ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മാര്‍ച്ച് 04, 2022

ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് വില കുത്തനെ ഉയര്‍ന്നേക്കും

രാജ്യത്ത് ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുത്തനെ ഉയര്‍ന്നേക്കും. വില വര്‍ധിപ്പിക്കാനുള്ള അനുമതി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് റെഗുലേറ്ററി ഉടന്‍ നല്‍കുമെന്നാണ് വിവരം. ഷെഡ്യൂള്‍ഡ് മരുന്നുകളുടെ ( വില നിയന്ത്രണമുള്ള) 10 ശതമാനം ആണ് ഉയര്‍ത്തുക. പ്രൈസിംഗ് റെഗുലേറ്ററി നിലവില്‍ വന്ന ശേഷം ആദ്യമായാണ് ഇത്രയും വലിയ വിലവര്‍ധനവ് ഉണ്ടാകുന്നത്.

പാസഞ്ചര്‍ വാഹന കയറ്റുമതി 151 ശതമാനം വര്‍ധിപ്പിച്ച് മാരുതി

ഏപ്രില്‍ - ഫെബ്രുവരി കാലയളവിലെ പാസഞ്ചര്‍ വാഹനങ്ങളുടെ കയറ്റുമതിയിയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 151 ശതമാനത്തിന്റെ വര്‍ധനവാണ് രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മാതാക്കള്‍ നേടിയത്. അതായത്, നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 11 മാസങ്ങളില്‍ മാരുതി സുസുകി കയറ്റുമതി ചെയ്തത് മൊത്തം 2,11,880 യൂണിറ്റുകള്‍. ഇതില്‍ 2,09,487 പാസഞ്ചര്‍ വാഹനങ്ങളും 2,393 ചെറുകിട വാണിജ്യ വാഹനങ്ങളും ഉള്‍പ്പെടുന്നു.

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ (52)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തായ്‌ലന്‍ഡിലെ വീട്ടിലായിരുന്നു അന്ത്യം. ലോകത്തെ ഏറ്റവും മികച്ച സ്പിന്‍ ബൗളര്‍മാരില്‍ ഒരാളാണ് വോണ്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ താരമാണ്. ആദ്യ ഐപിഎല്ലില്‍ കിരീടം നേടിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായിരുന്നു.

ക്വിക്ക് കൊമേഴ്‌സ് 5.5 ബില്യണ്‍ ഡോളറെത്തുമെന്ന് റെഡ്‌സീര്‍ റിപ്പോര്‍ട്ട്

ഇന്ത്യയുടെ ദ്രുത വാണിജ്യ വിപണി (Quick Commerce) 2025 ഓടെ 5.5 ബില്യണ്‍ ഡോളറിലെത്തും. നിലവിലെ വലുപ്പത്തിന്റെ 15 മടങ്ങ് വളര്‍ച്ചയും ചൈന ഉള്‍പ്പെടെയുള്ള മറ്റ് വിപണികളുമായുള്ള മത്സരവുമെല്ലാം ഇന്ത്യയെ വളര്‍ച്ചയുടെ പാതയിലേക്ക് നയിക്കുമെന്ന് മാനേജ്മെന്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ റെഡ്സീര്‍ വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം കുറഞ്ഞു

ഫെബ്രുവരി 25 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം (ഫോറെക്‌സ് കരുതല്‍ ശേഖരം) 1.425 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 631.527 ബില്യണ്‍ ഡോളറായി. കറന്‍സി അസറ്റുകളിലുണ്ടായ ഇടിവാണ് ഇതിനു പിന്നിലെന്ന് വെള്ളിയാഴ്ച പുറത്തുവിട്ട റിസര്‍വ് ബാങ്ക് കണക്കുകള്‍ പറയുന്നു.

പണമുണ്ടാക്കാന്‍ റെയില്‍വേ; സ്റ്റേഷനുകളുടെ പേരിനൊപ്പം വാണിജ്യ ബ്രാന്‍ഡുകളുടെ പേര് ചേര്‍ക്കും

സ്റ്റേഷനുകളുടെ പേരിനൊപ്പം വാണിജ്യ ബ്രാന്‍ഡുകളുടെ ചേര്‍ത്ത് വരുമാനമുണ്ടാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പദ്ധതിയിടുന്നു. റെയില്‍വേ സ്റ്റേഷനുകളുടെ പേരിനൊപ്പം പരസ്യദാതാവിന്റെ പേരും കൂടി ചേര്‍ത്താവും ഇനി സ്റ്റേഷന്‍ ബ്രാന്‍ഡിംഗ് വരുക. ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് റെയില്‍വേയുടെ ഈ നടപടി. പ്രശസ്തമായ സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമാകും സ്റ്റേഷനുകളുടെ കൂടെ പേര് ചേര്‍ക്കാനാകുക. വ്യക്തികളുടെ പേര് സ്വീകരിക്കില്ല.

സമുദ്രോല്‍പന്ന കയറ്റുമതിയില്‍ വര്‍ധനവ്, കേരളം പിന്നില്‍

ഇത്തവണത്തെ ഇന്ത്യയുടെ സമുദ്രോല്‍പന്ന കയറ്റുമതിയില്‍ വര്‍ധനവ് രേഖപ്പെടുത്തി സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 25% വര്‍ധന. കഴിഞ്ഞ വര്‍ഷം 47,200 കോടി രൂപയുടെ വരുമാനമാണ് കയറ്റുമതിയിലൂടെ ലഭിച്ചത്. ഇതില്‍ 65 ശതമാനവും ചെമ്മീന്‍ കയറ്റുമതിയിലൂടെയാണെന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍ സമുദ്രോല്‍പന്ന കയറ്റുമതിയില്‍ വളരെക്കാലമായി മുന്നിലായിരുന്ന കേരളം ഇപ്പോള്‍ അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ വിപണിയില്‍ പരിഭ്രാന്തി, സൂചികകളില്‍ ഇന്നും ഇടിവ്

യുക്രൈനിലെ യൂറോപ്പിലെ ഏറ്റവും വലിയ ന്യൂക്ലിയര്‍ പ്ലാന്റിനെ ആക്രമിച്ച റഷ്യന്‍ നടപടിയെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ രൂക്ഷമായത് ആഗോള തലത്തില്‍ നിക്ഷേപകരെ പരിഭ്രാന്തരാക്കി. ഇന്ത്യന്‍ ഓഹരി വിപണിയിലും നിക്ഷേപകര്‍ ഓഹരികള്‍ വ്യാപകമായി വിറ്റഴിച്ചു. സെന്‍സെക്സ് 768.87 പോയ്ന്റ് താഴന്ന് 54333.81 പോയ്ന്റിലും നിഫ്റ്റ് 252.60 പോയ്ന്റ് താഴ്ന്ന് 16245.40 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.

ടൈറ്റന്‍ കമ്പനി, മാരുതി സുസുകി, ഏഷ്യന്‍ പെയ്ന്റ്സ്, ഹീറോ മോട്ടോകോര്‍പ്, ടാറ്റ മോട്ടോഴ്സ് തുടങ്ങി 2075 ഓഹരികളുടെ വിലയിടിഞ്ഞു. ഡോ റെഡ്ഡീസ് ലബോറട്ടറീസ്, ഐറ്റിസി, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, അള്‍ട്രാ ടെക് സിമന്റ് തുടങ്ങി 1204 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. 96 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ഐറ്റി ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം ഇടിവ് രേഖപ്പെടുത്തി. ഓട്ടോ, മെറ്റല്‍സ്, പവര്‍, കാപിറ്റല്‍ ഗുഡ്സ്, റിയല്‍റ്റി സൂചികകള്‍ 2-3 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ്, സൂചിക 2.3 ശതമാനവും സ്മോള്‍കാപ് സൂചിക 1.6 ശതാനവും താഴ്ന്നു.

കേരള കമ്പനികളുടെ പ്രകടനം

പത്ത് കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് (4.95 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (4.63 ശതമാനം), കല്യാണ്‍ ജൂവലേഴ്സ് (3.78 ശതമാനം), നിറ്റ ജലാറ്റിന്‍ (2.95 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്സ് (2.54 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (2.41 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (0.97 ശതമാനം) തുടങ്ങിയവയാണ് ഇന്ന് വില ഉയര്‍ന്ന് കേരള കമ്പനി ഓഹരികള്‍.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it