ഇന്റര്‍നെറ്റ് സേവനം പൗരന്റെ അവകാശം: സുപ്രീം കോടതി

ജമ്മു കശ്മീരില്‍ സുരക്ഷയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് വിലക്കും നിരോധനാജ്ഞയും പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി. ഓരോ ഏഴ് ദിവസവും നിയന്ത്രണ തീരുമാനങ്ങള്‍ വിലയിരുത്തിക്കൊണ്ടിരിക്കണമെന്നും നിര്‍ദ്ദേശിച്ചു.സര്‍ക്കാര്‍ വെബ്‌സൈറ്റുകളും ഇ-ബാങ്കിങ് സേവനങ്ങളും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണം.

ഇന്റര്‍നെറ്റ് സേവനം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായുള്ള ഭരണഘടനാ അവകാശത്തിന്റെ ഭാഗമാണെന്ന്, സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം ജമ്മു കശ്മീരില്‍ കൊണ്ടുവന്ന കടുത്ത നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത ഹര്‍ജികളില്‍ വിധി പറയവേ സുപ്രീം കോടതി വ്യക്തമാക്കി.

ഇന്റര്‍നെറ്റിനുള്ള സ്വാതന്ത്ര്യം മൗലികാവകാശമാണെന്ന കാര്യം അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന ഭരണഘടനയുടെ അനുച്ഛേദം 19(1)(എ)യില്‍ വ്യക്തമാണ്. ഇന്റര്‍നെറ്റ് വഴിയുള്ള വ്യാപാരവും വിപണനവും മൗലികാവകാശമാണ്. അതിനാല്‍ തന്നെ അനിശ്ചിതകാലത്തേക്ക് നിയന്ത്രണങ്ങള്‍ നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കില്ല. ഇത് ടെലികോം നിയമങ്ങളുടെ ലംഘനമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

കശ്മീരിലെ നിരോധനാജ്ഞയ്ക്കുള്ള കാരണങ്ങള്‍ രേഖാമൂലം അറിയിക്കണമെന്ന് കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. രാഷ്ട്രീയ സാഹചര്യം നോക്കിയല്ല കേസില്‍ വിധി പറയുന്നതെന്നും പൗരന്റെ സുരക്ഷയും അവകാശങ്ങളും ഉറപ്പുവരുത്തുകയാണ് കോടതിയുടെ ലക്ഷ്യമെന്നും ജസ്റ്റിസ് എന്‍വി രമണ വിധിന്യായത്തില്‍ പറഞ്ഞു.'എതിരഭിപ്രായങ്ങള്‍ അടിച്ചമര്‍ത്താനുള്ള ഉപകരണമല്ല സെക്ഷന്‍ 144'.കശ്മീര്‍ നിരവധി അക്രമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ഉറപ്പുവരുത്താന്‍ കോടതി പരമാവധി ശ്രമിക്കുമെന്നും വിധിന്യായത്തില്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it