ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ്സ് വാര്‍ത്തകള്‍; നവംബര്‍ 11

സൗദി അരാംകോയുടെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) നവംബര്‍ 17 ന് ആരംഭിക്കും

-Ad-
1.അരാംകോ ഐ.പി.ഒ നവംബര്‍ 17 ന്

സൗദി അരാംകോയുടെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) നവംബര്‍ 17 ന് ആരംഭിക്കും. 17 മുതല്‍ ഐപിഒയ്ക്ക് വേണ്ടിയുളള ബിഡുകള്‍ സമര്‍പ്പിക്കാം. എന്നാല്‍,  വില്‍ക്കാന്‍ പോകുന്ന ഓഹരികളുടെ വലുപ്പത്തെക്കുറിച്ചോ വിലനിലവാരത്തെക്കുറിച്ചോ വിശദമായ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

ബിഡിങ് നടപടികള്‍ അവസാനിക്കുന്ന ഡിസംബര്‍ അഞ്ചിന് ഓഹരി വില സംബന്ധിച്ച് അന്തിമ വിവരങ്ങള്‍ ലഭിക്കും. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയ്ക്കാകും റിയാദ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സാക്ഷ്യം വഹിക്കുകയെന്നാണ് സൂചന.

2.ഓഹരി വിപണിക്കു കരുത്തേകി വീണ്ടും വിദേശ നിക്ഷേപം

ഇന്ത്യന്‍ ഓഹരികള്‍ക്ക് കരുത്തായി വീണ്ടും വിദേശ നിക്ഷേപമുയരുന്നു. ഈമാസം ഇതുവരെ 6,433.80 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികളാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്.പി.ഐ) വാങ്ങിയത്. കടപ്പത്ര വിപണിയില്‍ 5,673.87 കോടി രൂപയുടെ വിദേശ നിക്ഷേപവും ലഭിച്ചു. കടപ്പത്രവും ഓഹരികളും ചേരുന്ന ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് ഈ മാസം ആകെ ഒഴുകിയെത്തിയ വിദേശ നിക്ഷേപം 12,107.67 കോടി രൂപയാണ്.

-Ad-
3.വ്യാവസായിക മേഖലയിലെ മാന്ദ്യം; രാജ്യത്തെ വൈദ്യുതി ആവശ്യം കുറഞ്ഞുവരുന്നു

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണെന്നതിന്റെ സൂചന നല്‍കി കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ കണക്കുകള്‍. ഇന്ത്യയിലെ വൈദ്യുതി ആവശ്യം തുടര്‍ച്ചയായി മൂന്നാം മാസവും കുറഞ്ഞു തന്നെ. വൈദ്യുത വിതരണ കേന്ദ്രത്തില്‍ നിന്നുമുള്ള വിതരണത്തില്‍ ഒക്ടോബറില്‍ മാത്രം 13.2 ശതമാനം ഇടിവുണ്ടായി.വ്യാവസായിക മേഖലയിലെ മാന്ദ്യമാണ് വൈദ്യുതാവശ്യത്തിന് കുറവ് വന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്ന ഒരു കാരണം. കാലവര്‍ഷം നീണ്ടത് കാര്‍ഷികമേഖലയില്‍ ജലസേചന ആവശ്യങ്ങള്‍ക്ക് വൈദ്യുതി ഉപയോഗിക്കുന്നതിലും കുറവ് വരുത്തി.

4.ബി.എസ്.എന്‍.എല്‍ 4 ജി സേവനം ആറു മാസത്തിനകം

പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍ 4 ജി സേവനത്തിന് ആറു മാസത്തിനകം തുടക്കമിടും. നിലവിലെ സാങ്കേതികവിദ്യ മെച്ചപ്പെടുത്തി വരികയാണെന്നും ആദ്യഘട്ടത്തില്‍ 4ജി സേവനം ലഭ്യമാക്കേണ്ട സ്ഥലങ്ങളുടെ തിരഞ്ഞെടുപ്പ് നടക്കുകയാണെന്നും  ബി.എസ്.എന്‍.എല്‍ ചെയര്‍മാന്‍ പ്രവീണ്‍ കുമാര്‍ പര്‍വാര്‍ പറഞ്ഞു.

5 ജി.എസ്.ടി റിട്ടേണ്‍ സമര്‍പ്പിക്കാതെ കേരളത്തില്‍ ഒന്നേകാല്‍ ലക്ഷം പേര്‍

കേരളത്തില്‍ ഒന്നേകാല്‍ ലക്ഷം പേര്‍ ഇനിയും ജി.എസ്.ടി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ല. ഇവരുടെ പട്ടിക ജി.എസ്.ടി വകുപ്പ് പ്രസിദ്ധീകരിച്ചു. മൂന്നു ലക്ഷത്തോളം പേരാണ് സംസ്ഥാനത്ത്  ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ളത്. ഡിസംബര്‍ ഒന്നിനകം നികുതി ഒടുക്കാത്ത പക്ഷം ശിക്ഷാനടപടികളുണ്ടാകുമെന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here