ഇന്ന് നിങ്ങള്‍ അറിയേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; മാര്‍ച്ച് 05, 2021

1. ടെസ്‌ലയുമായി ചങ്ങാത്തമില്ലെന്ന് ടാറ്റ
ഇന്ത്യയില്‍ ടെസ്‌ലയും ടാറ്റയും കൈകോര്‍ക്കുമെന്ന ഊഹാപോഹത്തിന് അന്ത്യം. ഇലോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന കാര്‍ കമ്പനി ടെസ്‌ലയുമായി ഒരു ചര്‍ച്ചയും ടാറ്റ നടത്തുന്നില്ലെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ വ്യക്തമാക്കി. ടാറ്റ മോട്ടോഴ്‌സിന്റെയും ജാഗ്വര്‍ ആന്‍ഡ് ലാന്‍ഡ് റോവറിന്റെയും വാഹനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുമ്പോള്‍ പുറത്തുനിന്ന് മറ്റൊരു പങ്കാളിയുടെ ആവശ്യമില്ലെന്ന് ചന്ദ്രശേഖരന്‍ വ്യക്തമാക്കി.
2. പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് വര്‍ധന താല്‍ക്കാലികം
രാജ്യത്തെ ചില സ്‌റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയത് താല്‍ക്കാലിക നടപടിയാണെന്നും കോവിഡിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണിതെന്നും ഇന്ത്യന്‍ റെയ്ല്‍വേ. ചില സ്റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 50 രൂപ വരെയാക്കിയിട്ടുണ്ട്. അനാവശ്യ യാത്രകള്‍ നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഹ്രസ്വദൂര യാത്രകളുടെ നിരക്ക് ഉയര്‍ത്തി വെച്ചിരിക്കുന്നതെന്നും റെയ്ല്‍വേ വിശദീകരിക്കുന്നു.
3. സിഫിയില്‍ ബ്ലാക്ക്‌സ്റ്റോണ്‍ നിക്ഷേപം നടത്തും
ഇന്ത്യയിലെ സിഫി ടെക്‌നോളജീസ് ലിമിറ്റഡില്‍ ബ്ലാക്ക് സ്‌റ്റോണ്‍ ഗ്രൂപ്പ് നിക്ഷേപം നടത്തും. 1 - 1.2 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കപ്പെടുന്ന സിഫിയുടെ എത്ര ശതമാനം ഓഹരികള്‍ ഏത് വിലയ്ക്ക് ബ്ലാക്ക് സ്‌റ്റോണ്‍ വാങ്ങുമെന്ന കാര്യം വ്യക്തമല്ല. സിഫിയും ബ്ലാക്ക് സ്റ്റോണും ഇക്കാര്യത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
4. ഇന്ത്യയുടെ അഭ്യര്‍ത്ഥന ഒപെക് തള്ളി
എണ്ണ ഉല്‍പ്പാദനത്തില്‍, എണ്ണയുല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് നടപ്പാക്കിയിരിക്കുന്ന നിയന്ത്രണം എടുത്തുമാറ്റണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥന ഒപെക്കും പങ്കാളിത്ത രാജ്യങ്ങളും തള്ളി. എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ നിര്‍ദേശിക്കുന്നതിന് പകരം കഴിഞ്ഞ വര്‍ഷം ഏറ്റവും കുറഞ്ഞ ചെലവില്‍ വാങ്ങി സംഭരിച്ചിരിക്കുന്ന എണ്ണ എടുത്ത് ഇന്ത്യ ഉപയോഗിക്കണമെന്ന് സൗദി അറേബ്യ പറഞ്ഞു. ഒപെക് പ്ലസ് ഏപ്രില്‍ മാസത്തില്‍ എണ്ണ ഉല്‍പ്പാദനം കൂട്ടേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ വെള്ളിയാഴ്ച അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയ്ല്‍ വില ഒരു ശതമാനം ഉയര്‍ന്ന് 67.44 യു എസ് ഡോളറിലെത്തി. ഇന്ധന ഡിമാന്റ് ഉയരുന്നതിനിടെയാണ് ഉല്‍പ്പാദനം കുറയ്ക്കുന്നതെന്നതും ശ്രദ്ധേയമാണ്. എണ്ണ വിലയിലെ ചാഞ്ചാട്ടം ഒഴിവാക്കാന്‍ ഉല്‍പ്പാദനത്തിലെ നിയന്ത്രണം നീക്കണമെന്നതായിരുന്നു ഇന്ത്യയുടെ അഭ്യര്‍ത്ഥന.
2020 ഏപ്രില്‍ - മെയ് മാസത്തില്‍ ബാരലിന് ശരാശരി 19 യു എസ് ഡോളര്‍ ചെലവില്‍ വന്‍തോതില്‍ എണ്ണ വാങ്ങി ഇന്ത്യ തന്ത്രപരമായ സംഭരണികളില്‍ നിറച്ചിട്ടുണ്ട്.
5. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ വായ്പാ രംഗത്ത് വളര്‍ച്ച
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ത്രൈമാസത്തില്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മേഖലയിലെ വായ്പകള്‍ വര്‍ധിച്ചതായി ട്രാന്‍സ്‌യൂണിയന്‍ സിബിലും കേന്ദ്ര സ്ഥിതിവിവരക്കണക്ക് പദ്ധതി നടപ്പാക്കല്‍ മന്ത്രാലയവും സഹകരിച്ചു പുറത്തിറക്കിയ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മേഖലയ്ക്കായുള്ള വായ്പാ ആരോഗ്യ സൂചിക ചൂണ്ടിക്കാട്ടുന്നു.

2020 സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തെ വളര്‍ച്ചാ സൂചിക 114 പോയിന്റിലാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡിന്റെ ആഘാതങ്ങളില്‍ നിന്നു തിരിച്ചു വരാനായി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളെ തുടര്‍ന്ന് 2020 ജൂണ്‍ മുതല്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മേഖലയ്ക്കായുള്ള വായ്പകള്‍ ഗണ്യമായി വര്‍ധിക്കാന്‍ തുടങ്ങിയിരുന്നു.
6. വായ്പാ പലിശ നിരക്ക് 6.70 ശതമാനമാക്കി കുറച്ച് ഐസിഐസിഐ ബാങ്ക്
പത്തു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ ഐസിഐസിഐ ബാങ്ക് ഭവന വായ്പാ പലിശ നിരക്ക് 6.70 ശതമാനമാക്കി കുറച്ചു. മാര്‍ച്ച് അഞ്ചു മുതല്‍ നിലവില്‍ വന്ന ഈ നിരക്ക് 75 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്കാണ് ബാധകം. 75 ലക്ഷം രൂപയ്ക്കു മുകളിലുള്ള വായ്പകള്‍ക്ക് 6.75 ശതമാനമാണ് നിരക്ക്. 2021 മാര്‍ച്ച് 31 വരെ ഈ പുതുക്കിയ നിരക്ക് ലഭ്യമായിരിക്കും.
7. എണ്ണ വിലയും കടപ്പത്ര നേട്ടവും വിനയായി; ഓഹരി സൂചികകള്‍ ഇന്നും ഇടിഞ്ഞു
വാരാന്ത്യ ദിനത്തില്‍ ഇടിവോടെ ഓഹരി സൂചികകള്‍. ബ്രെന്റ് ക്രൂഡ് വിലയിലുണ്ടായ വര്‍ധനയും കടപ്പത്ര നേട്ടവും വിപണിയില്‍ ഇരട്ട പ്രഹരം സൃഷ്ടിച്ചു.

സെന്‍സെക്‌സ് 441 പോയ്ന്റ് അഥവാ 0.87 ശതമാനം ഇടിഞ്ഞ് 50,405ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 143 പോയ്ന്റ് അഥവാ 0.95 ശതമാനം ഇടിഞ്ഞ് 14,938 ലും ക്ലോസ് ചെയ്തു.

സ്‌മോള്‍ കാപ്, മിഡ്കാപ് സൂചികകളും ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയത്.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണിയില്‍ കരടി കൂട്ടമാണെങ്കിലും കേരളത്തിന്റെ സിഎസ്ബി ബാങ്ക് ഈ ആഴ്ചയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഇന്ന് സി എസ് ബി ഓഹരി വില പത്തുശതമാനത്തോളം ഉയര്‍ന്നു. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയും ഇന്ന് വ്യാപാരത്തിനിടെ രേഖപ്പെടുത്തി. അതേ സമയം ധനലക്ഷ്മി, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളുടെ വില താഴ്ന്നു.
Exchange Rates: March 05 , 2020
ഡോളര്‍ 73.03
പൗണ്ട് 100.92
യുറോ 87.16
സ്വിസ് ഫ്രാങ്ക് 78.69
കാനഡ ഡോളര്‍ 57.50
ഓസിസ് ഡോളര്‍ 56.02
സിംഗപ്പൂര്‍ ഡോളര്‍ 54.45
ബഹ്‌റൈന്‍ ദിനാര്‍ 194.24
കുവൈറ്റ് ദിനാര്‍ 241.09
ഒമാന്‍ റിയാല്‍ 189.96
സൗദി റിയാല്‍ 19.47
യുഎഇ ദിര്‍ഹം 19.89
Commodity Price : March 05
കുരുമുളക് (ഗാര്‍ബിള്‍ഡ്) : 364.00 (kg)
കുരുമുളക് (അണ്‍ ഗാര്‍ബിള്‍ഡ്): 344.00
ഏലക്ക: 1476.69 (Kg)
റബര്‍ : കൊച്ചി
റബര്‍ 4 ഗ്രേഡ് : 16000
റബര്‍ 5 ഗ്രേഡ് : 15550
റബര്‍ : കോട്ടയം
റബര്‍ 4 ഗ്രേഡ് : 16000
റബര്‍ 5 ഗ്രേഡ് : 15550


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it