വൈദ്യുതി സര്‍ചാര്‍ജ്: റെഗുലേറ്ററി കമ്മീഷനു മുന്നില്‍ പരാതിപ്രളയം

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വൈദ്യുതി വാങ്ങിയ നഷ്ടം നേരിടാന്‍ എല്ലാ ഉപയോക്താക്കളില്‍ നിന്നും യൂണിറ്റിന് 13 പൈസ വീതം സര്‍ചാര്‍ജ് ഈടാക്കണമെന്ന നിലപാടില്‍ എതിര്‍പ്പ് ശക്തം. റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പില്‍ ഹാജരായ ഉപഭോക്തൃ പ്രതിനിധികളുടെ പ്രതിഷേധം ഏകകണ്ഠമായിരുന്നു. വൈദ്യുതി വാങ്ങലില്‍ 34 കോടി രൂപയുടെ ലാഭം ബോര്‍ഡിനുണ്ടായെന്നും അതിനാല്‍ ആറര പൈസ വീതമേ ഈടാക്കാവൂവെന്നും എച്ച്.ടി-ഇ.എച്ച്.ടി വ്യവസായ ഉപഭോക്താക്കളുടെ അസോസിയേഷന്‍ നിലപാടെടുത്തു.

വൈദ്യുതി നിരക്കു വര്‍ധന നടപ്പാക്കി 4 മാസമാകുമ്പോഴാണു 2 ഘട്ടങ്ങളിലായി സര്‍ചാര്‍ജ് കൂടി ഈടാക്കാനുള്ള നീക്കം. ജൂണ്‍ 30വരെയുള്ള ഉപയോഗത്തിന് സര്‍ചാര്‍ജിന് അപേക്ഷ നല്‍കേണ്ടത് തൊട്ടടുത്ത മാസത്തില്‍ ആണ്. എന്നാല്‍, മാസങ്ങള്‍ വൈകിയാണ് ഇക്കുറി അപേക്ഷ നല്‍കിയത്. ഇത് അനുവദിക്കരുതെന്നും വൈകിയതിന് ബോര്‍ഡിനെ ശിക്ഷിക്കണമെന്നും ഡിജോ കാപ്പന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു.

യൂണിറ്റിനു 13 പൈസ സര്‍ചാര്‍ജ് ഈടാക്കണമെന്ന ആവശ്യം സംബന്ധിച്ച കണക്കില്‍ വ്യക്തത വരുത്തുന്നതിനായി കൂടുതല്‍ വിശദാംശങ്ങള്‍ ഹാജരാക്കണമെന്ന് ഇന്നലെ നടന്ന ഹിയറിങ്ങില്‍ റഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെട്ടു. ഇതിനു രണ്ടാഴ്ച സമയം നല്‍കിയിട്ടുള്ളതിനാല്‍ സര്‍ചാര്‍ജ് സംബന്ധിച്ച ഉത്തരവ് വരാന്‍ ഇനിയും ഒരു മാസമെടുത്തേക്കും.

അതേസമയം, യൂണിറ്റിനു 13 പൈസ സര്‍ചാര്‍ജ് പിരിക്കണമെന്ന ആവശ്യത്തിനു പിന്നാലെ തുടര്‍ന്നുള്ള മൂന്നു മാസത്തെ അധികച്ചെലവ് നേരിടുന്നതിനു യൂണിറ്റിനു 10 പൈസ കൂടി സര്‍ചാര്‍ജ് പിരിക്കണമെന്ന ആവശ്യവും വൈദ്യുതി ബോര്‍ഡ് ഉന്നയിച്ചു.

വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നതിന് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 72 കോടി രൂപയുടെയും ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 56 കോടി രൂപയുടെയും അധികച്ചെലവ് ഉണ്ടായെന്നു റഗുലേറ്ററി കമ്മീഷനെ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. 13 പൈസ വീതം 72 കോടി രൂപ പിരിച്ചെടുത്ത ശേഷം 10 പൈസ വീതം 56 കോടി രൂപ കൂടി പിരിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it