ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 16, 2021

ഇന്ത്യയിലെ എഫ്എംസിജി വ്യവസായം പച്ചപിടിച്ചതായി നീല്‍സണ്‍ സര്‍വേ
ഇന്ത്യയിലെ എഫ്എംസിജി വ്യവസായം വളര്‍ച്ചയുടെ പാതയിലെന്ന് നീല്‍സണ്‍ സര്‍വേ. മേഖലയില്‍ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 7.3 ശതമാനം മൂല്യ വര്‍ധനവ് രേഖപ്പെടുത്തി. ഉത്സവ കാലയളവില്‍ ഉപഭോഗം നയിക്കുന്ന വീണ്ടെടുക്കലും പരമ്പരാഗത, സംഘടിത വ്യാപാരത്തില്‍ നിന്നുള്ള വില്‍പ്പനയും വര്‍ധിച്ചുവെന്ന് ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ നീല്‍സണ്‍ അഭിപ്രായപ്പെട്ടത്.
ഡിസംബര്‍ പാദത്തില്‍ ജിഡിപി ഒരു ശതമാനം ചുരുങ്ങിയെന്ന് ബോഫ
ഇന്ത്യയുടെ ജിഡിപി ഡിസംബര്‍ പാദത്തില്‍ ഒരു ശതമാനം ചുരുങ്ങിയെന്ന് ബ്രോക്കറേജ് ബാങ്ക് ഓഫ് അമേരിക്ക(ബോഫ). ബോഫ ഭവന സാമ്പത്തിക വിദഗ്ധര്‍ ആണ് മൂന്നാം പാദത്തില്‍ ഇന്ത്യയുടെ ജിഡിപിയില്‍ ഒരു ശതമാനം ചുരുങ്ങിയതായി വിലയിരുത്തുന്നത്. ജനുവരി ഒന്നിന് 6.2 ശതമാനത്തില്‍ നിന്ന് വായ്പാ വളര്‍ച്ച ജനുവരി അവസാനത്തോടെ 5.6 ശതമാനമായി കുറഞ്ഞെന്നും വിലയിരുത്തല്‍.
ബിറ്റ്‌കോയിന്‍ 50,000 ഡോളറിലേക്ക്
റെക്കോര്‍ഡ് ഭേദിച്ച് ബിറ്റ്‌കോയിന്‍ 50,000 ഡോളറിലേക്ക് കുതിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ ന്യൂയോര്‍ക്ക് സമയം രാവിലെ 7:32 വരെ ഏകദേശം, 50,191 ല്‍ എത്തി. ഈ വര്‍ഷം ഇതുവരെ 73% ആണ് ഉയര്‍ച്ച.
4 ജി കവറേജ് വര്‍ധിപ്പിക്കാന്‍ തയ്യാറെടുത്ത് 'വി'
ഭാരതി എയര്‍ടെലിനെയും ജിയോയെയും ഫലപ്രദമായി നേരിടുന്നതിനും ഉപഭോക്തൃ നഷ്ടം പരിഹരിക്കുന്നതിനുമായി വോഡഫോണ്‍ ഐഡിയയുടെ ('വി' ) വന്‍ പദ്ധതി ഒരുക്കുന്നു. 25,000 കോടി രൂപയുടെ ധനസമാഹരണത്തില്‍ നിന്ന് 16 മുന്‍ഗണനാ സര്‍ക്കിളുകളില്‍ 4 ജി കവറേജ് വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് പണം വിന്യസിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പട്രോളിനും ഡീസലിനും വീണ്ടും വില കൂടി
ചൊവ്വാഴ്ച ഒരു ലിറ്റര്‍ പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 91.17 രൂപയും ഡീസല്‍ ലിറ്ററിന് 85.67 രൂപയുമാണ് ഇന്നത്തെ വില. ഇന്ത്യയില്‍ എണ്ണവില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത വിലയെ അടിസ്ഥാനമാക്കിയാണ്. അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും ഇതില്‍ നിര്‍ണായകമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നാല്‍ മാത്രമേ എണ്ണ വില കുറയ്ക്കലിന് വഴി തെളിയുകയുള്ളു.
2020 ല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഷിപ്‌മെന്റുകള്‍ ഇടിഞ്ഞു
വര്‍ഷങ്ങള്‍ക്കുശേഷം ഇതാദ്യമായി ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ ഷിപ്‌മെന്റുകള്‍ 2020 ല്‍ 150 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. 1.7% ആണ് കുറവ്. ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ (ഐഡിസി) ത്രൈമാസ മൊബൈല്‍ ഫോണ്‍ ട്രാക്കര്‍ അനുസരിച്ച്, കഴിഞ്ഞ പാദത്തില്‍ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി ഉയര്‍ന്നുവെങ്കിലും, മുഴുവന്‍ വര്‍ഷവും മൊത്തത്തിലുള്ള സംഖ്യകള്‍ പാന്‍ഡെമിക് പ്രീ-ലെവലിനേക്കാള്‍ താഴെയായിരുന്നു.
മൂന്നു ദിവസത്തെ നേട്ടത്തിനു ശേഷം ഓഹരിവിപണിയില്‍ ഇടിവ്
മൂന്നു ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ ഓഹരി വിപണി താഴേക്ക്. സെന്‍സെക്സ് 49.96 പോയ്ന്റ് താഴ്ന്ന് 52104.17 പോയ്ന്റിലും നിഫ്റ്റി 1.20 പോയ്ന്റ് താഴ്ന്ന് 15313 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. വന്‍തോതിലുള്ള ചാഞ്ചാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വിപണി ഇന്ന് തുടക്കത്തില്‍ നേട്ടത്തില്‍ തന്നെയായിരുന്നു. എന്നാല്‍ ദിവസാവസാനം വരെ അത് നിലനിര്‍ത്താനായില്ല. സ്വകാര്യ ബാങ്ക്, ഐറ്റി, എഫ്എംസിജി തുടങ്ങിയവയ്ക്കാണ് കൂടുതല്‍ പ്രഹരമേറ്റത്.








Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it