വിമാനത്താവള ഏറ്റെടുക്കല്‍ വൈകിപ്പിക്കാന്‍ അദാനി; കാരണം കൊറോണ

കൊറോണ പ്രതിസന്ധിയുടെ പിടിയില്‍ അദാനി ഗ്രൂപ്പും. അഹമ്മദാബാദ്, ലഖ്‌നൗ, മംഗളൂരു വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരണത്തിലൂടെ ഏറ്റെടുക്കാനുള്ള കരാര്‍ നടപ്പാക്കുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് 'ഫോഴ്‌സ് മജ്യൂര്‍' വ്യവസ്ഥ പ്രകാരം സമയ പരിധി നീട്ടി ആവശ്യപ്പെട്ടിരിക്കുകയാണ് അദാനി.

കേന്ദ്രത്തിന്റെ മിക്ക സ്വകാര്യവല്‍ക്കരണ പദ്ധതികള്‍ക്കും തിരിച്ചടിയായി മാറുകയാണ് കോവിഡ് പ്രതിസന്ധി. 2020 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ അഹമ്മദാബാദ്, ലഖ്‌നൗ, മംഗളൂരു വിമാനത്താവളങ്ങള്‍ക്കായി ആയിരം കോടി രൂപയുടെ ആസ്തി കൈമാറ്റ ഫീസ് അടയ്ക്കുന്നതിനുള്ള സമയപരിധി മാറ്റണമെന്നതാണ് അദാനി ഗ്രൂപ്പിന്റെ ആവശ്യം.

മൂന്ന് വിമാനത്താവളങ്ങളും പരിപാലിക്കുന്നതിനും വികസിപ്പിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമായി ഫെബ്രുവരി 14 ന് അദാനി എഎഐയുമായി കരാറുകളില്‍ ഒപ്പുവെച്ചിരുന്നു. 2018 ല്‍ ആറ് വിമാനത്താവളങ്ങളിലേക്കുള്ള ലേലം നേടി. അതില്‍ തിരുവനന്തപുരം, ജയ്പൂര്‍, ഗുവാഹത്തി എന്നിവയും ഉള്‍പ്പെടുന്നു. എന്നാല്‍ അഹമ്മദാബാദ്, ലഖ്‌നൗ, മംഗളൂരു എന്നിവിടങ്ങളിലേക്ക് മാത്രമാണ് കരാര്‍ ഒപ്പുവച്ചത്.

മല്‍സരാധിഷ്ഠിത ബിഡ്ഡിംഗിന് ശേഷം നേടിയ പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) കരാറില്‍ 'ഫോഴ്സ് മജ്യൂര്‍' വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നു. തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ യുദ്ധം, കലാപം, കുറ്റകൃത്യം അല്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ മുതലായ പ്രകൃതിദത്തവും അനിവാര്യവുമായ ദുരന്തങ്ങളില്‍ നിന്ന് ഉണ്ടാകുന്ന ഏതെങ്കിലും ബാധ്യതകളാല്‍ ഇരു പാര്‍ട്ടികളെയും കരാറിലെ വ്യവസ്ഥകളില്‍ നിന്നു മോചിപ്പിക്കുന്ന ഉപ കരാറണ് 'ഫോഴ്‌സ് മജ്യൂര്‍'.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it