ആയുഷ്മാന്‍ ഖുറാന, കോവിഡ് കാലത്തെ ഹോട്ട് ബ്രാന്‍ഡ്!

പുതിയ ചില കരാറുകള്‍ കൂടി ഒപ്പു വച്ചതോടെ ഖുറാന എന്‍ഡോഴ്‌സ് ചെയ്യുന്ന ബ്രാന്‍ഡുകളുടെ എണ്ണം 17 ആയി

Ayushmann Khurrana
-Ad-

കൊറോണ കാലത്തും ബ്രാന്‍ഡുകളുടെ ഇഷ്ട താരമായി നിലയുറപ്പിച്ചിരിക്കുകയാണ് ബോളിവുഡ് നടനും ഗായകനുമായ ആയുഷ് മാന്‍ ഖുറാന. എട്ടോളം ബ്രാന്‍ഡുകളുമായാണ് താരം അടുത്തിടെ ബ്രാന്‍ഡ് എന്‍ഡോര്‍സ്‌മെന്റിനുള്ള കരാര്‍ ഒപ്പു വച്ചത്. ടൈഡ് ഇന്ത്യ, ടൊയോട്ടയുടെ അര്‍ബന്‍ ക്രൂയ്‌സര്‍, നെസ്റ്റ്‌ലെയുടെ കിറ്റ്കാറ്റ്, ബജാജ് അലയന്‍സ്, ജെഎസ്ഡബ്യു പെയ്ന്റ്‌സ്, സ്‌പ്രൈറ്റ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

പുതിയ കരാറുകള്‍ കൂടി ആയതോടെ ഖുറാന എന്‍ഡോസ്‌ഴ്‌സ് ചെയ്യുന്ന ബ്രാന്‍ഡുകളുടെ എണ്ണം 17 ആയി. കൂടാതെ പഴയ ചില ബ്രാന്‍ജുകള്‍ കരാറുകള്‍ പുതുക്കുന്നുമുണ്ട്.
കഴിഞ്ഞ വര്‍ഷവുംം ബ്രാന്‍ഡുകളുടെ ഹോട്ട് സ്റ്റാറായിരുന്നു ആയുഷ്മാന്‍ ഖുറാന.  1.5 കോടി മുതല്‍ 2 കോടി രൂപ വരെയാണ് ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റിന് പ്രതിഫലമായി ഖുറാന വാങ്ങുന്നത്.  തുകയില്‍ ഈ വര്‍ഷവും മാറ്റം വരുത്തിയിട്ടില്ലയെന്നാണ് ഇന്‍ഡസ്ട്രി വൃത്തങ്ങള്‍ പറയുന്നത്.

ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റ് കൂടാതെ ടെലഗ്രാം പോലുള്ള ഡിജിറ്റല്‍ മീഡിയകളില്‍  ഡിസ്‌നി+ ഹോട്ട്‌സ്റ്റാര്‍, റിലയന്‍സ് ഫ്രഷ്, ക്ലബ് മഹീന്ദ്ര, ധനി, ആസ്‌ട്രോള്‍ ആക്ടിവ് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കായി ഷോര്‍ട്ട് ക്യാംപെയനുകളിലും ഖുറാന പ്രത്യക്ഷ്യപ്പെടുന്നുണ്ട്.

-Ad-
ബ്രാന്‍ഡുകള്‍ എന്തുകൊണ്ട് ഖുറാനയ്ക്ക് പിന്നാലെ?

‘ഖാന്‍’ മാര്‍ അടക്കി വാണിരുന്ന ബ്രാന്‍ഡിംഗ് രംഗത്ത് ഒരു തിരുത്തെഴുത്ത് നടത്തികൊണ്ട് കഴിഞ്ഞ വര്‍ഷം മുതലാണ് ഖുറാനയുടെ രംഗപ്രവേശം. കൊറോണ വ്യാപനം മൂലം മാര്‍ക്കറ്റിംഗ് ഇന്‍ഡസ്ട്രി മൊത്തത്തില്‍ തളര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന കാലത്തും ഖുറാനയ്ക്ക് ഈ മുന്നേറ്റം നിലനിര്‍ത്താനായി എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ വര്‍ഷം ആര്‍ട്ടിക്കിള്‍ 15, ദേശിയ അവാര്‍ഡ് കരസ്ഥമാക്കിയ അന്ധാധുന്‍ തുടങ്ങിയ ഹിറ്റ് സിനിമകളായിരുന്നു ഖുറാനയെ ബ്രാന്‍ഡുകളുടെ ഇഷ്ടതാരമാക്കിയതെങ്കില്‍ ഈ വര്‍ഷം അത്ര ഹിറ്റുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ശുഭ് മംഗള്‍ സ്യാദാ സാവ്ധാന്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ഗുലാബോ സിതാബോ എന്നിവയാണ് ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങള്‍.

കോവിഡ് കാലത്ത് സോഷ്യല്‍ മീഡിയകളിലെ സജീവ സാന്നിധ്യമായി മാറിയതാണ് ഖുറാനയെ പ്രിയങ്കരമാക്കുന്ന ഒരു ഘടകം. സോഷ്യല്‍ മീഡിയ  ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ വിരാട് കോലി, രണ്‍ബീര്‍ കപൂര്‍, ദീപിക പദുകോണ്‍ തുടങ്ങിയവര്‍ വര്‍ഷം 20-25 ശതമാനം വളര്‍ച്ചയായിരുന്നു നേടി വന്നത്. എന്നാല്‍ കോവിഡ് കാലത്ത് ഇത് 15-20 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

അതേ സമയം ഖുറാനയുടെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 2019 ഡിസംബറില്‍ എണ്‍പത് ലക്ഷമായിരുന്നത് ഇപ്പോള്‍ 131 ലക്ഷമായി ഉയര്‍ന്നിരിക്കുന്നു.
എന്നാല്‍ മൊത്തം ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ മറ്റ് മുന്‍നിര സെലിബ്രിറ്റികളേക്കാള്‍ ഏറെ പിന്നില്‍ തന്നെയാണ് ഖുറാന. വിരാട് കോലിയ്ക്ക് എട്ട് കോടിയിലധികം ഫോളോവേഴ്‌സുണ്ട് സോഷ്യല്‍ മീഡിയകളില്‍.
‘അടുത്ത വീട്ടിലെ പയ്യന്‍’ എന്ന ഇമേജും ഖുറാനയ്ക്ക് സഹായകമായിട്ടുണ്ടൈന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

പീറ്റര്‍ ഇംഗ്ലണ്ട്,  ദി മാന്‍ കമ്പനി, ദി അര്‍ബന്‍ കമ്പനി, ഗോദ്‌റേജ് സെക്യൂരിറ്റീസ്,  ഡാനിയല്‍ വെല്ലിംഗ്ടണ്‍, ടൈറ്റാന്‍ തുടങ്ങിയ ബ്രാന്‍ഡുകളൊക്കെയാണ് ഈ 35 കാരനെ തങ്ങളുടെ ബ്രാന്‍ഡ് ഐക്കണ്‍ ആക്കി വിപണി പിടിക്കുന്നത്.

യൂണിസെഫിന്റെ സെലിബ്രിറ്റി അഡ്വക്കേറ്റായും ആയുഷ്മാന്‍ ഖുറാന തെരഞ്ഞെടുക്കപ്പെട്ടിട്ടിട്ടുണ്ട്.
കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും പ്രചരിപ്പിക്കാനും ഇന്ത്യയിലെ യൂണിസെഫിനൊപ്പം ആയുഷ്മാന്‍ ഖുറാന പ്രവര്‍ത്തിക്കും. ആഗോളതലത്തില്‍ ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം ആണ് ഈ റോളിലുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here