നിര്‍മല സീതാരാമന്‍ ബജറ്റിനുശേഷം മാറുമെന്ന് അഭ്യൂഹം

നിര്‍മല സീതാരാമനു പകരം കെ വി കാമത്ത് വൈകാതെ കേന്ദ്ര ധനമന്ത്രിയാകുമെന്ന അഭ്യൂഹം ശക്തം. ധനമന്ത്രിയെന്ന നിലയില്‍ നിര്‍മല സീതാരാമന്‍ നിറവേറ്റുന്ന ഒടുവിലത്തെ പ്രധാന ദൗത്യമായിരിക്കും ഇന്നത്തെ ബജറ്റ് അവതരണമെന്നാണു സൂചന.

നിര്‍മല സീതാരാമന്റെ ഭരണത്തില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്കുണ്ടായ തകര്‍ച്ചയില്‍ എന്‍ഡിഎയ്ക്കും പ്രധാനമന്ത്രിക്കും ഉള്ള അതൃപ്തിയെ തുടര്‍ന്നാണ് ഈ പുതിയ തീരുമാനം എന്നാണ് പുറത്തുവരുന്ന വിവരം.നിര്‍മലയോടൊപ്പം സഹമന്ത്രി(ധനകാര്യം,കോര്‍പ്പറേറ്റ് ഇടപാടുകള്‍) അനുരാഗ് താക്കൂറിനും സ്ഥാന മാറ്റമുണ്ടാകുമെന്ന് പറയപ്പെടുന്നു.ഇരുവര്‍ക്കും മറ്റു വകുപ്പുകള്‍ ലഭിച്ചേക്കും.പ്രതിരോധ മന്ത്രി സ്ഥാനത്തുനിന്നാണ് നിര്‍മല ധനമന്ത്രി സ്ഥാനത്തെത്തിയത്.ബജറ്റിനു മുമ്പായി വ്യവസായികളുമായി പ്രധാനമന്ത്രിയ നടത്തിയ ചര്‍ച്ചയില്‍ നിന്ന് നിര്‍മലയെ മാറ്റി നിര്‍ത്തിയിരുന്നു.

നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്,വലതുപക്ഷ പ്രത്യയശാസ്ത്ര വിദഗ്ധന്‍ സ്വപന്‍ ദാസ് ഗുപ്ത എന്നിവരെയും ധനമന്ത്രാലയത്തില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.മുതിര്‍ന്ന ബാങ്കറും ബ്രിക്‌സ് ബാങ്ക് ചെയര്‍മാനുമാണ് കെ വി കാമത്ത്. ഇന്‍ഫോസിസ് ചെയര്‍മാനായും ഐസിഐസിഐ ബാങ്കിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായും മികവു തെളിയിച്ചിട്ടുണ്ട്.

പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വകലാശാലയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണര്‍ അംഗവുമാണിപ്പോള്‍.2010 മുതല്‍ ഹ്യൂസ്റ്റണ്‍ ആസ്ഥാനമായുള്ള ഓയില്‍ സര്‍വീസ് കമ്പനിയായ ഷ്ളമ്പര്‍ഗറിന്റെയും ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാതാക്കളായ ലുപിന്റെയും ബോര്‍ഡുകളില്‍ സ്വതന്ത്ര ഡയറക്ടറായി സേവനമനുഷ്ഠിച്ചു.

വളര്‍ച്ച തിരിച്ചുവരാന്‍ വേണ്ടിയുള്ള എന്തൊക്കെ നടപടികള്‍ ബജറ്റ് 2020 ലൂടെ നിര്‍മല സീതാരാമന്‍ പ്രഖ്യാപിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണു രാജ്യം.രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയുന്ന തരത്തിലായിരിക്കില്ല ഇത്തവണത്തെ ബജറ്റ് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം ഏഴു മുതല്‍ ഏഴര ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക സര്‍വേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അഞ്ച് ശതമാനം സാമ്പത്തിക വളര്‍ച്ച മാത്രമേ സാധ്യമായുള്ളൂ. സമ്പദ് വ്യവസ്ഥയുടെ മിക്ക ഘടകങ്ങളും പ്രതിസന്ധിയിലായ ഘട്ടത്തിലാണ് നിര്‍മ്മലയുടെ ബജറ്റവതരണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it