ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 27, 2021

ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് രണ്ട് കോടി രൂപ പിഴ ചുമത്തി ആര്‍ബിഐ
റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നതിന് ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് രണ്ട് കോടി രൂപ പിഴ ചുമത്തി ആര്‍ബിഐ. വാണിജ്യ ബാങ്കുകളിലെ കണ്‍കറന്റ് ഓഡിറ്റ് സിസ്റ്റം, ഉപഭോക്തൃ പരാതികള്‍ വെളിപ്പെടുത്തല്‍, എടിഎം ഇടപാടുകള്‍ കാരണം അനുരഞ്ജനം ചെയ്യാത്ത ബാലന്‍സ്, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) മേഖല - അഡ്വാന്‍സ് പുനഃസംഘടന എന്നിവയില്‍ ബാങ്ക് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായാണ് കണ്ടെത്തല്‍. രണ്ട് കോടി രൂപ പിഴ ചുമത്തിയെന്നാണ് 2021 ഫെബ്രുവരി 25 ന് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നത്.
സോവറീന്‍ ഗോള്‍ഡ് ബോണ്ട് അടുത്തഘട്ട വില്‍പ്പന മാര്‍ച്ച് 1 മുതല്‍
സോവറീന്‍ ഗോള്‍ഡ് ബോണ്ട് അടുത്തഘട്ട വില്‍പ്പന മാര്‍ച്ച് 1 മുതല്‍ 5 വരെ നടക്കും. ഇത്തവണ ഗ്രാമിന് 4,662 രൂപയാണ് ബോണ്ടിന്റെ ഇഷ്യു വില. ഓണ്‍ലൈന്‍ വഴി ബോണ്ടിന് അപേക്ഷിക്കുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ വീതം കിഴിവ് ലഭിക്കും. 999 പരിശുദ്ധിയുള്ള 1 ഗ്രാം സ്വര്‍ണമാണ് ബോണ്ടിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം. വ്യക്തികള്‍ക്ക് 4 കിലോ വരെ സ്വര്‍ണം ബോണ്ടായി വാങ്ങാം. ട്രസ്റ്റുകള്‍ക്കും മറ്റു സമാന സ്ഥാപനങ്ങള്‍ക്കും 20 കിലോ വരെ നിക്ഷേപം നടത്താന്‍ അവസരമുണ്ട്.
ചൈനയുമായി വ്യാപാരം തുടരണമെന്ന് രാജീവ് ബജാജ്
ചൈനയുമായി വ്യവസായ വ്യാപാരം തുടരണമെന്ന് ബജാജ് ഓട്ടോയുടെ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ്. മത്സരാധിഷ്ഠിതമായി ലഭ്യമായ ഇടങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാതെ നിര്‍മാണ വ്യവസായം മുന്നോട്ട് പോകില്ലെന്ന് രാജീവ് ബജാജ് വ്യക്തമാക്കി. ആഗോള കമ്പനികള്‍ക്ക് ആസിയാന്‍ രാജ്യങ്ങളുമായി സഹകരിച്ച് വ്യവസായം വിപുലമാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അദ്ദേഹം വിശദമാക്കി. വിദേശകാര്യ മന്ത്രാലയവും പൂനെ ഇന്റര്‍നാഷണല്‍ സെന്ററും സംയുക്തമായി വിളിച്ചുചേര്‍ത്ത മൂന്ന് ദിവസത്തെ വെര്‍ച്വല്‍ ഏഷ്യ ഇക്കണോമിക് ഡയലോഗ് 2021 ന്റെ രണ്ടാം ദിവസം 'ബില്‍ഡിംഗ് റിലയബിള്‍ സപ്ലൈ ചെയിന്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്റര്‍നെറ്റ് ഉള്ളടക്കത്തിന്റെ അടിയന്തിര വിലക്ക് രാജ്യത്ത് പുതിയതല്ലെന്ന് സര്‍ക്കാര്‍
ഇന്റര്‍നെറ്റ് ഉള്ളടക്കങ്ങള്‍ ബാന്‍ (അടിയന്തിര വിലക്ക്) ചെയ്യല്‍ രാജ്യത്ത് പുതിയതല്ലെന്ന് സര്‍ക്കാര്‍. 2009 ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമപ്രകാരം (പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്നതിനെ തടയുന്നതിനുള്ള നടപടിക്രമങ്ങളും സുരക്ഷകളും) കഴിഞ്ഞ 11 വര്‍ഷമായി ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സെക്രട്ടറി നല്‍കിയ തടയല്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് വിവര, പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.
ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ 3 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധന വില വീണ്ടും ഉയര്‍ത്തി
രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ മൂന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷം ശനിയാഴ്ച മേലേക്ക് കുതിച്ചു. ദേശീയ തലത്തില്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും പമ്പ് വില 24 പൈസയും 15 പൈസയുമാണ് ഉയര്‍ത്തിയത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോളിന് ഇപ്പോള്‍ ലിറ്ററിന് 91.17 രൂപയും ഡീസലിന് 81.47 രൂപയുമായി. രാജ്യത്തുടനീളം പെട്രോള്‍, ഡീസല്‍ വില സംസ്ഥാന തലത്തില്‍ പ്രാദേശിക തീരുവയെ ആശ്രയിച്ച് ലിറ്ററിന് 20-30 പൈസ വരെ വര്‍ധിച്ചു.
കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയില്‍ ഇടിവ്
കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയില്‍ ഇടിവ്. ശനിയാഴ്ച പവന് 440 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 34,160 രൂപയായി. ഗ്രാമിന് 55 രൂപ കുറഞ്ഞ് 4270 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നു രാവിലെ മുതല്‍ വ്യാപാരം നടക്കുന്നത്. ഈ മാസം മാത്രം പവന് 2,640 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായി ഇത് അഞ്ചാം ദിവസമാണ് സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്.
കയറ്റുമതിയില്‍ 20 ലക്ഷവും കടന്ന് മാരുതി
ഇന്ത്യയിലെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുകിക്ക് വിദേശത്തും പ്രിയമേറുന്നു. 1986-87 കാലഘട്ടം മുതല്‍ ഇതുവരെയായി 20 ലക്ഷം യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്. 2012-13 വര്‍ഷത്തില്‍ 10 ലക്ഷം കയറ്റുമതി നേട്ടം കൈവരിച്ച മാരുതി സുസുകി എട്ട് വര്‍ഷം കൊണ്ടാണ് 20 ലക്ഷത്തിലെത്തിയത്. 1987 ല്‍ ആദ്യമായി ഹംഗറിയിലേക്കാണ് 500 കാര്‍ യൂണിറ്റുകള്‍ കമ്പനി കയറ്റുമതി ചെയ്തത്. ആദ്യ ദശലക്ഷത്തില്‍, 50 ശതമാനവും യൂറോപ്പിലെ വിപണികളിലേക്കാണ് കയറ്റുമതി നടത്തിയതെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, ഏഷ്യ മേഖലകളിലെ വളര്‍ന്നുവരുന്ന വിപണികളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് എട്ട് വര്‍ഷത്തിനിടയില്‍ തുടര്‍ന്നുള്ള 10 ലക്ഷം നേട്ടവും കൈവരിച്ചെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
'ഡിജിറ്റല്‍ ഡിഗ്രി' നല്‍കുന്ന രാജ്യത്തെ ആദ്യത്തെ സ്ഥാപനമായി ഡിയു
'ഡിജിറ്റല്‍ ഡിഗ്രി' നല്‍കുന്ന രാജ്യത്തെ ആദ്യത്തെ സ്ഥാപനമായി ഡല്‍ഹി സര്‍വകലാശാല(ഡിയു)മാറി. കോവിഡ് -19 പാന്‍ഡെമിക് കാരണം ഡിഗ്രി ദാന സമ്മേളന ചടങ്ങ് ഇത്തനണ ഒരു ഹൈബ്രിഡ് രീതിയിലാണ് നടത്തിയത്. ഓണ്‍ലൈന്‍, ഫിസിക്കല്‍ മോഡ് എന്നിവയുടെ മിശ്രിതമായിരുന്നു ഇത്്. 1,78,719 വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ബിരുദം നല്‍കുന്ന രാജ്യത്തെ ആദ്യത്തെ സ്ഥാപനമായി ഡല്‍ഹി സര്‍വകലാശാല മാറിയെന്ന് 97-ാമത് വാര്‍ഷിക സമ്മേളനത്തില്‍ ആക്ടിംഗ് വൈസ് ചാന്‍സലര്‍ പി.സി ജോഷി അവകാശപ്പെട്ടു.
ഫാസ്റ്റാഗ് തലവേദന ഒഴിവാക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്രം
ഫാസ്റ്റാഗ് തലവേദന ഒഴിവാക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്രം. കേന്ദ്ര ദേശീയ പാത അതോറിറ്റി നാഷണല്‍ ഹൈവേകളില്‍ വ്യത്യസ്ഥ കളറുകളിലുള്ള ലൈനുകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചു. വ്യത്യസ്ഥ നിറങ്ങളിലുള്ള ലൈനുകള്‍ വാഹനങ്ങള്‍ തിരക്കില്ലാതെ സഞ്ചരിക്കാന്‍ സഹായകമാകുമെന്നാണ് വിലയിരപ്പെടുന്നത്. ഒരു കാര്‍ ഈ ലൈന്‍ കടക്കുമ്പാള്‍ ടോള്‍ പ്ലാസക്കകത്തിരിക്കുന്ന ജീവനക്കാര9 വാഹനങ്ങള്‍ക്ക് ഫ്രീയായി കടന്നു പോകാനുള്ള സാഹചര്യമൊരുക്കി ഗെയ്റ്റ് തുറക്കും. പ്ലാസകളില്‍ ക്യൂ രൂപപ്പെടുകയാണെങ്കില്‍ ഗേറ്റുകള്‍ എല്ലാവര്‍ക്കും ഓപ്പണായതു കൊണ്ട് ജാം രൂപപ്പെടുകയില്ല.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it