അസെന്‍ഡ് 2020 നാളെ മുതല്‍

നിക്ഷേപകര്‍ക്കു മുന്നില്‍ മാറ്റുരയ്ക്കാന്‍ തയ്യാറെടുത്ത് രണ്ടായിരം സ്റ്റാര്‍ട്ടപ്പുകള്‍

-Ad-

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമമായ അസെന്‍ഡ് കേരള രണ്ടാം പതിപ്പിന് നാളെ കൊച്ചിയില്‍ തുടക്കമാകും.100 കോടിയിലേറെ മുതല്‍ മുടക്കുള്ള 18 മെഗാ പദ്ധതികളുള്‍പ്പെടെ നൂറില്‍പരം വ്യവസായ പദ്ധതികളാണ് സര്‍ക്കാര്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.

രണ്ടു ദിവസത്തെ സംഗമം ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
അടിസ്ഥാന സൗകര്യം, പെട്രോകെമിക്കല്‍സ്, പ്രതിരോധം, കാര്‍ഷിക-ഭക്ഷ്യ സംസ്‌കരണം എന്നിവ മുതല്‍ ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍, വിനോദസഞ്ചാരം, തുറമുഖങ്ങള്‍ എന്നിങ്ങനെ വിവിധ പദ്ധതികളുടെ നിരയാണ് തയ്യാറാകുന്നത്. ജൈവ ശാസ്ത്രം, മത്സ്യബന്ധനം, ഗതാഗതം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികളുമുണ്ടാകും.

ആഗോള വ്യവസായ പ്രമുഖര്‍, വിജയികളായ സംരംഭകര്‍, വ്യാവസായിക പരിഷ്‌ക്കരണത്തിന് പ്രോല്‍സാഹനം നല്‍കുന്ന വ്യക്തികള്‍ എന്നിവരുടെ കാഴ്ചപ്പാടില്‍ സംസ്ഥാനത്തെ ബിസിനസ് നടത്തിപ്പിനെ വിശകലനം ചെയ്യും.വ്യാവസായിക പാര്‍ക്കുകള്‍, ലോജിസ്റ്റിക്സ്, എംഎസ്എംഇ, ഗതാഗത വികസനവും വൈദ്യുത വാഹനങ്ങളും, ജീവശാസ്ത്രം, ആയുര്‍വേദം, ടൂറിസം, ഭക്ഷ്യ സംസ്‌ക്കരണം, തുറമുഖവും വ്യോമയാന സാധ്യതകളും തുടങ്ങിയ വിഷയങ്ങളിലാണ് വിദഗ്ധ ചര്‍ച്ചകള്‍ നടക്കുന്നത്.

-Ad-

നൂറു കോടിയിലേറെ രൂപ മുതല്‍ മുടക്കുള്ളതും 500 പേര്‍ക്കെങ്കിലും തൊഴിലവസരങ്ങള്‍ നല്‍കുന്നതുമാണ് നിര്‍ദ്ദിഷ്ട പദ്ധതികള്‍. കൊച്ചി-പാലക്കാട് സംയോജിത ഉല്‍പ്പാദന ക്ലസ്റ്റര്‍, ആമ്പല്ലൂര്‍ ഇലക്ട്രോണിക്‌സ് ഹാര്‍ഡ്വെയര്‍ പാര്‍ക്ക്, കൊച്ചി ബിപിസിഎല്‍ റിഫൈനറിക്കുസമീപം പ്രൊപ്പലിന്‍ ഓക്‌സൈഡ് പ്ലാന്റ്, പിവിസി ഉല്‍പ്പാദന പ്ലാന്റ്, 900 കോടിയുടെ സൂപ്പര്‍ അബ്‌സോര്‍ബന്റ് പോളിമര്‍ പ്ലാന്റ്, പെട്രോ കെമിക്കല്‍ പാര്‍ക്ക്, 400 കോടി രൂപ മുടക്കുള്ള ലോജിസ്റ്റിക്‌സ് ഹബ്, കൊച്ചി തുറമുഖത്ത് പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിനുസമീപം 300 കോടി രൂപയുടെ ക്രയോജനിക് വെയര്‍ഹൗസ് തുടങ്ങിയവയാണ് മെഗാ പദ്ധതികളില്‍ ചിലത്. നിക്ഷേപകര്‍ക്ക് അനുമതികളും അംഗീകാരങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ഉടനടി ലഭ്യമാക്കാനായി തുടങ്ങിയ ഇന്റര്‍ ആക്ടീവ് പോര്‍ട്ടലായ ഇന്‍വെസ്റ്റ് കേരള ഏകജാലകസംവിധാനമാക്കി പുതുക്കി അവതരിപ്പിക്കുമെന്ന് മന്ത്രി  ഇ പി ജയരാജന്‍ പറഞ്ഞു.

അസെന്‍ഡ് കേരള 2020ല്‍ അവതരിപ്പിക്കാനായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തത് രണ്ടായിരത്തിലധികം സ്റ്റാര്‍ട്ടപ്പുകളാണ്. 1500 സ്റ്റാര്‍ട്ടപ്പുകളെയാണ് പ്രതീക്ഷിച്ചിരുന്നതെന്നും രജിസ്റ്റര്‍ ചെയ്തവര്‍ക്കെല്ലാം നിക്ഷേപകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, എയ്ഞ്ചല്‍ നിക്ഷേപകര്‍ എന്നിവര്‍ക്കുമുന്നില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കുമെന്നും സംസ്ഥാന വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍ അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here