എഫ്പിഐ രജിസ്‌ട്രേഷനുള്ള 16 ചൈനീസ് സ്ഥാപനങ്ങളുടെ നീക്കം നിരീക്ഷിച്ച് സെബി

ചൈന ആസ്ഥാനമായുള്ള 16 സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപക(എഫ്പിഐ) വിഭാഗം സ്ഥിര രജിസ്‌ട്രേഷനുമായി
പ്രവര്‍ത്തിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ബഹുരാഷ്ട്ര വികസന ബാങ്കായ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് (എഐഐബി), ചൈനയുടെ സെന്‍ട്രല്‍ ബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന (പിബിഒസി) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യന്‍ മൂലധന വിപണികളില്‍ നിക്ഷേപത്തിനായി രജിസ്റ്റര്‍ ചെയ്ത് വ്യാപാരത്തില്‍ പങ്കെടുത്തുവരുന്നു ഈ സ്ഥാപനങ്ങള്‍. എഫ്പിഐ രജിസ്‌ട്രേഷന്‍ ഒരു ഒറ്റത്തവണ പ്രക്രിയയാണെന്നും മൂന്നു വര്‍ഷം കൂടുമ്പോള്‍ നിശ്ചിത ഫീസ് അടച്ച് പുതുക്കുകയെന്നതാണ് സാധാരണയായുള്ള അനുബന്ധ നടപടി ക്രമമെന്നും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചൂണ്ടിക്കാട്ടി. ഇതില്‍ സെബിക്കു പ്രത്യേകമായൊന്നും ചെയ്യാനില്ല. 2011 മെയ് 4 നാണ്് പിബിഒസി രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ഫീസ് അടച്ചുകൊണ്ട് രജിസ്‌ട്രേഷന്‍ തുടരുകയാണെന്നും സെബി അറിയിച്ചു.

നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡില്‍ (എന്‍എസ്ഡിഎല്‍) ലഭ്യമായ ഡാറ്റ പ്രകാരം, ചൈന ആസ്ഥാനമായുള്ള 16 സ്ഥാപനങ്ങള്‍ക്കു പുറമേ ഹോങ്കോംഗ് ആസ്ഥാനമായുള്ള 111 സ്ഥാപനങ്ങളും ഇന്ത്യയില്‍ എഫ്പിഐകളായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 124 എണ്ണമാണ് തായ്വാനില്‍ നിന്നുള്ളത്. ഇവയില്‍ ചിലതും ഫലത്തില്‍ ചൈനീസ് കമ്പനികളാണെന്ന്്് നിരീക്ഷകര്‍ പറയുന്നു. ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ കാര്യമായ നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ടുണ്ടെങ്കിലും മറ്റ് പല രാജ്യങ്ങളിലും നടത്തിയിട്ടുള്ളതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആസ്തികള്‍ ഇപ്പോഴും വളരെ ചെറുതാണ്.യുഎസ്, മൗറീഷ്യസ്, സിംഗപ്പൂര്‍, ലക്‌സംബര്‍ഗ്, യുകെ, അയര്‍ലന്‍ഡ്, കാനഡ, ജപ്പാന്‍, നോര്‍വേ, നെതര്‍ലാന്‍ഡ്സ് എന്നിവയാണ് ചൈനീസ് എഫ്പിഐകളുടെ കസ്റ്റഡിയിലുള്ള ഏറ്റവും വലിയ പത്ത് രാജ്യങ്ങള്‍. ഈ കമ്പനികളുടെ 28 ലക്ഷം കോടി രൂപ വരുന്ന മൊത്തം ആസ്തിയുടെ 80 ശതമാനത്തിലധികവും ഈ പത്ത് രാജ്യങ്ങളിലാണ്.

ഇന്ത്യയില്‍ ചില കമ്പനികളുടെ ആധിപത്യം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ചൈനീസ് കമ്പനികളെന്ന ആരോപണം പുറത്തുവന്നിരുന്നു.
അതിന് തടയിടാന്‍ വിദേശത്തു നിന്നു നേരിട്ടുള്ള നിക്ഷേപത്തിന് (എഫ്ഡിഐ) കടിഞ്ഞാണിട്ട ഇന്ത്യ, ഓഹരിവിപണി വഴിയുള്ള ഫോറിന്‍ പോര്‍ട്ട് ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റിനും (എഫ്പിഐ) കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താനും തീരുമാനിച്ചത് ഇതേത്തുടര്‍ന്നാണ്. ഇതിനെതിരേ ചൈന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഇന്ത്യയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന എച്ച്ഡിഎഫ്‌സി (ഹൗസിങ് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍) യുടെ 1. 01 ശതമാനം ഓഹരി പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന സ്വന്തമാക്കിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ അപകടം മണത്തത്. നേരത്തേ പാക്കിസ്ഥാനും ബംഗ്ലദേശിനും മാത്രമായിരുന്നു ഇന്ത്യയില്‍ നേരിട്ടു നിക്ഷേപം നടത്തുന്നതിന് നിയന്ത്രണം. ഇപ്പോഴത് ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ രാജ്യങ്ങള്‍ക്കും-ചൈന, നേപ്പാള്‍ ,ഭൂട്ടാന്‍, മ്യാന്‍മര്‍- ബാധകമാക്കി.

മേലില്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള എഫ്ഡിഐ മുന്‍കൂട്ടി സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ കഴിയൂ. എഫ്ഡിഐ നിയന്ത്രിക്കുന്നത് കേന്ദ്ര ധനമന്ത്രാലയം നേരിട്ടാണ്.എഫ്പിഐ ചുമതല സെബിക്കും. എല്ലാ എഫ്പിഐയുടെയും പിന്നില്‍ ആരാണ്, ഏതു രാജ്യക്കാരാണ് എന്നു കണ്ടെത്താന്‍ സെബിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനീസ്, ഹോങ്കോംഗ് കമ്പനികളുടെ കാര്യത്തില്‍ കര്‍ശന സൂക്ഷ്മത പുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശം.

ഓഹരി വിപണിയില്‍ എഫ്പിഐ വഴി ഒരു കമ്പനിയുടെ 9.9 ശതമാനം ഓഹരി വാങ്ങാം. അതില്‍ക്കൂടുതല്‍ നിക്ഷേപം നടത്തിയാല്‍ അത് എഫ് ഡിഐ ആകും. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ് കമ്പനികളില്‍ ഭൂരിഭാഗവും ചൈനയില്‍ നിന്ന് എഫ്ഡിഐ സ്വീകരിച്ചവയാണ്. 92 കമ്പനികള്‍ക്കാണ് ചൈന പണം നല്‍കിയിട്ടുള്ളത്. അവയില്‍ത്തന്നെ യൂണികോണ്‍ വിഭാഗത്തില്‍പ്പെട്ട വലിയ 30 കമ്പനികളില്‍ പതിനെട്ടും ചൈനയില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചവയാണ്. ഇന്ത്യ മാത്രമല്ല ചൈനയുടെ കടന്നു കയറ്റത്തിനെതിരെ ഓസ്‌ട്രേലിയയും ജര്‍മ്മനിയും പ്രതിരോധ നടപടികള്‍ കൈക്കൊണ്ടു കഴിഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it