ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 04,2022

ഇന്ത്യയുടെ വ്യാപാര കമ്മി 88 ശതമാനം ഉയര്‍ന്ന് 192.41 ബില്യണ്‍ ഡോളറിലെത്തി

2021-22 ല്‍ ഇന്ത്യയുടെ വ്യാപാര കമ്മി 192.41 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷത്തെ 102.63 ബില്യണ്‍ ഡോളറില്‍ നിന്ന് 87.5% ആണ് ഉയര്‍ന്നത്. 'ഏപ്രില്‍ 2021-മാര്‍ച്ച് 2022 ല്‍ ഇന്ത്യയുടെ ചരക്ക് ഇറക്കുമതി 610.22 ബില്യണ്‍ ഡോളറായി. ഏപ്രില്‍ 2020-മാര്‍ച്ച് 2021 ല്‍ ഇത് 394.44 ബില്യണ്‍ ഡോളറായിരുന്നു. 2022 മാര്‍ച്ചിലെ വ്യാപാര കമ്മി 18.69 ബില്യണ്‍ ഡോളറായിരുന്നു, 2021-22 കാലയളവില്‍ ഇത് 192.41 ബില്യണ്‍ ഡോളറായി. ആദ്യമായി, ഇന്ത്യയുടെ പ്രതിമാസ ചരക്ക് കയറ്റുമതി 40 ബില്യണ്‍ ഡോളര്‍ കവിഞ്ഞു, 2022 മാര്‍ച്ചില്‍ 40.38 ബില്യണ്‍ ഡോളറിലെത്തി, മുന്‍ വര്‍ഷത്തെ 35.26 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 14.53% വര്‍ധനവ്.
ഇന്ത്യയിലെ ജീവിതച്ചെലവ് വന്‍ തോതില്‍ കുതിച്ചുയരുമെന്ന് പഠനങ്ങള്‍
നിര്‍മാണഘടകങ്ങളുടെ വര്‍ധിച്ചുവരുന്ന വിലക്കയറ്റം മൂലം ഇന്ത്യയില്‍ വരും നാളുകളില്‍ ജീവിതച്ചെലവ് വര്‍ധിക്കും. യൂണിലിവറും സുസുക്കി മോട്ടോര്‍ കോര്‍പ്പും ജെഎസ്ഡബ്ല്യുവും വരെ വില വര്‍ധന വ്യക്തമാക്കി മുന്നോട്ട് വന്നിട്ടുണ്ട്. സാഹചര്യം ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ ഇന്ത്യക്കാര്‍ കുറഞ്ഞ വരുമാനവും വില വര്‍ധനവും താങ്ങാനാകാതെ കുരുക്കിലായേക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
എച്ച് ഡി എഫ് സിയും എച്ച് ഡി എഫ് സി ബാങ്കും ലയിക്കുന്നു
രാജ്യത്തെ ബാങ്കിംഗ് രംഗത്ത് വലിയൊരു ലയനത്തിന് കളമൊരുങ്ങിയിരിക്കുന്നു. വായ്പാ രംഗത്തെ ഭീമനായ ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ എച്ച് ഡി എഫ് സി ബാങ്കില്‍ ലയിക്കുന്നു. എച്ച് ഡി എഫ് സിയുടെ പൂര്‍ണ ഉടമസ്ഥയിലുള്ള ഉപകമ്പനികളായ എച്ച് ഡി എഫ് സി ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ്, എച്ച് ഡി എഫ് സി ഹോള്‍ഡിംഗ്സ് ലിമിറ്റഡ് എന്നിവ എച്ച് ഡി എഫ് സി ബാങ്കില്‍ ലയിക്കുന്നതിന് ബോര്‍ഡ് അനുമതി നല്‍കി.
എച്ച് ഡി എഫ് സി ബാങ്കില്‍ 41 ശതമാനം ഓഹരി പങ്കാളിത്തം എച്ച് ഡി എഫ് സി നേടുമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗില്‍ എച്ച് ഡി എഫ് സി ബാങ്ക് വെളിപ്പെടുത്തുന്നു. 2024 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ പാദത്തില്‍ ലയനം പൂര്‍ത്തീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഭവന വായ്പാ രംഗത്തെ വമ്പനായ എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്കില്‍ ലയിക്കുമ്പോള്‍ എച്ച് ഡി എഫ് സി ബാങ്കില്‍ ഭവന വായ്പാ പോര്‍ട്ട്ഫോളിയോ വലുപ്പം വന്‍തോതില്‍ കൂടും. മാത്രമല്ല കസ്റ്റമേഴ്സിന്റെ എണ്ണത്തിലും കുതിച്ചുചാട്ടമുണ്ടാകും.
റിസര്‍വ് ബാങ്ക്, സെബി, സി സി ഐ, നാഷണല്‍ ഹൗസിംഗ് ബോര്‍ഡ്, ഐആര്‍ഡിഎഐ, പിഎഫ്ആര്‍ഡിഎ, എന്‍ സി എല്‍ ടി, സ്റ്റോക്ക് മാര്‍ക്കറ്റുകള്‍, മറ്റ് റെഗുലേറ്ററി ഏജന്‍സികള്‍, ഓഹരിയുടമകള്‍ തുടങ്ങിയ വിവിധ തലങ്ങളില്‍ നിന്നുള്ള അനുമതികള്‍ ലയനത്തിന് മുമ്പ് നേടേണ്ടതുണ്ട്.
പഞ്ചസാര കയറ്റുമതി 85 ലക്ഷം ടണ്ണെന്ന പുതിയ ഉയരങ്ങളിലേക്ക്
ആഗോള വ്യാപാര സ്ഥാപനങ്ങളുടെ കണക്കനുസരിച്ച്, സെപ്റ്റംബറില്‍ അവസാനിക്കുന്ന 2021-22 വിപണന വര്‍ഷത്തില്‍ ഇന്ത്യയുടെ പഞ്ചസാര കയറ്റുമതി 85 ലക്ഷം ടണ്ണിലെത്തുമെന്ന് വ്യവസായ സംഘടനയായ ISMA തിങ്കളാഴ്ച അറിയിച്ചു.
ഹോള്‍സെയില്‍ വാഹന വില്‍പ്പനയില്‍ 20 ശതമാനം ഇടിവുണ്ടായതായി ബജാജ്
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മാര്‍ച്ചില്‍ ബജാജിന്റെ മൊത്തം വാഹന വില്‍പ്പനയില്‍ 20 ശതമാനം ഇടിവുണ്ടായി. 2,97,188 യൂണിറ്റുകളാണ് ഇക്കഴിഞ്ഞ മാസം ആകെ വിറ്റതെന്ന് ബജാജ് ഓട്ടോ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. വാണിജ്യ വാഹനങ്ങള്‍ ഉള്‍പ്പെടെ 3,69,448 വാഹനങ്ങള്‍ 2021 മാര്‍ച്ചില്‍ കമ്പനി വിറ്റഴിച്ചതായി പ്രസ്താവനയില്‍ പറയുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ബജാജ് ഓട്ടോ വാഹന വില്‍പ്പനയില്‍ 8 ശതമാനം വളര്‍ച്ച നേടി 43,08,433 യൂണിറ്റുകളായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 39,72,914 യൂണിറ്റായിരുന്നു വില്‍പ്പന.
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. 4780 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 120 രൂപ കുറഞ്ഞ് 38240 രൂപയായി. ശനിയാഴ്ച സ്വര്‍ണവില ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 4795 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 38360 രൂപയുമായിരുന്നു വില.
എച്ച്ഡിഎഫ്സി ലയന വാര്‍ത്ത തുണച്ചു; സൂചികകളില്‍ മുന്നേറ്റം
എച്ച്ഡിഎഫ്സി ബാങ്ക് - എച്ച്ഡിഎഫ്സി ലയന പ്രഖ്യാപനം ഓഹരി വിപണിയെയും പ്രത്യേകിച്ച് ഫിനാന്‍ഷ്യല്‍ മേഖലയെയും തുണച്ചതോടെ സൂചികകളില്‍ വന്‍ കുതിപ്പ്. സെന്‍സെക്സ് 2.25 ശതമാനമാണ് ഉയര്‍ന്നത്. 1335.05 പോയ്ന്റ് ഉയര്‍ന്ന് 60611.74 പോയ്ന്റിലും നിഫ്റ്റി 383.90 പോയ്ന്റ് ഉയര്‍ന്ന് 18,053.40 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു.
2534 ഓഹരികളുടെ വിലയില്‍ വര്‍ധനയുണ്ടായപ്പോള്‍ 796 ഓഹരികളുടെ വില മാത്രമാണ് താഴ്ന്നത്. 118 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, അദാനി പോര്‍ട്ട്സ്, എച്ച്ഡിഎഫ്സി ലൈഫ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ഇന്‍ഫോസിസ്, ടൈറ്റന്‍ കമ്പനി, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്സ് തുടങ്ങിയവയ്ക്ക് കാലിടറി.
എല്ലാ സെക്ടറല്‍ സൂചികകളും ഇന്ന് നേട്ടം രേഖപ്പെടുത്തി. ബാങ്ക്, മെറ്റല്‍, പവര്‍ തുടങ്ങിയവ 2-3 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്കാപ്, സ്മോള്‍ കാപ് സൂചികകള്‍ 1 ശതമാനം നേട്ടം രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. ധനലക്ഷ്മി ബാങ്ക് (10.67 ശതമാനം), ഇന്‍ഡിട്രേഡ് (5.14 ശതമാനം), കല്യാണ്‍ ജൂവലേഴ്സ് (5.02 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (4.95 ശതമാനം), ഹാരിസണ്‍സ് മലയാളം(4.58 ശതമാനം), എഫ്എസിടി (3.62 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് (3.60 ശതമാനം) തുടങ്ങി 22 കേരള കമ്പനി ഓഹരികളും ഇന്ന് നേട്ടമുണ്ടാക്കി. അതേസമയം വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, പാറ്റ്സ്പിന്‍ ഇന്ത്യ, ആസ്റ്റര്‍ ഡി എം, എവിറ്റി, കെഎസ്ഇ, കേരള ആയുര്‍വേദ, നിറ്റ ജലാറ്റിന്‍ എന്നീ ഏഴ് കേരള കമ്പനി ഓഹരികളുടെ വില ഇന്ന് താഴ്ന്നു.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it