ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 11, 2021

ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് ചാര്‍ജ് കൂട്ടി സര്‍ക്കാര്‍
ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടിവരും, നിരക്ക് 30% വരെ ഉയര്‍ത്തുമെന്ന് സര്‍ക്കാര്‍ ഇന്ന് അറിയിച്ചു. 10% വും അതിനുമുകളിലും ആണ് ചാര്‍ജ് ഉയര്‍ത്തല്‍. 30% വരെ ഉയര്‍ത്താനാണ് തീരുമാനം. പുതുക്കിയ നിരക്ക് ഉടനടി പ്രാബല്യത്തില്‍വരുമെന്നും അറിയിപ്പുണ്ട്. മാര്‍ച്ച് 31 ന്റെ ലോക്ഡൗണ്‍ കാലം കഴിഞ്ഞ് മെയ് മാസം ആഭ്യന്തര സര്‍വീസുകള്‍ തുടര്‍ന്നെങ്കിലും മുതല്‍ നിരക്കുകള്‍ കൂട്ടാതെ നിജപ്പെടുത്തിയതാണ് ഇപ്പോള്‍ പുതുക്കുക.
മാഗ്മ ഫിന്‍കോര്‍പ്പില്‍ നിക്ഷേപം നടത്തി അദാര്‍ പൂനാവാല
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തിരുന്ന് ഇന്ത്യയുടെ വാക്സിന്‍ കിംഗ് എന്ന പേരില്‍ അറിയപ്പെടുന്ന അദാര്‍ പൂനവാല ബാങ്കിംഗ് ഇതര ധനകാര്യ രംഗത്ത് ശക്തമായ നീക്കം നടത്തുന്നു. നേരത്തെ തന്നെ അദാര്‍ തലവനായുള്ള റൈസിംഗ് സണ്‍ ഹോള്‍ഡിംഗ്സ് എന്ന ഇന്‍വെസ്റ്റ്മെന്റ് സ്ഥാപനം രംഗത്ത് പ്രവേശിക്കാന്‍ ഒരുങ്ങുന്നതായി സൂചനയുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ മാഗ്മ ഫിന്‍കോര്‍പ്പില്‍ നിക്ഷേപം നടത്തി ധനകാര്യ രംഗത്തും ശക്തമായ ചുവടുവയ്പ് നടത്തുകയാണ്. 3456 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. 60 ശതമാനം ഓഹരികളാണ് സ്വന്തമാക്കുക.
കരാര്‍ തര്‍ക്കത്തില്‍ ആമസോണ്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയതായി റിപ്പോര്‍ട്ട്
ആമസോണ്‍ ഡോട്ട് കോം തങ്ങളുടെ പങ്കാളിയായ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ 3.4 ബില്യണ്‍ ഡോളര്‍ റീറ്റെയില്‍ ആസ്തി വില്‍പ്പനയ്ക്കെതിരെ സുപ്രീം കോടതിയില്‍ നിയമപരമായി നീങ്ങുന്നതായി വ്യാഴാഴ്ച റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. ഫ്യൂച്ചര്‍ ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം റിലയന്‍സ് ഇന്‍ഡസ്ട്രീസിന് റീറ്റെയില്‍ ആസ്തികള്‍ വില്‍ക്കാന്‍ സമ്മതിച്ചതിലൂടെ ഇന്ത്യന്‍ കമ്പനി കരാര്‍ ലംഘിച്ചുവെന്ന് വളരെക്കാലമായി നിലനില്‍ക്കുന്ന ആരോപണത്തിലാണ് പുതിയ നീക്കം.
എല്‍എന്‍ജി ഉല്‍പാദനം 40% ഉയര്‍ത്താന്‍ ഒരുങ്ങി ഖത്തര്‍
എല്‍എന്‍ജി ഉല്‍പാദനം 40% ഉയര്‍ത്തുന്ന 2875 കോടി ഡോളറിന്റെ (2 ലക്ഷം കോടി രൂപ) പദ്ധതിയിലൂടെ ലോകവിപണിയിലെ ആധിപത്യം ുറപ്പിക്കാനൊരുങ്ങി ഖത്തര്‍. കയറ്റുമതിക്കൊപ്പം ഉല്‍പാദനത്തിലും ലോക നമ്പര്‍ വണ്‍ ആകുകയാണു ലക്ഷ്യം. കയറ്റുമതിയില്‍ ഒന്നാമതാണെങ്കിലും യുഎസ്, റഷ്യ, ഇറാന്‍, കാനഡ എന്നിവരാണ് ഇപ്പോള്‍ ഉല്‍പാദനത്തില്‍ മുന്നില്‍.
കുറഞ്ഞ പലിശ നിരക്കില്‍ ഭവന വായ്പ പ്രഖ്യാപിച്ച് എസ്ബിഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന നിര്‍മ്മാണത്തിന് പ്രതിവര്‍ഷം 6.80 ശതമാനം വരെ പലിശ നിരക്കായി പുതുക്കാന്‍ തീരുമാനിച്ച വിവരം പുറത്തുവിട്ടു. എസ്ബിഐ അംഗീകരിച്ച പ്രോജക്ടുകളില്‍ ഭവനവായ്പ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്കായി 2021 മാര്‍ച്ച് വരെ പ്രോസസിംഗ് ചാര്‍ജുകളും ഒഴിവാക്കിയിട്ടുണ്ടെന്ന് ബാങ്ക് അറിയിപ്പ്.
തുടര്‍ച്ചയായി നാലാംദിവസവും ഇന്ധനവില ഉയര്‍ന്നു
വ്യാഴാഴ്ചത്തെ ഉയര്‍ച്ചയോടെ സംസ്ഥാനത്ത് പെട്രോള്‍ വില 90 രൂപയ്ക്ക് തൊട്ടരികെ. തിരുവനന്തപുരം പാറശാലയില്‍ പെട്രോള്‍ വില 89 രൂപ 96 പൈസയായി. ഇന്ന് മാത്രം ഡീസലിന് 32 പൈസയും, പെട്രോളിന് 25 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ വില ലീറ്ററിന് 83 രൂപ 91 പൈസയും പെട്രോളിന് 89 രൂപ 73 പൈസയുമായി. കൊച്ചിയില്‍ ഡീസലിന് 82 രൂപ 24 പൈസയും പെട്രോളിന് 88 രൂപ ഒരു പൈസയുമാണ് ഇന്നത്തെ നിരക്ക്.
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
ഇന്നും സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് നിരക്ക് കുറഞ്ഞത്. പവന് 35,640 രൂപയും ഗ്രാമിന് 4,455 രൂപയുമാണ് ഇന്ന് വില. കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് പവന് 560 രൂപ വര്‍ധിച്ചതിന് ശേഷമാണ് ഇപ്പോഴത്തെ വിലയിടിവ്.
ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേട്ടമുണ്ടാക്കി സൂചികകള്‍
ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേട്ടത്തിലവസാനിച്ച് ഓഹരി വിപണി. സെന്‍സെക്സ് 222.13 പോയ്ന്റ് ഉയര്‍ന്ന് 51,531.52 പോയ്ന്റിലും നിഫ്റ്റി 66.80 പോയ്ന്റ് ഉയര്‍ന്ന് 15173.30 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 1711 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1229 ഓഹരികള്‍ക്ക് കാലിടറി. 133 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സണ്‍ ഫാര്‍മ, അദാനി പോര്‍ട്ട്സ്, ഗെയ്ല്‍ തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. ഐഷര്‍ മോട്ടോഴ്സ്, ടൈറ്റന്‍ കമ്പനി, എന്‍ടിപിസി, എല്‍& ടി, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.








Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it