ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; ഒക്ടോബര്‍ 15

ഈ വര്‍ഷം അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം ഇന്ത്യയില്‍ 5 ജി സ്‌പെക്ട്രത്തിന്റെ ലേലം നടക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി;കൂടുതല്‍ പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍

1. വരാനിരിക്കുന്നത് 5 ജിയുടെ കാലം; ഈ വര്‍ഷം അവസാനം ലേലമുണ്ടാകാന്‍ സാധ്യത

ഈ വര്‍ഷം അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം തന്നെ ഇന്ത്യയില്‍ 5 ജി സ്‌പെക്ട്രത്തിന്റെ ലേലം നടക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ്. 5 ജി സ്‌പെക്ട്രം സംബന്ധിച്ച കമ്യൂണിക്കേഷന്‍ പോളിസി തയ്യാറായിക്കഴിഞ്ഞു. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ലേലം നടന്നേക്കും.

2. ആര്‍സിഇപി: ധാരണയ്ക്കായി അംഗരാജ്യങ്ങളുടെ ശ്രമം ശക്തം

മേഖലാ സമഗ്രസാമ്പത്തിക പങ്കാളിത്ത (ആര്‍സിഇപി) കരാര്‍ സംബന്ധിച്ചു ധാരണ സാധ്യമാക്കാന്‍ അംഗരാജ്യങ്ങള്‍ ശ്രമം തുടരുകയാണ്. ഇന്ത്യയുടെ കടുത്ത നിലപാടുകളാണു മന്ത്രിതല ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതിനു കാരണമെന്നു സിംഗപ്പൂരും മറ്റും ആരോപിക്കുന്നു. ഈ മാസം 19 വരെ ഉദ്യോഗസ്ഥതല ചര്‍ച്ച തുടരും. ഉഭയ കക്ഷി ചര്‍ച്ച 22 വരെ.

3. റിസര്‍വ് ബാങ്ക് നടപടിയെ വിമര്‍ശിച്ച് നിതി ആയോഗ് ഉപാധ്യക്ഷന്‍

രാജ്യത്തിന്റെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ച റിസര്‍വ് ബാങ്ക് നടപടി അതിരുകടന്നതാണെന്ന് നിതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ്കുമാര്‍ പറഞ്ഞു. ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ച കൂപ്പുകുത്തുമെന്ന ലോക ബാങ്ക്, ഐഎംഎഫ്, എഡിബി, ലോക സാമ്പത്തിക ഫോറം, മൂഡീസ് ഇന്റര്‍നാഷണല്‍ തുടങ്ങിയ രാജ്യാന്തര ഏജന്‍സികളുടെ നിരീക്ഷണത്തിനിടെയാണ്  റിസര്‍വ് ബാങ്ക് ഉള്‍പ്പെടെ രാജ്യത്തെ നയ രൂപീകരണ ഏജന്‍സികളെ നിതി ആയോഗ് ഉപാധ്യക്ഷന്‍ കുറ്റപ്പെടുത്തിയത്.മാന്ദ്യം നേരിടുന്നതില്‍ വാണിജ്യ ബാങ്കുകളുടെ ശേഷിയെ ചോദ്യംചെയ്ത അദ്ദേഹം ഇനിയുള്ള മാസങ്ങളില്‍ സാമ്പത്തിക വളര്‍ച്ചനിരക്ക് ഉയരുമെന്ന അവകാശവാദവും ഉന്നയിച്ചു.

4. ടി.സി.എസ് ലാഭവിഹിതം അടിസ്ഥാന സൗകര്യ, വ്യോമയാന ബിസിനസുകളിലേക്ക്

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ നിന്നുള്ള 12,166 കോടി രൂപയുടെ ലാഭവിഹിതം ഉപയോഗിച്ച് കടം കുറയ്ക്കുന്നതിനും അടിസ്ഥാന സൗകര്യ, വ്യോമയാന ബിസിനസുകളില്‍ കൂടുതല്‍ നിക്ഷേപം നടത്താനും ടാറ്റ ഗ്രൂപ്പ് തയ്യാറെടുക്കുന്നു. 2020 മാര്‍ച്ചിനു മുമ്പായി ടാറ്റ ഗ്രൂപ്പ് ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സിന് 3,333 കോടി രൂപയുടെ കടം തിരിച്ചടയ്‌ക്കേണ്ടതുള്ളതില്‍ ജൂലൈ 31 വരെ 520 കോടി രൂപയാണ് തിരിച്ചടച്ചിട്ടുള്ളത്.

5. സാമ്പത്തിക മാന്ദ്യം ഉടന്‍ പരിഹരിക്കാനാകില്ലെന്ന് അഭിജിത് ബാനര്‍ജി

ഇന്ത്യന്‍ സാമ്പത്തികനില മെച്ചപ്പെടാന്‍ ഉടന്‍ സാധ്യതയില്ലെന്ന് നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി അഭിപ്രായപ്പെട്ടു. വളര്‍ച്ചാ നിരക്കിന്റെ കണക്കുകളുടെ അടിസ്ഥാനത്തില്‍ സമീപ ഭാവിയില്‍ സാമ്പത്തിക നില മെച്ചപ്പെടുമെന്നു കരുതാനാവില്ലെന്നും കഴിഞ്ഞ അഞ്ചാറു വര്‍ഷം സാമ്പത്തിക വളര്‍ച്ച പ്രകടമായിരുന്നുവെന്നും ഇപ്പോളതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here