'നഷ്ടത്തിലായ ശാഖകളാണ് പൂട്ടിയത്; പിരിട്ടുവിട്ടവരെ തിരിച്ചെടുക്കില്ല:'മുത്തൂറ്റ് ഫിനാന്‍സ് എം. ഡി

നഷ്ടത്തിലായ ശാഖകള്‍ അടച്ചു പൂട്ടുന്ന നടപടിയില്‍ നിന്നു പിന്നോക്കം പോകില്ലെന്ന് മുത്തൂറ്റ് ഫിനാന്‍സ് എം. ഡി ജോര്‍ജ് അലക്സാണ്ടര്‍. 'കേരളത്തില്‍ ഇപ്പോള്‍ തന്നെ 800 ജീവനക്കാര്‍ അധികമാണ്. ബിസിനസ് കുറഞ്ഞതോടെയാണ് 43 ബ്രാഞ്ചുകള്‍ പൂട്ടാനും 166 പേരെ പിരിച്ചുവിടാനും തീരുമാനിച്ചത്'- അദ്ദേഹം പറഞ്ഞു.

നഷ്ടത്തിലായ ശാഖകളിലെ പിരിച്ചുവിടലിനെതിരെ വേണമെങ്കില്‍ കോടതിയെ സമീപിക്കട്ടെയെന്നും മുത്തൂറ്റ് എംഡി അഭിപ്രായപ്പെട്ടു. 611 ശാഖകളിലും 11 റീജണല്‍ ഓഫീസുകളിലുമായി 1800 ജീവനക്കാരാണ് മുത്തൂറ്റിലുള്ളത്. ഇവരില്‍ 166 പേര്‍ക്കാണ് പിരിച്ചുവിടല്‍ നോട്ടീസ് ഇമെയില്‍ വഴി നല്‍കിയത്. ഇതിന് പിന്നാലെ ജീവനക്കാര്‍ക്ക് ജോലി ചെയ്ത കാലയളവ് കണക്കാക്കിയുള്ള നിശ്ചിത തുക അക്കൗണ്ടില്‍ നല്‍കുകയും ചെയ്തു.

മുത്തൂറ്റ് ഫിനാന്‍സിന്റെ എറണാകുളത്തെ ഹെഡ് ഓഫീസില്‍ ജോലിക്ക് കയറാന്‍ ശ്രമിച്ച മാനേജ്മെന്റ് അനുകൂല ജീവനക്കാരെ സമരം ചെയ്യുന്ന ജീവനക്കാര്‍ തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ പോലിസ് ഇടപെട്ടാണ് തണുപ്പിച്ചത്.സമരത്തിലേര്‍പ്പെടാത്ത ഏതാനും പേര്‍ക്ക് തിരിച്ചുപോകേണ്ടിവന്നു. ബുധനാഴ്ചയാണ് സിഐടിയു നേതൃത്വത്തില്‍ പണിമുടക്ക് തുടങ്ങിയത്.

പുറത്തുനിന്നുള്ള സിഐടിയു പ്രവര്‍ത്തകരാണ് സമരരംഗത്തുള്ളതെന്നും അതില്‍ മുത്തൂറ്റ് ജീവനക്കാര്‍ ഇല്ലെന്നും മാനേജ്മെന്റ് പറയുന്നു. അതേസമയം, മുത്തൂറ്റ് ജീവനക്കാരാണ് സമര രംഗത്തുള്ളതെന്നും സിഐടിയു നേതൃത്വത്തിലുള്ള സമരമാകയാല്‍ പുറത്തു നിന്നുള്ളവര്‍ അഭിവാദ്യമര്‍പ്പിക്കാന്‍ എത്തുന്നതില്‍ അസ്വാഭാവികതയില്ലെന്നും നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ യൂണിറ്റ് സെക്രട്ടറി നിഷ.കെ.ജയന്‍ ചൂണ്ടിക്കാട്ടി.

ജീവനക്കാര്‍ക്കെതിരായ പ്രതികാര നടപടിയുടെ ഭാഗമായാണ് ശാഖകള്‍ക്കു മേല്‍ മാനേജ്മെന്റ് നഷ്ടം ഏരോപിക്കുന്നതെന്ന ആരോപണവും നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ ഉന്നയിച്ചു. പിരിച്ചുവിടപ്പട്ടവരില്‍ നിഷയും ഉള്‍പ്പെടുന്നു. മുത്തൂറ്റ് ഫിനാന്‍സ് മാനേജ്മെന്റ് തൊഴിലാളി വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കും വരെ സമരം തുടരുമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം മുന്നറിയിപ്പു നല്‍കിയിരുന്നു.

മാനേജ്മെന്റുമായി ഉണ്ടാക്കിയ സേവന വേതന കരാര്‍ നടപ്പിലായില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 20 ന് ആരംഭിച്ച സമരം 52 ദിവസം നീണ്ടുനിന്നിരുന്നു. ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, പിരിച്ചു വിട്ട എട്ട് തൊഴിലാളികളെ തിരിച്ചെടുക്കുക, 41 പേരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുക, താല്‍ക്കാലികമായി 500 രൂപ ശമ്പളം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഹൈക്കോടതി നിരീക്ഷകന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ അംഗീകരിച്ചതോടെ ഒക്ടോബര്‍ പത്തിനാണ് ആ സമരം അവസാനിച്ചത്.

ഇപ്പോള്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഫീസുകളില്‍ നടക്കുന്നത് പണിമുടക്കല്ല, അക്രമം അഴിച്ചുവിട്ടു കൊണ്ടുള്ള പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ മാത്രമാണെന്ന് മാനേജ്‌മെന്റ് ആരോപിച്ചു.ഇതു സംബന്ധിച്ച പ്രസ്താവനയുടെ പ്രസക്തഭാഗങ്ങള്‍:

'മുത്തൂറ്റ് ഫിനാന്‍സ് 28% ഓഹരികള്‍ പൊതു ജനങ്ങളുടെ പക്കലുള്ള ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി ആണ്. ഈ കമ്പനിയുടെ സ്വതന്ത്ര ഡയറക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് വളര്‍ച്ച മുരടിച്ചതും, ലാഭകരമല്ലാത്തതുമായ 43 ശാഖകള്‍ അടയ്ക്കുവാന്‍ ഇടയായത്. 2016-ല്‍ കേരളത്തിലെ ശാഖകളില്‍ 2650 കോടി രൂപയുടെ ബിസിനസ്സ് ഉണ്ടായിരുന്നത് തുടര്‍ച്ചയായി ഉണ്ടായ സമരങ്ങള്‍ മൂലം കഴിഞ്ഞ മൂന്ന് വര്‍ഷമായി ബിസിനസ്സ് കുറഞ്ഞ് 1200 കോടി രൂപ എന്ന അവസ്ഥയില്‍ എത്തി ചേര്‍ന്നു. കേരളത്തിലെ ശാഖകളുടെ ശരാശരി ബിസിനസ്സ് 2 കോടി രൂപയായി കുറഞ്ഞപ്പോള്‍ കേരളത്തിന് പുറത്തുള്ള ശാഖകളുടെ ബിസിനസ്സ് ശരാശരി 9 കൂടിയായി ഉയരുകയും ചെയ്തു. കമ്പനിയുടെ ആകെയുള്ള 37,500 കോടി രൂപയുടെ ബിസിനസ്സില്‍ കേരളത്തിന്റെ ഓഹരി വെറും 1,200 കോടി രൂപ (കേവലം 3%) മാത്രമാണ്.

ശാഖകള്‍ അടയ്ക്കുവാന്‍ 2019 സെപ്റ്റംബറില്‍ 7-നു തന്നെ തീരുമാനിക്കുകയും പത്ര പരസ്യത്തിലൂടെയും , എഴുത്തുകളിലൂടെയും ഈ ശാഖകളിലെ ഇടപാടുകാരെയും, റിസേര്‍വ് ബാങ്കിനെയും അറിയിക്കുകയും ചെയ്തു. നിയമമനുശാസിക്കുന്ന മൂന്ന് മാസത്തെ നോട്ടീസ് നല്‍കിയതിന് ശേഷം ഈ ശാഖകള്‍ 2019 ഡിസംബര്‍ 7-നു അടച്ചു. ആ ശാഖകളിലെ 164 ജീവനക്കാര്‍ക്ക് അവരുടെ ജോലി നഷ്ടപ്പെടും ചെയ്തു. ഈ ശാഖകളിലെ എല്ലാ കസ്റ്റമര്‍ അക്കൗണ്ടുകളും ഇതിനോടകം ക്ലോസ് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ കേരളത്തില്‍ കമ്പനിക്ക് 860 അധിക ജീവനക്കാര്‍ ഉണ്ട്. ആയതിനാല്‍ ഇപ്പോള്‍ ജോലി നഷ്ടപ്പെട്ട ഈ ജീവനക്കാരെ ഉള്‍ക്കൊള്ളുവാന്‍ കമ്പനിക്ക് അവസരവുമില്ല. അതിനാല്‍ അവര്‍ക്കു നിയമാനുസൃതമായി ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും ഡിസംബര്‍ മാസം തന്നെ നല്‍കിയിട്ടുമുണ്ട്.

52 ദിവസത്തെ പണിമുടക്കിനുശേഷം, ഒക്ടോബര്‍ 10-നു ഹൈക്കടതി നിയോഗിച്ച മധ്യസ്ഥന്റെ ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ എല്ലാം കമ്പനി നടപ്പിലാക്കിയിട്ടുള്ളതാണ്. വീണ്ടും സിഐടിയു, 2020 ജനുവരി 2 മുതല്‍ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

ഹെഡ് ഓഫീസിലെ ജീവനക്കാര്‍ നല്‍കിയ റിട്ട് ഹര്‍ജി പ്രകാരം ഹെഡ് ഓഫീസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്നും, അതിലെ ജീവനക്കാര്‍ക്ക് ഓഫീസില്‍ പ്രവേശിക്കുവാനും പുറത്തു പോകുവാനുമുള്ള സാഹചര്യം ഒരുക്കി കൊടുക്കണമെന്നും നിര്‍ദ്ദേശിച്ചുകൊണ്ടുള്ള കേരളാ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതില്‍ പ്രകാരം സമരക്കാര്‍ ഓഫീസിന്റെ 15 മീറ്റര്‍ ചുറ്റളവില്‍ പ്രവേശിക്കുവാനും വിലക്കുള്ളതാണ്.

ഈ സാഹചര്യത്തില്‍, കുറച്ചു സിഐടിയുവിന്റെയും ഡിവൈഎഫ്ഐയുടെയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ കുറച്ചു ഗുണ്ടകളെയും ചേര്‍ത്ത് ഹെഡ്ഓഫീസിന്റെ മുന്നില്‍ ഒത്തു കൂടി ഓഫീസില്‍ ജോലിക്കായി വരുന്ന ജീവനക്കാരെ ശാരീരികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് 'ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു കൊണ്ട് ഓഫീസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു.

ഓഫീസ് പ്രവര്‍ത്തന സമയം കഴിഞ്ഞു പുറത്തേയ്ക്കു പോയ ജീവനക്കാരെ റോഡിന്റെ പല ഭാഗങ്ങളിലായി സംഘം ചേര്‍ന്ന് നിന്ന ഗുണ്ടകള്‍ ഉപദ്രവിച്ചിരുന്നു. ഓഫീസിനു പുറത്തെ ഈ ആക്രമണങ്ങള്‍ തടയുവാന്‍ അവിടെയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥര്‍ യാതൊരു നടപടിയും സ്വീകരിക്കുകയുണ്ടായില്ല. ക്രമസമാധാനം പാലിക്കാന്‍ നിയുക്തരായ പോലീസുദ്യോഗസ്ഥരെയും 'ഭീഷണിപ്പെടുത്തിക്കൊണ്ടാണ് ഈ അക്രമങ്ങള്‍ നടത്തുന്നത്.

മുത്തൂറ്റ് ഫിനാന്‍സിന്റെ ഹെഡ് ഓഫീസില്‍ ജോലി ചെയ്യുന്ന 300 ഓളം ജീവനക്കാരില്‍ ആരും തന്നെ സമരാനുകൂലികള്‍ അല്ലാതിരിക്കെയാണ്, ഈ ഗുണ്ടാ വിളയാട്ടം നടത്തി കമ്പനിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുവാന്‍ ശ്രമിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 568 ശാഖകളിലും സിഐടിയുക്കാരും പാര്‍ട്ടിക്കാരും ചേര്‍ന്നു ഒരു സമാന അന്തരീക്ഷം സൃഷ്ട്ടിച്ചു കൊണ്ട് ശാഖകള്‍ അടപ്പിക്കുകയാണ്. ഈ ശാഖകള്‍ എല്ലാം തുറന്നു പ്രവര്‍ത്തിക്കുവാന്‍ തയ്യാറായി ജീവനക്കാര്‍ എത്തുമ്പോള്‍ അവരെ 'ഭീഷണിപ്പെടുത്തിയും, അസഭ്യം പറഞ്ഞും ശാരീരിക ഉപദ്രവം ഏല്‍പ്പിച്ചും ശാഖകള്‍ അടപ്പിക്കുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.

നിലവിലുള്ള കോടതിയുത്തരവുകള്‍ക്കോ, നിയമവ്യവസ്ഥകള്‍ക്കോ യാതൊരു വിലയും കല്പിക്കാതെയാണ്, ഈ സമരാനുകൂലികള്‍ അക്രമങ്ങള്‍ നടത്തുന്നത്. 'ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു കൊണ്ട് മുത്തൂറ്റ് ഫിനാന്‍സിന്റെ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുക എന്ന ഗൂഢോദ്ദേശ്യത്തോടെ മാത്രമാണ് ഈ അന്യായ സമരം നടത്തുന്നത്.ബഹുഭൂരിപക്ഷം തൊഴിലാളികളും സമരത്തിന് എതിരാണെന്ന വസ്തുത മനസ്സിലാക്കിയാണ് സിഐടിയുക്കാര്‍ പുറത്തു നിന്നുള്ള ആള്‍ക്കാരെയും ഗുണ്ടാസംഘങ്ങളെയും ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഏകദേശം 3000 ജീവനക്കാരുടെ ജീവിതോപാധി മുടക്കുക മാത്രമാണ് ഈ സമരം കൊണ്ട് അവര്‍ ആഗ്രഹിക്കുന്നത്.

സമരം ചെയ്യുവാന്‍ ഉള്ള ഏവരുടെയും സ്വാതന്ത്ര്യം പോലെ തന്നെ, ജോലി ചെയ്യുവാന്‍ സന്നദ്ധരായവര്‍ക്കു ജോലി ചെയ്യുവാനുള്ള സ്വാതന്ത്ര്യവും നിലവിലുണ്ട്. ജോലി ചെയ്യുവാനുള്ള അവരുടെ മൗലിക അവകാശം തടസ്സപ്പെടുത്തുവാന്‍ ആര്‍ക്കും അവകാശമില്ല എന്നുള്ളത് ഈ രാജ്യത്തെ എല്ലാ കോടതികളും അംഗീകരിച്ചിട്ടുള്ളതാണ്. ഈ മൗലിക അവകാശം ഉറപ്പാക്കുവാന്‍ കേരളാസര്‍ക്കാര്‍ തയ്യാറായാല്‍ ഈ സ്ഥാപനത്തിലെ 90% ശാഖകളും റീജിയണല്‍ ഓഫീസുകളും, ഹെഡ് ഓഫീസും സാധാരണ ഗതിയില്‍ തന്നെ പ്രവര്‍ത്തിക്കും എന്നതാണ് യാഥാര്‍ഥ്യം. ജോലി ചെയ്യുവാന്‍ തയ്യാറായ ജീവനക്കാരെ ജോലി ചെയ്യുവാന്‍ അനുവദിക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കണമെന്നു മാത്രമാണ് ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.'

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it