ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാനവാര്‍ത്തകള്‍; നവംബര്‍ 4

1. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് കാലാവധി 10 വര്‍ഷമാക്കും

കെട്ടിട നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ് കാലാവധി 9 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. ഇതിനായി 1999 ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ നിയമവും 2011 ലെ കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളും ഉടന്‍ ഭേഗഗതി ചെയ്യാന്‍ നടപടിയാരംഭിച്ചു.

2. ഒക്ടോബറില്‍ യുപിഐ വഴി നടന്നത് 115 കോടി പണമിടപാടുകള്‍

ഒക്ടോബര്‍ മാസത്തില്‍ യുപിഐ വഴി നടത്തിയത് 115 കോടി പണമിടപാടുകളാണെന്ന് നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. മൂല്യം 1.91 ലക്ഷം കോടി രൂപ. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 535 കോടി ഇടപാടുകളാണ് നടന്നത്. 2017-18 വര്‍ഷത്തിലാകട്ടെ 91.52 ലക്ഷം ഇടപാടുകളും. അക്കൗണ്ട് വിവരങ്ങള്‍ കൈമാറാതെതന്നെ തത്സമയം ഏത് ബാങ്ക് അക്കൗണ്ടിലേയ്ക്കും പണം കൈമാറാന്‍ യുപിഐ വഴി കഴിയും.

3. റെക്കോര്‍ഡ് വില്‍പ്പന രേഖപ്പെടുത്തി ഫാക്ട്

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് ഒക്ടോബറില്‍ റെക്കോര്‍ഡ് വില്‍പ്പന രേഖപ്പെടുത്തി. ദക്ഷിണേന്ത്യന്‍ വിപണികളിലെ കമ്പനിയുടെ പ്രീമിയം വളമായ 84,000 ടണ്‍ ഫാക്ടാഫോസ് ഉള്‍പ്പെടെ 1.24 ലക്ഷം ടണ്‍ വളങ്ങള്‍ വിറ്റു. കഴിഞ്ഞ 24 വര്‍ഷത്തില്‍ ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. മുമ്പത്തെ ഏറ്റവും മികച്ചത് 1995 ഒക്ടോബറില്‍ 1.34 ലക്ഷം ടണ്‍ ആയിരുന്നു. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ കമ്പനിയുടെ എല്ലാ വളങ്ങളുടെയും വില്‍പ്പന 6.16 ലക്ഷം ടണ്‍ ആണ്. കഴിഞ്ഞ 8 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനാ റെക്കോര്‍ഡ് ആണിത്.

4. സംസ്ഥാനത്തെ 200 പാലങ്ങള്‍ പൊളിച്ചു മാറ്റേണ്ടവ; മന്ത്രി ജി. സുധാകരന്‍

സംസ്ഥാനത്തെ പാലങ്ങളുടെ സ്ഥിതി പരിശോധിക്കാന്‍ നിയോഗിച്ച കമ്മിഷന്‍ 200 പാലങ്ങള്‍ പൊളിച്ചു മാറ്റേണ്ടതാണെന്നു കണ്ടെത്തിയിട്ടുള്ളതായി മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. 3000 പാലങ്ങള്‍ പരിശോധിച്ച് ദീര്‍ഘകാലം നിലനില്‍ക്കുന്നവ, അറ്റകുറ്റപ്പണി നടത്തേണ്ടവ, പൊളിച്ചു മാറ്റേണ്ടവ എന്നിങ്ങനെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

5. ഇ- ഓട്ടോറിക്ഷ 'നീംജി' ഇന്നു നിരത്തില്‍

കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോറിക്ഷ 'നീംജി' ഇന്നു നിരത്തിലിറങ്ങും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ഇ- ഓട്ടോയില്‍ ആകും എംഎല്‍എ മാര്‍ നിയമസഭയിലെത്തുക. കേരള ഓട്ടോമൊബീല്‍സ് ആണ് 15 നീംജികളെ നിരത്തിലിറക്കിയിട്ടുള്ളത്. നാല് മണിക്കൂര്‍ ചാര്‍ജ് ചെയ്ത് ഫുള്‍ ആക്കിയാല്‍ 100 കിലോമീറ്റര്‍ വരെ ഈസിയായി യാത്ര ചെയ്യാമെന്നതാണ് പ്രധാന ആകര്‍ഷണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it