ദുബായി അല്ലെങ്കില്‍ ന്യൂയോര്‍ക്ക്, അദാനി കുടുംബത്തിന് പുതിയ ഓഫീസ്
ഇന്ത്യയ്ക്ക് വെളിയിൽ ഫാമിലി ഓഫീസ് തുറക്കാന്‍ ഒരുങ്ങി ഗൗതം അദാനി (Gautam Adani). രാജ്യത്തിന് പുറത്തേക്ക് അദാനി ഗ്രൂപ്പിന്റെ (Adani Group) സാന്നിധ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ദൂബായി, ന്യൂയോര്‍ക്ക് എന്നീ നഗരങ്ങളാണ് അദാനി പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
അദാനി കുടുംബത്തിന്റെ സ്വകാര്യ ഫണ്ടാവും പുതിയ ഓഫീസിനായി വിനിയോഗിക്കുക. ഫാമിലി ഓഫീസിലേക്കുള്ള പുതിയ മാനേജര്‍മാരുടെ നിയമനം അദാനി ഗ്രൂപ്പ് ആരംഭിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഗൗതം അദാനിയുടെ മൂത്ത സഹോദരന് വിനോദ് അദാനി ദുബായി ആസ്താനമായി ആണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ അദാനി കുടുംബം ദുബായില്‍ ഓഫീസ് തുറക്കാനാണ് കൂടുതല്‍ സാധ്യതയെന്നാണ് വിലയിരുത്തല്‍. ഹുറൂണ്‍ ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ഏറ്റവും സമ്പന്നനായ എന്‍ആര്‍ഐ ഇന്ത്യക്കാരനാണ് വിനോദ് അദാനി.
ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയില്‍ മൂന്നാമനായ ഗൗതം അദാനിയുടെ ആസ്തി ഈ വര്‍ഷം ഉയര്‍ന്നത് 56.4 ബില്യണ്‍ ഡോളറോളം ആണ്. 133 ബില്യണ്‍ ഡോളറാണ് അദാനിയുടെ ആകെ ആസ്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി സിംഗപ്പൂരില്‍ ഫാമിലി ഓഫീസ് തുറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. ഇന്ത്യയ്ക്ക് പുറത്തെ അംബാനിയുടെ ആദ്യ ഓഫീസ് 10-12 മാസങ്ങള്‍ക്കകം പ്രവര്‍ത്തനം തുടങ്ങുമെന്നാണ് വിവരം.