150 സ്വകാര്യ തീവണ്ടികള്‍ കൂടി വരുന്നു

ഇന്ത്യന്‍ റെയ്ല്‍വേയില്‍ ഇത് മാറ്റങ്ങളുടെ കാലമാണ്. ഐആര്‍സിടിസിയുടെ നേതൃത്വത്തിലുള്ള ആദ്യ സ്വകാര്യ തീവണ്ടി ലാഭത്തിലായതോടെ രാജ്യത്ത് 150 സ്വകാര്യ തീവണ്ടികള്‍ക്ക് കൂടി അനുമതി നല്കുന്ന കാര്യം നീതി ആയോഗും ഇന്ത്യന്‍ റെയ്ല്‍വേയും ആലോചിച്ചു വരികയാണ്.
100 റൂട്ടുകളിലേക്കായാണ് ഇത്രയും തീവണ്ടി സര്‍വീസ് നടത്തുക. ഏകദേശം 22500 കോടി രൂപയുടെ നിക്ഷേപം ഇതിലൂടെ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. സ്വകാര്യ പങ്കാളിത്തമുള്ള പാസഞ്ചര്‍ ട്രെയ്നുകള്‍ എന്ന നിലയിലുള്ള ചര്‍ച്ചയാണ് നടക്കുന്നത്. മുംബൈ സെന്‍ട്രല്‍- ന്യൂഡല്‍ഹി, അലഹാബാദ്-പൂന, ന്യൂഡല്‍ഹി-പാറ്റ്ന, ദാദര്‍-വഡോദര എന്നീ റൂട്ടുകള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.
വിപണിക്ക് അനുയോജ്യമായ രീതിയിലുള്ള നിരക്ക് ഈടാക്കാനും ഏതൊക്കെ ക്ലാസ് ഉള്‍പ്പെടുത്തണമെന്നും എവിടെയൊക്കെ നിര്‍ത്തണമെന്നുമൊക്കെയുള്ള കാര്യങ്ങള്‍ ഉടമകള്‍ക്ക് തീരുമാനിക്കാം. സ്വകാര്യ തീവണ്ടികളുടെ വരവോടെ ഈ മേഖലയില്‍ നൂതന സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാത്രമല്ല, യാത്രക്കാര്‍ക്ക് ലോകോത്തര സേവനവും ലഭ്യമാകും. കൂടുതല്‍ തീവണ്ടികള്‍ വരുന്നോടെ യാത്രാ ക്ലേശത്തിനും പരിഹാരമാവും. സ്വകാര്യ തീവണ്ടി സ്വദേശ-വിദേശ കമ്പനികള്‍ക്ക് ഏറ്റെടുത്ത് നടത്താമെന്നും ചര്‍ച്ചയില്‍ സൂചിപ്പിക്കുന്നുണ്ട്.
2019 ഒക്ടോബറിലാണ്, ലക്നോയില്‍ നിന്ന് ഡല്‍ഹിയിലേക്ക് രാജ്യത്തെ ആദ്യത്തെ സ്വകാര്യ തീവണ്ടി-തേജസ് എക്സ്പ്രസ്- യാത്ര തിരിച്ചത്. ഇന്ത്യന്‍ റെയ്ല്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്പറേഷന് (ഐആര്‍സിടിസി)ക്കായിരുന്നു നടത്തിപ്പ് ചുമതല. എസി ചെയര്‍കാറിലുള്ള യാത്ര പുതിയ അനുഭവം നല്‍കിയതിനു പുറമേ സൗജന്യ ട്രാവല്‍ ഇന്‍ഷുറന്‍സും തീവണ്ടി വൈകിയാല്‍ നഷ്ടപരിഹാരവും ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളും യാത്രക്കാര്‍ക്ക് നല്കി. രണ്ടാമത്തെ സ്വകാര്യ തീവണ്ടിയും ഐആര്‍സിടിസിയുടെ കീഴില്‍ ഈ മാസം മുതല്‍ അഹമ്മദാബാദ്-മുംബൈ റൂട്ടില്‍ ഓടിത്തുടങ്ങും.
ഡെയ്ലി ന്യൂസ് അപ്ഡേറ്റുകള്, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline