അര്‍ധ അതിവേഗ റെയില്‍: ആകാശ സര്‍വേ മുന്നോട്ട്

തിരുവനന്തപുരം- കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാതയായ സില്‍വര്‍ ലൈനിന്റെ അലൈന്‍മെന്റ് നിശ്ചയിക്കുന്നതിനുള്ള ആദ്യപടിയായി രണ്ടു ദിവസമായി നടന്നു വരുന്ന ആകാശ സര്‍വേ പുരോഗതിയില്‍. 532 കിലോ മീറ്ററിലെ സര്‍വേയ്ക്ക്് പാര്‍ട്ടെനേവിയ പി 68 ഹെലികോപ്റ്ററിലെ ലൈഡാര്‍ സംവിധാനമാണ് ഉപയോഗിക്കുന്നത്. ഏഴു ദിവസം കൊണ്ട് സര്‍വേ പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷ്.

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്ന കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനു (കെ-റെയില്‍) വേണ്ടി ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനമാണ് സര്‍വേ നടത്തുന്നത്. നിര്‍ദിഷ്ട മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ലൈഡാര്‍ സര്‍വെയും ജിയോനോയാണ് നടത്തിയത്. വളരെ വേഗം അലൈന്‍മെന്റ് പൂര്‍ത്തിയാക്കി പണി തുടങ്ങാന്‍ കഴിയും എന്നതാണ് ഈ സര്‍വേയുടെ മെച്ചമെന്ന് കെആര്‍ഡിസില്‍ എംഡി വി.അജിത് കുമാര്‍ അറിയിച്ചു.കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള കമ്പനിയാണ് കെ-റെയില്‍.

ലൈറ്റ് ഡിറ്റക്ഷന്‍ ആന്‍ഡ് റേഞ്ചിങ് എന്നതിന്റെ ചുരുക്കപ്പേരാണ് ലൈഡാര്‍. ലേസര്‍ രശ്മികളുടെ പ്രതിഫലനം ഉപയോഗിച്ചാണ് സര്‍വേ നടത്തുന്നത്. ഹെലികോപ്റ്ററിലുള്ള ലൈഡാര്‍ ഉപകരണത്തില്‍ ലേസര്‍ യൂണിറ്റ്, സ്‌കാനര്‍, ജിപിഎസ് റിസീവര്‍ എന്നിവയുള്‍പ്പെടുന്നു. ലേസര്‍ യൂണിറ്റില്‍നിന്നു പുറപ്പെടുന്ന രശ്മികള്‍ ഭൂമിയുടെ ഉപരിതലം സ്‌കാന്‍ ചെയ്ത് തിരിച്ചെത്തുന്നത് സെന്‍സറില്‍ സ്വീകരിച്ചാണ് റൂട്ട് മാപ്പ് ചെയ്യുന്നത്.

സര്‍വേയ്ക്ക് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലും കേന്ദ്ര പ്രതിരോധ മന്ത്രാലയവും അനുമതി നല്‍കിയതിനു തൊട്ടുപിന്നാലെ പദ്ധതിക്കു കേന്ദ്ര റെയില്‍വെ മന്ത്രാലയവും പച്ചക്കൊടി കാണിച്ചു. അതീവ സുരക്ഷാമേഖലകള്‍ക്കു മുകളിലൂടെ പറക്കേണ്ടതുകൊണ്ടാണ് പ്രതിരോധ വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമായി വന്നത്. ഇന്ത്യന്‍ പൈലറ്റുകള്‍ തന്നെയായിരിക്കണം ഹെലികോപ്റ്റര്‍ പറത്തേണ്ടതെന്ന കര്‍ശന നിബന്ധനയുണ്ട്.

വിശദമായ പദ്ധതി റിപ്പോര്‍ട്ടും (ഡിപിആര്‍) ഫൈനല്‍ ലൊക്കേഷന്‍ സര്‍വേയും വേഗം യാഥാര്‍ത്ഥ്യമാക്കാന്‍ ആകാശ സര്‍വേ മാപ്പ് കെ-റെയിലിനെ സഹായിക്കും. ലോകത്തെങ്ങും ലൈഡാര്‍ സര്‍വെ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ഈ സര്‍വേ പ്രയോജനപ്പെടുത്തുന്ന രണ്ടാമത്തെ റെയില്‍ പദ്ധതിയാണ് സില്‍വര്‍ ലൈന്‍.

തിരുവനന്തപുരം മുതല്‍ തിരൂര്‍വരെയുള്ള 310 കിലോമീറ്റര്‍ ഇപ്പോഴത്തെ റെയില്‍പാതയില്‍നിന്നു മാറിയും തിരൂരില്‍ നിന്നും കാസര്‍കോടു വരെയുള്ള ബാക്കി ദൂരം നിലവിലുള്ള പാതയ്ക്കു സമാന്തരമായും ആയിരിക്കും സില്‍വര്‍ ലൈനിന്റെ അലൈന്‍മെന്റ്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ് ലൈന്‍ സ്ഥാപിക്കുന്നത്. ആകെ 10 സ്റ്റേഷനുകള്‍ വരും. ചെറു പട്ടണങ്ങളെ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിനുള്ള ഫീഡര്‍ സര്‍വീസുമുണ്ടാകും. 200 കിലോമീറ്റര്‍ വേഗത്തിലാണു വണ്ടിയോടുക.

സംസ്ഥാനത്തെ വര്‍ധിച്ചുവരുന്ന അതിരൂക്ഷമായ ഗതാഗത പ്രശ്‌നത്തിന് പരിഹാരമെന്ന നിലയിലാണ് നാലു മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോടു വരെ യാത്ര ചെയ്യാവുന്ന അര്‍ധ അതിവേഗ റെയില്‍ ഇടനാഴി വിഭാവനം ചെയ്തിരിക്കുന്നത്. ഈ പരിസ്ഥിതി സൗഹൃദ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ റോഡപകടങ്ങള്‍ക്കു പുറമെ ബസുകളടക്കമുള്ള വാഹനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണം ഗണ്യമായി കുറയ്ക്കാനാകും. കുറഞ്ഞ യാത്രാസമയം, കൂടുതല്‍ പ്രദേശങ്ങളുമായുള്ള ബന്ധം, യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍, അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന യാത്രാ മാര്‍ഗങ്ങളില്‍നിന്നുള്ള മാറ്റം, റോഡിലെ തിരക്കില്‍നിന്നുള്ള മോചനം എന്നിവയാണ് പദ്ധതിയുടെ മെച്ചങ്ങള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it