കൊറോണ മുറുകിയാല്‍ 'ഭില്‍വാര മോഡല്‍' ?

കൊറോണ വൈറസ് ഇന്ത്യയില്‍ ചിറകുകള്‍ വികസിപ്പിക്കുന്നതിനിടെ തന്നെ നിലവിലുള്ള ലോക്ഡൗണ്‍ അവസാനിപ്പിക്കാനുള്ള തീയതി അടുത്തെത്തുമ്പോള്‍, വൈറസിന്റെ ശൃംഖല തകര്‍ക്കാന്‍ 'ഭില്‍വാര മോഡല്‍' രാജ്യവ്യാപകമാക്കാനുള്ള ആലോചന മുറുകുന്നതായി റിപ്പോര്‍ട്ട്.രാജസ്ഥാനിലെ ഭില്‍വാരയില്‍ ഊര്‍ജ്ജസ്വലനായ കളക്ടര്‍ രാജേന്ദ്ര ഭട്ട് സ്വീകരിച്ച നടപടികളിലൂടെ മാരക വൈറസ് അവിടെ നാമാവശേഷമായെന്ന നിരീക്ഷണമാണിതിനു പിന്നിലുള്ളത്.

കൊറോണയ്‌ക്കെതിരായ 'കേരള മോഡല്‍ പരക്കെ' പുകഴ്ത്തപ്പെടുന്നതിനിടെയാണ് ഭില്‍വാരയും തിളങ്ങുന്നത്.മാര്‍ച്ച് 19 ന് ഭില്‍വാരയില്‍ കൊറോണ വൈറസ് പോസിറ്റീവായി ആറ് പേരെ കണ്ടെത്തിയിരുന്നു. കളക്ടര്‍ രാജേന്ദ്ര ഭട്ട് അധികാരികളുടെ അംഗീകാരത്തിനായി കാത്തു നില്‍ക്കാതെ മേഖലയില്‍ കര്‍ഫ്യൂ നടപ്പാക്കി. അടുത്ത ദിവസം തന്നെ എല്ലാ അതിര്‍ത്തികളും ജില്ലയ്ക്ക് ചുറ്റും അടച്ചു. ജില്ലയിലെ എല്ലാവരെയും സ്‌ക്രീനിംഗ് ചെയ്യാന്‍ 6000 ഓളം ഡോക്ടര്‍മാരുടെ ടീമിനെ ചുമതലപ്പെടുത്തി. 24 ലക്ഷത്തോളം ആളുകളെ ഈ ടീമുകള്‍ പരിശോധിച്ചു. 18000 ത്തോളം പേര്‍ക്ക് ചുമയും ജലദോഷവും ഉള്ളതായി കണ്ടെത്തി. അവരെ രണ്ടാം ഘട്ട പരിശോധനയിലേക്ക് മാറ്റി.

തുടര്‍ന്ന്് രണ്ടാം ഘട്ടം ആരംഭിച്ചു. ഈ ഘട്ടത്തില്‍ ഭില്‍വാര ജില്ലയെ പലതായി തിരിച്ചു. രോഗബാധിത പ്രദേശങ്ങളെ 1 കിമീ, 3 കിമീ, 5 കിമീ ചുറ്റളവിലാക്കി. 1 കിലോമീറ്ററിനുള്ളില്‍ ഏറ്റവും കനത്ത നിരീക്ഷണം ഏര്‍പ്പെടുത്തി. എല്ലാവരെയും ടെസ്റ്റ് ചെയ്തു. പോസറ്റീവ് ആയ രോഗിയുമായി സമ്പര്‍ക്കത്തിലായ ഡോക്ടറെയും പരിശോധിച്ചു.

പിന്നീട് ഇതുവരെ ജില്ലയില്‍ ഒരാള്‍ക്കു പോലും രോഗം സ്ഥിരീകരിച്ചിട്ടില്ല.ഭില്‍വാരയുടെ മാതൃകയില്‍ ആഗ്ര കളക്ടര്‍ പ്രഭു എന്‍ സിങ്ങും മേഖലയില്‍ കര്‍ശന നിയമങ്ങള്‍ നടപ്പാക്കി. ഒരു കാരണവുമില്ലാതെ കറങ്ങുന്നതായി കണ്ടെത്തിയവര്‍ക്ക് 14 ദിവസത്തെ ജയില്‍ ശിക്ഷ കിട്ടാവുന്ന വിധം ഇന്ത്യന്‍ പീനല്‍ കോഡ് 188 പ്രകാരം കേസെടുക്കുന്നുമുണ്ട് ആഗ്രയില്‍.

ഭില്‍വാര മോഡല്‍ നടപ്പാക്കിയപ്പോള്‍ എടുത്ത നടപടികള്‍:

# അവശ്യ സേവനങ്ങള്‍ക്കു മാത്രം ഇളവനുവദിച്ച് ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചു.

# അഞ്ച് ആശുപത്രികള്‍ അടിയന്തര കേസുകള്‍ക്കായി സജ്ജമാക്കി

# ഭില്‍വാരയിലും സമീപ പ്രദേശങ്ങളിലും കൊറോണ വൈറസിനായി സമഗ്ര പരിശോധന നടത്തി

# വൈറസിനെ നശിപ്പിക്കാന്‍ അണുനാശിനി വ്യാപകമായി തളിച്ചു

# കൊറോണ വൈറസ് ബാധിച്ചതായി സംശയം തോന്നിയവരെ ത്രീ സ്റ്റാര്‍ ഹോട്ടലിലോ റിസോര്‍ട്ടിലോ മാറ്റി പാര്‍പ്പിച്ചു

# 6554 ആളുകളെ വീട്ടില്‍ ക്വാറന്റൈനിലാക്കി, അപ്ലിക്കേഷനുകള്‍ വഴി പരിശോധനയ്ക്ക് വിധേയമാക്കി. ദിവസേന ഉച്ചയ്ക്ക് 12 മണിയോടെ ആരോഗ്യസ്ഥിതി അപ്ഡേറ്റ് ചെയ്തുകൊണ്ടിരുന്നു.

# ക്വാറന്റൈനിലുള്ള കുടുംബത്തില്‍ നിന്നുള്ള ആരെങ്കിലും വീട് വിട്ടാല്‍ ഒരു അലേര്‍ട്ട് കണ്‍ട്രോള്‍ റൂമിലെത്തും.

# 13,100 കിടക്കകള്‍ അടിയന്തിര സാഹചര്യത്തെ നേരിടാന്‍ തയ്യാറാക്കി.

# അവശ്യവസ്തുക്കളുടെ ഷോപ്പിംഗിനായി സമയം നിശ്ചയിച്ചു. രാവിലെ 7-10, വൈകുന്നേരം 5-7.

# എല്ലാ വാഹനഗതാഗതവും പ്രദേശത്ത് നിരോധിച്ചു.

ഭില്‍വാര മോഡലില്‍ വിജയശതമാനം പൂര്‍ണ്ണമായെന്ന കണ്ടെത്തലോടെയാണ് ലോക്ക്ഡൗണ്‍ സമയത്തോ അതിനുശേഷമോ ഇത് ഇന്ത്യയിലുടനീളം നടപ്പാക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it