ഭോപ്പാലില്‍ വാതക ദുരന്തം അതിജീവിച്ചവരെ കീഴടക്കി കൊറോണയുടെ പടയോട്ടം

ഗുജറാത്തിലെ ഭോപ്പാലില്‍ കോവിഡ് മരണത്തിനു കീഴടങ്ങിയ 10 പേരും 1984 ഡിസംബറിലെ വിഷ വാതക ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ടവരായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തെ അന്ന് കഷ്ടിച്ച് അതിജീവിച്ചവരെല്ലാം ഇപ്പോള്‍ ഇതു മൂലം അധിക ഭീതിയാലാണ്.

വിഷവാതകം ശ്വസിച്ച് മരണ വക്ത്രത്തിലായ ശേഷം കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുമായി ജീവിക്കുന്ന ആയിരങ്ങളുണ്ട് ഭോപ്പാലില്‍. ഇവരില്‍ ചിലരിലേക്ക് കൊറോണ വൈറസ് ബാധ കടന്നുവന്നത് വളരെ കടുത്ത ആഘാതമുളവാക്കിയാണ്്. ഏപ്രില്‍ 22 -ന് എഴുപതുകാരനായ റസാഖ് ഖുറേഷി എന്ന പുത്ലിഘര്‍ സ്വദേശി മരണത്തിനു കീഴടങ്ങി, ഭോപ്പാലില്‍ കൊവിഡ് ബാധിച്ച് മരണപ്പെടുന്ന പത്താമത്തെ രോഗി. മരിച്ച് രണ്ടു ദിവസത്തിനു ശേഷമാണ്് ഖുറേഷിയുടെ മരണം കൊവിഡ് മൂലമായിരുന്നെന്നു സ്ഥിരീകരിച്ചത്. നഗരത്തില്‍ അന്നുവരെ കൊവിഡ് ബാധിച്ചു മരിച്ച പത്തു രോഗികളും വിഷവാതക ദുരന്തത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളായിരുന്നെന്ന നിരീക്ഷണം ഇതോടെ രാജ്യശ്രദ്ധ പിടിച്ചുപറ്റി.

ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക അപകടങ്ങളിലൊന്നായ ഭോപ്പാല്‍ വാതക ദുരന്തം 1984 ഡിസംബര്‍ 2 ന് അര്‍ദ്ധരാത്രിയിലാണു സംഭവിച്ചത്, മാരക രാസവസ്തുവായ മെഥൈല്‍ ഐസോസയനേറ്റ് (എംഐസി) യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡിന്റെ (യുസിഎല്‍) കീടനാശിനി ഫാക്ടറിയില്‍ നിന്ന് ചോര്‍ന്ന്. ഏകദേശം 40 ടണ്‍ എംഐസി മൂലം 3,900 ല്‍ അധികം ആളുകള്‍ ഉടന്‍ മരിച്ചു. 16,000 ത്തോളം ആളുകള്‍ പരോക്ഷമായി വാതക സംബന്ധമായ രോഗങ്ങളാല്‍ കൊല്ലപ്പെട്ടു. 600,000 പേരെയാണ് മൊത്തത്തില്‍ ബാധിച്ചത്.5.5 ലക്ഷം പേര്‍ ദുരന്തത്തെ അതിജീവിച്ചതായാണ് കണക്ക്. അവരില്‍ നല്ലൊരു ശതമാനം ജീവിച്ചിരിക്കുന്നു. കൂടെയുള്ള പലരുടെയും മരണത്തിനു കാരണമായ അതേ വാതകം ശ്വസിച്ചിട്ടും മരണപ്പെടാതിരുന്ന അവര്‍ക്ക് പക്ഷേ അതിന്റെ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ സഹിക്കേണ്ടതായി വന്നു.

വല്ലാത്ത അരക്ഷിതാവസ്ഥയിലും പ്രാണഭയത്തിലുമാണവരിപ്പോള്‍. നഗരത്തെ മുഴുവന്‍ ഒരു ഗ്യാസ് ചേംബര്‍ ആക്കി മാറ്റിയ ആ ദുരന്താനുഭവത്തിന്റെ ഓര്‍മകളില്‍ നിന്ന് ഇന്നും മുക്തരാകാന്‍ പലര്‍ക്കുമായിട്ടില്ല. തലമുറകളായി ആശ്രയിച്ചുപോന്ന നഗരത്തിലെ കുടിവെള്ളത്തെപ്പോലും ദുരന്തം ഉപയോഗശൂന്യമാക്കിക്കളഞ്ഞു. പലരുടെയും ശ്വാസകോശങ്ങളും, ഹൃദയവും, കരളും ദുര്‍ബലമാണ്. അതുകൊണ്ടുതന്നെ കൊവിഡ് ബാധയുണ്ടാകുമ്പോള്‍ മരണനിരക്ക് ഉയരാന്‍ കാരണമാകുന്ന 'പ്രീ എക്‌സിസ്റ്റിങ് കണ്ടീഷന്‍സ്' ഗണത്തില്‍ പെടുന്ന ഹൈപ്പര്‍ ടെന്‍ഷന്‍, കാര്‍ഡിയോ വാസ്‌കുലാര്‍ ഡിസോര്‍ഡര്‍, പ്രമേഹം, കിഡ്നി തകരാര്‍ തുടങ്ങി നാനാവിധ അസുഖങ്ങളാല്‍ വലഞ്ഞിരിക്കുകയാണ് അവരില്‍ മിക്കവരും. സാധാരണക്കാരനായ ഒരാള്‍ക്ക് കൊവിഡ് വരാനും വന്നാല്‍ മരിക്കാനുമുള്ള സാധ്യതയേക്കാള്‍ എത്രയോ അധികമാണ് വാതക ദുരന്തത്തില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടവരുടെ മരണ സാധ്യത എന്ന് അവര്‍ മനസിലാക്കുന്നു.

വാതക ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 21 ന് നാല് ആക്ടിവിസ്റ്റ് ഗ്രൂപ്പുകള്‍ കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഗ്യാസ് ദുരന്തത്തില്‍ ദേഹം ദുര്‍ബലമായവര്‍ക്ക് രോഗം ബാധിച്ചാല്‍ മരിക്കാനുള്ള സാധ്യതയ്ക്കൊപ്പം മറ്റുള്ളവരെക്കാള്‍ വേഗത്തില്‍ കൊവിഡ് ബാധിക്കാനുള്ള സാധ്യതയും അധികമാണ് എന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഭോപ്പാല്‍ ഗ്യാസ് ട്രാജഡി പീഡിതര്‍ക്കുവേണ്ടിയുള്ള ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്ന നഗരത്തിലെ ആശുപത്രി കൊവിഡ് ആശുപത്രിയായി സംസ്ഥാനത്തെ പ്രിന്‍സിപ്പല്‍ ഹെല്‍ത്ത് സെക്രട്ടറി പ്രഖ്യാപിച്ചിട്ടുണ്ട്.

മുമ്പ് വാതക ദുരന്തത്തിന് ഇരയായവര്‍ എന്ന പരിഗണന തങ്ങളോട് കാണിക്കാനോ, തങ്ങള്‍ക്ക് വേണ്ട മുന്നറിയിപ്പുകളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കാനോ ഒന്നും ആരുമുണ്ടായിരുന്നില്ല എന്ന് രോഗബാധിതരില്‍ പലരും പരാതിപ്പെട്ടു. മധ്യപ്രദേശിലെ കൊവിഡ് നിവാരണപ്രവര്‍ത്തനങ്ങള്‍ ആകെ താറുമാറായ അവസ്ഥയിലാണ് എന്നാണ് ഇവര്‍ പറയുന്നത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട പ്രിന്‍സിപ്പല്‍ ഹെല്‍ത്ത് സെക്രട്ടറി തന്നെ കൊവിഡ് ബാധിച്ച് ക്വാറന്റൈനില്‍ ആണ്. ഏറ്റവും പുതിയ വിവരമനുസരിച്ച് 162 കോവിഡ് മരണങ്ങളാണ് ഗുജറാത്തില്‍ സംഭവിച്ചിരിക്കുന്നത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്നിട്ടുള്ള സംസ്ഥാനവും ഗുജറാത്ത് തന്നെ. അതിവേഗത്തില്‍ കോവിഡ് പകര്‍ച്ച നടക്കുന്ന ഏഴ് സംസ്ഥാനങ്ങളില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്നതും ഗുജറാത്താണ്.

രണ്ട് തരം കൊറോണ വൈറസ് സ്‌ട്രെയിനുകള്‍ (ഉപജാതികള്‍) ഉള്ളതില്‍ രൂക്ഷ ആക്രമണശേഷിയുള്ള വൈറസ്സാണ് ഗുജറാത്തില്‍ പടര്‍ന്നിരിക്കുന്നതെന്നാണ് ഗുജറാത്ത് ബയോടെക്‌നോളജി റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ സിജി ജോഷി പറയുന്നത്. വുഹാനില്‍ പടര്‍ന്ന ഈ കൊറോണ വൈറസിനെ 'എല്‍-ടൈപ്പ്' എന്നാണ് വിളിക്കുന്നത്.എല്‍-ടൈപ്പ് ജാതിയില്‍ പെട്ടവ കൂടുതലുള്ള സ്ഥലങ്ങളില്‍ മരണനിരക്ക് വളരെ കൂടുതലാണ്. വുഹാനില്‍ നിന്നുള്ള 'ഒറിജിനല്‍ സ്‌ട്രെയിന്‍' വൈറസ് ഗുജറാത്തിലെത്തിയെന്നാണ് സര്‍ക്കാരും വിശ്വസിക്കുന്നത്. മറ്റൊരു സംസ്ഥാനവും ഇത്തരമൊരു വിവരവുമായി രംഗത്തു വന്നിട്ടില്ല.വുഹാനില്‍ നിന്നും നേരിട്ട് ആദ്യം വൈറസ് എത്തിയത് കേരളത്തിലായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it