ട്രംപിന്റെ ആ വിളി ഇഷ്ടപ്പെട്ടു, ട്വിറ്ററിൽ പേരു മാറ്റി ആപ്പിൾ സിഇഒ

ട്വിറ്ററിൽ പേര് മാറ്റി ആപ്പിൾ സിഇഒ ടിം കുക്ക്. പുതിയ പേരിന് അദ്ദേഹം 'കടപ്പെട്ടിരിക്കുന്നത്' യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടാണ്.

കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിൽ ആപ്പിൾ കമ്പനിയുടെയും സിഇഒയുടെ സംഭാവനകളെക്കുറിച്ച് ട്രംപ് വാചാലനായിരുന്നു.

"ടിമ്മിനെപ്പോലത്തെ ആളുകൾ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കുന്നു. ഇതുതന്നെയാണ് നിങ്ങൾ ചെയ്യേണ്ടതെന്നാണ് ഞാൻ തുടക്കം മുതൽ പറയാറുള്ളത്. നിങ്ങൾ ഇവിടെ നിക്ഷേപിക്കണമെന്ന് ടിമ്മിനോട് ഞാൻ പറയാറുണ്ട്. അദ്ദേഹം അത് തന്നെ ചെയ്തു. നമ്മുടെ രാജ്യത്ത് വലിയ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ടിം ആപ്പിൾ, ഇതിന് താങ്കൾ അഭിനന്ദനമർഹിക്കുന്നു."

ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനിയുടെ സിഇഒയുടെ പേര് കൃത്യമായി പറയാൻ ട്രംപിന് സാധിക്കാതിരുന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

എന്തായാലും ആ വിളി ടിം കുക്കിന് ഇഷ്ടപെട്ടെന്നാണ് തോന്നുന്നത്. ഇതിനുശേഷം തന്റെ ട്വിറ്റർ പ്രൊഫൈലിൽ ടിം കുക്ക് എന്ന പേര് മാറ്റി 'ടിം' എന്നാക്കി മാറ്റി. വാലറ്റത്ത് ആപ്പിളിന്റെ ഇമോജിയും.

മാക്, ഐഒഎസ് ഡിവൈസുകൾ ഉപയോഗിക്കുന്നവർക്കുമാത്രമേ ആപ്പിൾ ഇമോജി കാണാൻ സാധിക്കുവെന്ന് മാത്രം

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it