സി.ബി.ഐയുടെ കല്‍ക്കരിക്കേസ് അടിസ്ഥാനമില്ലാത്തത്: അദാനി

'പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിനു മേല്‍ വസ്തുതാപരമായ നിലപാട് സ്വീകരിക്കും'

-Ad-

2010 ലെ എന്‍സിസിഎഫ് കല്‍ക്കരി വിതരണ ടെന്‍ഡറുമായി ബന്ധപ്പെട്ട് അദാനി എന്റര്‍പ്രൈസസിന്റെ ഭാഗത്തു നിന്ന് തെറ്റായൊന്നുമുണ്ടായിട്ടില്ലെന്ന് കമ്പനി അറിയിച്ചു. അദാനി എന്റര്‍പ്രൈസസിനും ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍സിസിഎഫ്) മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ സി.ബി.ഐ  കേസെടുത്തതുമായി ബന്ധപ്പെട്ടാണ് വിശദീകരണം.

‘ഇപ്പോഴുള്ളത് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മാത്രമാണ്. കമ്പനി ഇതിനോട് പ്രതികരിക്കുകയും വസ്തുതാപരമായ നിലപാട് സ്വീകരിക്കുകയും ചെയ്യും,’ വക്താവ് കൂട്ടിച്ചേര്‍ത്തു. കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കല്‍ക്കരി നല്കുന്നതിനുള്ള കരാര്‍ സംഘടിപ്പിച്ചെന്ന ആരോപണവുമായാണ് അദാനിയുടെ കമ്പനിക്കും മൂന്ന് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ആന്ധ്ര പ്രദേശ് പവര്‍ ജനറേഷന്‍ കോര്‍പ്പറേഷന് കല്‍ക്കരി നല്കുന്നതിനുള്ള കരാറാണ് അദാനി എന്റര്‍പ്രൈസസ് നേടിയെടുത്തത്. കമ്പനിക്കു പുറമേ എന്‍സിസിഎഫ് മുന്‍ ചെയര്‍മാന്‍ വീരേന്ദര്‍ സിങ്, മുന്‍ മാനേജിങ് ഡയറക്ടര്‍ ജിപി ഗുപ്ത, മുതിര്‍ന്ന ഉപദേശകന്‍ എസ് സി സിംഘാള്‍ എന്നിവരാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍.

കരാര്‍ ഉറപ്പിക്കുന്നതിനുള്ള വിവിധ ഘട്ടങ്ങളില്‍ അദാനി ഗ്രൂപ്പും ഉദ്യോഗസ്ഥരും ഇടപെട്ടുവെന്നും കമ്മിഷന്‍, ഒഴിവാക്കല്‍ പ്രക്രിയകളില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് അദാനി ഗ്രൂപ്പ് വഴിവിട്ട സഹായങ്ങള്‍ നേടിയെന്നും പ്രഥമവിവരപ്പട്ടികയിലുണ്ട്. ഇറക്കുമതി ചെയ്ത ആറ് ലക്ഷം മെട്രിക് ടണ്‍ കല്‍ക്കരി നല്കുന്നതിനുള്ള കരാര്‍ ഉറപ്പിക്കുന്നതിന് ആദ്യ ടെന്‍ഡറില്‍ ഏഴ് പൊതുമേഖലാ സ്ഥാപനങ്ങളാണ് പങ്കെടുത്തത്. പ്രസ്തുത തീയതി അവസാനിച്ച് ടെന്‍ഡര്‍ നല്കുന്ന നടപടി ആരംഭിക്കാനിരിക്കെ ടെന്‍ഡര്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി നല്കി സ്വകാര്യസംരംഭകരെ കൂടി ഉള്‍പ്പെടുത്തി അദാനിക്ക് വഴിയൊരുക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്.

-Ad-

നാവികസേനയ്ക്ക് ആവശ്യമായ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടില്‍ അദാനിക്കുവേണ്ടി മോഡി സര്‍ക്കാര്‍ ഇളവുകള്‍ നല്കി ഇടപെട്ടുവെന്ന ആരോപണം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഡീസല്‍ യന്ത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാറാണ് അദാനി- ഹിന്ദുസ്ഥാന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് സംയുക്ത സംരംഭങ്ങള്‍ക്ക് ലഭിച്ചത്. എന്നാല്‍ ഈ കമ്പനികള്‍ക്ക് അന്തര്‍വാഹിനികളുടെ നിര്‍മ്മാണത്തില്‍ വേണ്ടത്ര പരിജ്ഞാനമില്ലെന്ന് ആക്ഷേപം ഉയര്‍ന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here