പ്രളയം വെളിപ്പെടുത്തിയ 10 നല്ല കാര്യങ്ങള്‍

ഇത്തരത്തിലുള്ള ഓരോ സംഭവങ്ങളും മനുഷ്യ ചരിത്രത്തിലും പൊതു സമൂഹത്തിലും ചില രജതരേഖകള്‍ ശേഷിപ്പിക്കും.

Image credit: Facebook/IndianNavy
-Ad-

അതുവരെ നിലനിന്നിരുന്ന പലതിനെയും കടപുഴക്കി എറിഞ്ഞുകൊണ്ടാകും മഹാദുരന്തങ്ങള്‍ കടന്നുപോകുക. പക്ഷേ ഇത്തരത്തിലുള്ള ഓരോ സംഭവങ്ങളും മനുഷ്യ ചരിത്രത്തിലും പൊതു സമൂഹത്തിലും ചില രജതരേഖകള്‍ കൂടി ശേഷിപ്പിക്കും. സംസ്ഥാനത്ത് അടുത്തിടെ സംഭവിച്ച ദുരന്തവും ഇതുപോലെ ചില നല്ല കാര്യങ്ങള്‍ വെളിപ്പെടുത്തി തരുന്നുണ്ട്. അവയില്‍ ശ്രദ്ധേയമായത് ഇതാ.

1. യുവശക്തിയുടെ ഉദയമാണ് ദുരന്ത മുഖത്ത് ദര്‍ശിച്ച ഒരു സുപ്രധാനമായ കാര്യം. ‘സെല്‍ഫി ജനറേഷന്‍’ ടെക്‌നോളജിയുടെയും സോഷ്യല്‍ മീഡിയയുടെയും സാധ്യതകള്‍ വിനിയോഗിച്ചുകൊണ്ട് അവരുടെ അറിവ് കരുത്താക്കി വൊളന്റിയര്‍ സേനയായി സ്വയം ഉദിച്ചുയര്‍ന്നു. ഏവര്‍ക്കും അതൊരു ഹൃദ്യമായ വിസ്മയമായിരുന്നു. ഇന്ന് വെറുതെ പാഴാക്കി കളയുന്ന, സുഷുപ്തിയിലായി കിടക്കുന്ന, വേണ്ട വിധത്തില്‍ വിനിയോഗിക്കാത്ത യുവശക്തിയുടെ കഴിവിലേക്കാണ് ഇത് വിരല്‍ ചൂണ്ടിയത്.

വ്യക്തമായൊരു ദര്‍ശനത്തിന്റെയും പ്രചോദനത്തിന്റെയും പിന്‍ബലത്തില്‍ നമുക്ക് യുവശക്തിയെ ഉണര്‍ത്താനാകും, അവരെ ഉത്തേജിതരാക്കാനാകും

-Ad-

2. കേരളീയ സമൂഹം രാഷ്ട്രീയ, മത, സാമൂഹ്യ, സാമ്പത്തിക വ്യത്യാസങ്ങള്‍ മറന്ന് ഒരൊറ്റ മനസോടെ ദുരന്തത്തെ നേരിടാന്‍ മുന്നിട്ടിറങ്ങി.

ഒരു ദുരന്തം മനുഷ്യനെ ഒരുമിപ്പിക്കും; മുന്നില്‍ നിന്ന് നയിക്കാന്‍ ഒരു നേതാവില്ലെങ്കില്‍ പോലും

3. സമൂഹത്തിന്റെ പിന്‍നിരയിലേക്ക് തള്ളിമാറ്റപ്പെട്ട, അരിക് ചേര്‍ക്കപ്പെട്ട സാധാരണ ജനങ്ങളാണ് ദുരന്തമുഖത്ത് ഏറ്റവും മികച്ച രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജീവിതത്തിന്റെ കഠിനമായ യാഥാര്‍ത്ഥ്യങ്ങളും പ്രകൃതിയുടെ ആസുരമുഖങ്ങളും പരിചിതമായ മത്സ്യതൊഴിലാളികള്‍, കയറ്റിറക്ക് തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍ തുടങ്ങിയ സാധാരണക്കാരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ മുന്‍നിരയില്‍ നിന്നത്.

ദുരന്തമുഖത്ത് നമുക്ക് സാധാരണക്കാരായ, പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനസമൂഹത്തെ കണ്ണടച്ച് വിശ്വസിക്കാം. അവര്‍ അവരുടെ കഴിവിന്റെ പരമാവധി വിനിയോഗിച്ച് അമാനുഷികമാം വിധം പ്രവര്‍ത്തിക്കും.

4. സമൂഹത്തിലെ വലിയൊരു വിഭാഗം അവജ്ഞയോടെ നോക്കിയിരുന്ന സമൂഹമാധ്യമങ്ങളും വാര്‍ത്താ ചാനലുകളിലെ കവറേജുകളും ദുരന്തകാലത്ത് ജാഗരൂകമായ ഇടപെടല്‍ കൊണ്ടും നെറ്റ്‌വര്‍ക്കിംഗ് കൊണ്ടും വേറിട്ടു
നിന്നു. ഇവരുടെ കൃത്യമായ ഇടപെടലുകളാണ് വെള്ളപ്പൊക്കത്തിന്റെ രൂക്ഷത അനുനിമിഷം പൊതുസമൂഹത്തിന്റെ മുന്നിലേക്ക് എത്തിച്ചത്. അതോടെ അധികൃതരും മറ്റ് ബന്ധപ്പെട്ടവരും അതിദ്രുതം ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.

മാധ്യമങ്ങളുടെ ക്രിയാത്മകമായ ഉപയോഗം മികച്ച ഗുണഫലങ്ങള്‍ സമൂഹത്തിന് സമ്മാനിക്കും.

5. ദുരന്തം സംഭവിക്കുമ്പോഴും അതിനുശേഷവും പൊതു – സ്വകാര്യ പങ്കാളിത്തത്തിന്റെ മികച്ച മാതൃകയാണ് കേരളം ദര്‍ശിച്ചത്. രാഷ്ട്രീയ നേതൃത്വം, ഉദ്യോഗസ്ഥവൃന്ദം, സര്‍ക്കാരിലെ മധ്യതലത്തിലെ ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള പൊതുസമൂഹം എന്നിവ തോളോടുതോള്‍ ചേര്‍ന്ന് നിന്ന് ജീവന്‍ രക്ഷിക്കാനും ദുരിതാശ്വാസം ലഭ്യമാക്കാനും പുനരുദ്ധാരണത്തിനും പ്രവര്‍ത്തിച്ചു.

പൊതു- സ്വകാര്യ പങ്കാളിത്തത്തിന്റെ ശക്തി നാം എത്രയും വേഗം ബോധ്യപ്പെടുന്നുവോ അത്രയും ഗുണമുണ്ടാകും

6. ഓണം കേരളത്തില്‍ പടര്‍ന്ന മ്ലാനത മാറ്റാനും ബഹുഭൂരിപക്ഷം മലയാളികളുടെയും ആത്മവീര്യം ഉയര്‍ത്താനും ഉപകരിച്ചു. ലളിതമായെങ്കിലും, ദുരിതാശ്വാസ ക്യാംപുകളില്‍ പോലും ജനങ്ങള്‍ ഓണം ആഘോഷിച്ചു. ശോകമൂകമായ അന്തരീക്ഷത്തിന് ഭംഗം വരുത്താന്‍ കൂടി ഇത് ഉപകരിച്ചു.

ആഘോഷങ്ങള്‍ ജനങ്ങള്‍ക്ക് പോസിറ്റിവ് മനോഭാവവും പ്രചോദനവും ഊര്‍ജ്ജവും പകരും; അങ്ങേയറ്റം പ്രതികൂലമായ സാഹചര്യത്തില്‍ പോലും

7. കേരളം ഇതുവരെ കാണാത്തതും അപ്രതീക്ഷിതവുമായ പ്രളയം സമൂഹത്തിലെ എല്ലാ രംഗത്തുമുള്ള ജനങ്ങള്‍ക്ക് പുതിയൊരു വെളിപാടുണ്ടാക്കി. പണത്തിന്റെയും പ്രതാപത്തിന്റെയും പരിമിതി പലര്‍ക്കും മനസിലായി. മനുഷ്യസ്‌നേഹത്തിന്റെയും നിസ്വാര്‍ത്ഥമായ സേവനത്തിന്റെയും പ്രാധാന്യവും വിലയും പലരും തിരിച്ചറിഞ്ഞു.

പ്രകൃതിശക്തിക്കു മുന്നില്‍ പണവും പ്രതാപവും ഒന്നുമല്ല

8. പ്രകൃതി സമ്പത്തിന്റെ അനിയന്ത്രിതമായ ദുരുപയോഗത്തിന്റെ അനന്തര ഫലം അങ്ങേയറ്റം ആഘാതം സൃഷ്ടിച്ച ഒരു ദുരന്തത്തിലൂടെ ജനം പഠിച്ചു. ഇപ്പോള്‍ പലര്‍ക്കും പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത വളരെ വ്യക്തമായി മനസിലായി.

പ്രകൃതിയോട് കളിച്ചാല്‍ അവസാനം അത് നിങ്ങളെ അപകടത്തിലാക്കുകയേ ഉള്ളൂ.

9. പ്രളയ ദുരന്തവും അതിനെ തുടര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ടിന്റെ പ്രവാഹവും സര്‍ക്കാര്‍ പദ്ധതികളിലും അതിന്റെ നിര്‍വഹണത്തിലും സുതാര്യതയും ഉത്തരവാദിത്തവും വേണമെന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്. ഫണ്ടിന്റെ യുക്തമായ ഉപയോഗം ഏവരും ആവശ്യപ്പെടുന്നുണ്ട്.

മികച്ച ഭരണത്തിന് സുതാര്യത അനിവാര്യമാണ്. സുതാര്യതയ്ക്കായുള്ള മുറവിളി എല്ലാ രംഗത്തും പടര്‍ന്നു കയറും

10. പ്രളയദുരന്തത്തില്‍ പെട്ട കേരളത്തെ സഹായിക്കാന്‍ ആഗോള സമൂഹം മുന്നോട്ടുവന്നു. സംഘടനകള്‍, വ്യക്തികള്‍, സെലിബ്രിറ്റികള്‍, സാധാരണക്കാര്‍ എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിവിധ തുറകളിലുള്ളവര്‍ സഹായ ഹസ്തവുമായി വന്നു. ഇത് കേരളീയരോടുള്ള അവരുടെ അടുപ്പവും സ്‌നേഹവും വെളിവാക്കുന്ന ഒന്നാണ്. യുഎഇ സര്‍ക്കാരിന്റെ പ്രതികരണം തന്നെ ഉദാഹരണം.

ഇനി നമ്മുടെ ഊഴമാണ്. ആഗോളതലത്തിലെ കേരളത്തിന്റെ സല്‍പ്പേര് ഉപയോഗിച്ച് ‘പുതിയ കേരളം’ പുനഃസൃഷ്ടിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here