കോവിഡ്: ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ നിര്‍ണ്ണായക പരീക്ഷണം വെല്ലൂരിലും

ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രാസെനെക കോവിഡ് -19 വാക്‌സിന്റെ അവസാന ഘട്ട പരീക്ഷണങ്ങള്‍ക്കായി തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളുടെ പട്ടികയില്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജും. ഏറ്റവും നിര്‍ണ്ണായകമായ ഈ മൂന്നാം ഘട്ട പരിക്ഷണത്തിന് മറ്റ് നാല് സെന്ററുകളെയും ഇന്ത്യയില്‍ തിരഞ്ഞെടുത്തിട്ടുണ്ട്.വിഖ്യാത വൈറോളജിസ്റ്റും മെഡിക്കല്‍ കോളജ് പ്രൊഫസറുമായ ഡോ. ടി ജേക്കബ് ജോണ്‍ ആയിരിക്കും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ പരീക്ഷണത്തിനു നേതൃത്വം നല്‍കുന്നത്.

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ച് വിവിധ ഭൗമമേഖലകളില്‍ പരീക്ഷണങ്ങള്‍ നടത്തി ഡാറ്റ സമാഹരിക്കേണ്ടത് അനിവാര്യമാണെന്ന് ബയോടെക്‌നോളജി വകുപ്പ് (ഡിബിടി) സെക്രട്ടറി രേണു സ്വരൂപ് പറഞ്ഞു.ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രാസെനെക കോവിഡ് 19 വാക്സിന്‍ സുരക്ഷിതമാണെന്നും ശരീരത്തിനുളള ശക്തമായ രോഗപ്രതിരോധ പ്രതികരണത്തിന് സഹായകമാണെന്നും മനുഷ്യരില്‍ നടത്തിയ ആദ്യഘട്ട പരീക്ഷണത്തിനുശേഷം ജൂലൈ 20 ന് ശാസ്ത്രജ്ഞന്മാര്‍ പ്രഖ്യാപിച്ചിരുന്നു.

ഹരിയാനയിലെ ഇന്‍ക്ലെന്‍ ട്രസ്റ്റ് ഇന്റര്‍നാഷണല്‍, പുണെയിലെ കെഇഎം, ഹൈദരാബാദിലെ സൊസൈറ്റി ഫോര്‍ ഹെല്‍ത്ത് അലൈഡ് റിസര്‍ച്ച്, ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി എന്നിവയാണ് വാക്സിന്‍ പരീക്ഷണം നടത്തുന്ന മറ്റ് ഇന്ത്യന്‍ സ്ഥാപനങ്ങള്‍.ഓരോ കേന്ദ്രത്തിലും ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരുടേയും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെയും വലിയ ഡാറ്റാബേസ് ഉണ്ടാക്കും.

പ്രതിരോധ വാക്സിന്‍ തയ്യാറായിക്കഴിഞ്ഞാല്‍ ഉല്പാദനത്തിനായി പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രാസെനെക തിരഞ്ഞെടുത്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാതാക്കളാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. വാക്‌സിന്‍ സംബന്ധിച്ച എല്ലാ അനുമതികളും ലഭിച്ചുകഴിഞ്ഞാല്‍ ഗണ്യമായ അളവില്‍ ഉല്‍പ്പാദനം തുടങ്ങാനുള്ള തട്ടാറെടുപ്പിലാണ് സ്ഥാപനം.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്‌സിന്‍ നവംബറോടെ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഏകദേശം 1,000 രൂപ വിലവരുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അദാര്‍ പൂനവല്ലെ നേരത്തെ അറിയിച്ചിരുന്നു. ഓഗസ്റ്റില്‍ ഇന്ത്യയില്‍ നടക്കുന്ന മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകാന്‍ രണ്ടര മാസമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പരീക്ഷണം പോസിറ്റീവായി ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കിയാല്‍ നവംബറില്‍ വാക്സിന്‍ ലഭ്യമാക്കാന്‍ സാധിക്കും.എങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ എല്ലാവരിലേക്കും വാക്സിന്‍ എത്തിക്കാന്‍ രണ്ടു വര്‍ഷം വേണ്ടിവരുമെന്നാണ് പൂനവല്ലെയുടെ നിരീക്ഷണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it