെണ്‍കരുത്ത് ഒളിച്ചിരിപ്പുണ്ട്. ഒറ്റയ്ക്കായാലും ഒറ്റപ്പെട്ടാലും ഈ കരുത്ത് കൈവിട്ടുകളയാന്‍ തയാറാവാത്തതാണ് പാര്‍വതിയെ പാര്‍വതിയാക്കുന്നത്.

10. ഹനാന്‍

മാതൃഭൂമി പത്രത്തിലെ ഒരൊറ്റ റിപ്പോര്‍ട്ട് കൊണ്ട് താരപദവിയിലെത്തിയ പെണ്‍കുട്ടി. ദാരിദ്ര്യത്തോട് പൊരുതാനും പഠിച്ചുയരാനും മീന്‍ വില്‍ക്കാനിറങ്ങിയ ഒരു പാവപ്പെട്ട പെണ്‍കുട്ടിയായിരുന്നു അവള്‍. തൊടുപുഴ അല്‍ അസര്‍ കോളെജിലെ ഹനാന്‍ ഹമീദ് എന്ന ബി.എസ്‌സി കെമിസ്ട്രി വിദ്യാര്‍ത്ഥി. വൈകിട്ട് കോളെജ് വിട്ടു വന്ന് മീന്‍കുട്ടയുമായി എറണാകുത്തെ തമ്മനത്ത് റോഡരികിലിരുന്നു മീന്‍ വിറ്റ ഹനാനെ തേടി മാധ്യമപ്പടയെത്തിയപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ അവള്‍ക്കു ചുറ്റും കഴുകന്മാര്‍ വട്ടമിട്ടു പറന്ന് അധിക്ഷേപം ചൊരിഞ്ഞു. വേട്ടനായ്ക്കളെപ്പോലെ അവര്‍ ആ കുരുന്നിനെ അധിക്ഷേപിച്ചു. മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി അവള്‍ക്കു ചുറ്റും രക്ഷാകവചം തീര്‍ത്തപ്പോള്‍ സര്‍ക്കാരും മുന്നിട്ടിറങ്ങി. അധിക്ഷേപിച്ച സൈബര്‍ പോരാളികളെ പോലീസ് അറസ്റ്റു ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തെ തന്റെ ഓഫീസിലേക്ക് സ്വീകരിച്ച് ഹനാന് എല്ലാ സംരക്ഷണവും ഉറപ്പു നല്‍കി. ഖാദി ബോര്‍ഡിന്റെ ചടങ്ങില്‍ വര്‍ണപ്പകിട്ടേറിയ ഖാദി വസ്ത്രങ്ങളണിഞ്ഞ് ഹനാന്‍ സദസിന്റെ കൈയടി നേടി.

പഠിക്കുന്ന കാലം മുതലേ അനാഥത്വത്തിന്റെ നോവറഞ്ഞു വളര്‍ന്നവളാണ് ഹനാന്‍. അസുഖമായി കിടക്കുന്ന അമ്മയും വേര്‍പിരിഞ്ഞ പിതാവും എങ്ങനെയോ ജീവിക്കുന്ന കുഞ്ഞനുജനുമുണ്ടെങ്കിലും അവളെ തുണയ്ക്കാന്‍ അവള്‍ മാത്രം. ജീവിക്കാനും അമ്മയ്ക്ക് മരുന്നു വാങ്ങാനും അവള്‍ ചെയ്യാത്ത ജോലിയില്ല. ചെറുപ്പത്തില്‍ മുത്തുമാല വിറ്റും സിനിമയില്‍ ചെറിയ വേഷം കെട്ടിയും ഫ്‌ളവര്‍ ഗേളായി ജോലി ചെയ്തും ട്യൂഷനെടുത്തും അവള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ശ്രമിച്ചു. അധ്വാനിച്ചു ജീവിക്കുന്നതിന്റെ സുഖം അവള്‍ ആസ്വദിച്ചു. കോളെജ് ഫീസില്‍ ഇളവ് നല്‍കാമെന്ന് ഉറപ്പു നല്‍കിയിട്ടും അത് സ്വീകരിക്കാന്‍ ഹനാന്‍ കൂട്ടാക്കിയില്ലെന്ന് അല്‍ അസര്‍ കോളെജ് ഡയറക്റ്റര്‍ ഡോ.പൈജാസ് മൂസ തന്നെ പറയുന്നു. കുറച്ചുകൂടി ലാഭം കിട്ടാനാണ് മീന്‍ കച്ചവടത്തിലേക്ക് തിരിഞ്ഞത്. വെളുപ്പിന് എഴുന്നേറ്റ് സൈക്കിളില്‍ പോയി മീന്‍ വാങ്ങും. അത് ഐസ് പെട്ടിയിലാക്കിയശേഷം കോളെജിലേക്ക്. വൈകിട്ട് മടങ്ങിയെത്തിയാലുടന്‍ മീനുമായി തമ്മനത്തെ തെരുവോരത്തേയ്ക്ക്.

ജീവിക്കാന്‍ പെടാപ്പാടു പെട്ടിരുന്ന ഹനാനെ തുണയ്ക്കാന്‍ ഇന്ന് ആളേറെ. എവിടെച്ചെന്നാലും തിരിച്ചറിയുന്ന ജനങ്ങള്‍. ആരാധനയോടെ ചുറ്റും കൂടുന്ന കുട്ടികള്‍. ഹനാന്‍ വലിയൊരു താരമായിക്കഴിഞ്ഞു.

ഹനാന് ഒരു ബ്രാന്‍ഡ് മൂല്യം നല്‍കുന്നത് ആ നിശ്ചയദാര്‍ഢ്യം തന്നെയാണ്. കൈയി ലും കീശയിലും ഒന്നു മില്ലെങ്കിലും ഉയരങ്ങളിലേക്ക് കുതിക്കാനുള്ള

മലയാളിയുടെ ഒടുങ്ങാ ത്ത ആഗ്രഹത്തിന് ഇന്നും ദൃഷ്ടാന്തമാണ് ഹനാന്‍. ആര്‍ക്കും തളര്‍ത്താനോ തകര്‍ക്കാനോ കഴിയാത്ത ഉറച്ച മനസുമായി ഹനാന്‍ മുന്നോട്ടുനീങ്ങുന്നു. ഇപ്പോഴിതാ, ഒരു ജനത മുഴുവന്‍ ഹനാനു പിന്നില്‍, എല്ലാ

പിന്തുണയുമായി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it