സെയ്ല്‍സ് ഫോഴ്‌സ് ഡോട്ട് കോമിനെ ഇന്ത്യയില്‍ അരുന്ധതി ഭട്ടാചാര്യ നയിക്കും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ യുഎസ് ക്ലൗഡ്അ ധിഷ്ഠിത സേവന ദാതാക്കളായ സെയില്‍സ്‌ഫോഴ്‌സ് ഡോട്ട് കോമിന്റെ ഇന്ത്യന്‍ മേധാവിയായി ചുമതലയേല്‍ക്കുന്നു. ഏപ്രില്‍ 20 മുതല്‍ കമ്പനിയുടെ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക അരുന്ധതിയായിരിക്കും.
സെയ്ല്‍സ് ഫോഴ്‌സ് ഡോട്ട് കോമിന്റെ പ്രധാന വിപണികളിലൊന്നാണ് ഇന്ത്യ. അടുത്ത ഘട്ടവളര്‍ച്ചയ്ക്ക് അരുന്ധതിയുടെ നേതൃത്വം വളരെയധികം ഗുണം ചെയ്യുമെന്ന് സെയ്ല്‍സ് ഫോഴ്‌സ് ഇന്റര്‍നാഷണലിന്റെ പ്രസിഡന്റും സിഇഒയുമായ ഗാവിന്‍ പട്ടേഴ്‌സണ്‍ പറയുന്നു.

എസ്ബിഐയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം അലങ്കരിച്ച ആദ്യ വനിതയാണ് അരുന്ധതി. രാജ്യത്തെ ബാങ്കിംഗ് മേഖല ഏറ്റവും നിര്‍ണായകമായ കാലഘട്ടത്തിലൂടെ കടന്നു പോയിരുന്ന അവസരത്തിലായിരുന്നു അരുന്ധതി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തലപ്പത്തിരുന്നത്. മറ്റു പൊതു മേഖലാ ബാങ്കുകള്‍ വായ്പയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരുന്ന സാഹര്യത്തിലും ടെക്‌നോളജിയാണ് മുന്നോട്ടു നയിക്കുകയെന്ന് കണ്ടറിഞ്ഞ് അതിനായി നിക്ഷേപിക്കാനും ചീഫ് ടെക്‌നോളജി ഓഫീസറെ നിയമിച്ചുകൊണ്ട് മറ്റ് ഫിന്‍ ടെക് സ്ഥാപനങ്ങളോട് മത്സരിച്ചു നില്‍ക്കാനും എസ്ബിഐയെ പ്രാപ്തമാക്കിയതിനു പിന്നില്‍ അരുന്ധതിയുടെ ദീര്‍ഘവീക്ഷണവുമുണ്ട്.

ടാലന്റ് ഹബ് എന്നതിനപ്പുറം വളര്‍ച്ച പ്രാപിക്കുന്ന വിപണിയെന്ന തലത്തിലും ഇന്ത്യ മാറിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് ടെക്‌നോളജി രംഗത്തേക്കുള്ള 63 കാരിയായ അരുന്ധതിയുടെ ഈ കരിയര്‍ മാറ്റം. വിപ്രോയുടെ സ്വതന്ത്ര ഡയറക്ടര്‍ കൂടിയാണ് അരുന്ധതി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it