20 കോടിയുടെ ഓഹരികൾ ഡ്രൈവർമാർക്കും പരിചാരകർക്കും സമ്മാനിച്ച്  ക്യാപിറ്റൽ ഫസ്റ്റ് മേധാവി

ബാങ്കിതര ധനകാര്യ സ്ഥാപനമായ ക്യാപിറ്റൽ ഫസ്റ്റിന്റെ സ്ഥാപകനും ചെയർമാനുമായ വി. വൈദ്യനാഥൻ തന്റെ വളർച്ചയിൽ കൂടെനിന്ന ജീവനക്കാരോടും കുടുംബാംഗങ്ങളോടും നന്ദി പ്രകടിപ്പിച്ചതെങ്ങനെയെന്നറിഞ്ഞാൽ ആരും ഒന്ന് ഞെട്ടും.

സ്ഥാപനത്തിന്റെ 20 കോടി രൂപ വിലയുള്ള 430,000 ത്തോളം ഓഹരികൾ രണ്ട് ഡ്രൈവർമാർ, മൂന്ന് ഗൃഹപരിചാരകർ, മുൻപുണ്ടായിരുന്നതും ഇപ്പോഴുള്ളതുമായ 26 സഹപ്രവർത്തകർ, കുടുംബാംഗങ്ങൾ എന്നിവർക്ക് ദീപാവലി സമ്മാനമായി നൽകിക്കൊണ്ടാണ് അദ്ദേഹം കൃതജ്ഞത പ്രകാശിപ്പിച്ചത്.

അദ്ദേഹത്തിന്റെ വ്യക്തിഗത ഷെയർ ഹോൾഡിങ്ങിന്റെ 10.61 ശതമാനം വരുമിത്. ക്യാപിറ്റൽ ഫസ്റ്റിന്റെ ഉയർച്ചയിലും താഴ്‍ചയിലും ഒപ്പം നിന്നവരാണ് ഇവരെല്ലാം. 40 ലക്ഷം ഷെയറുകളാണ് മൊത്തം അദ്ദേഹം കൈയ്യിൽ വച്ചിരുന്നത്.

സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്കുള്ള അറിയിപ്പിലാണ് വൈദ്യനാഥൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഐ.ഡി.എഫ്.സി ബാങ്കുമായുള്ള ലയനത്തിന് ക്യാപിറ്റൽ ഫസ്റ്റിന്റെ ഓഹരിയുടമകൾ കഴിഞ്ഞമാസം അനുമതി നൽകിയിരുന്നു. കരാറിന്റെ ഭാഗമായി ഐ.ഡി.എഫ്.സി ബാങ്ക്, ക്യാപിറ്റൽ ഫസ്റ്റിന്റെ ഓരോ 10 ഓഹരിക്കും 139 ഇക്വിറ്റി ഷെയറുകൾ വീതം ഇഷ്യൂ ചെയ്യും.

ലയനം പൂർത്തിയായാൽ പുതിയ സ്ഥാപനത്തിന്റെ നോൺ-എക്സിക്യൂട്ടീവ് ചെയർമാൻ ആയി ഐ.ഡി.എഫ്.സി ബാങ്ക് എംഡി രാജീവ് ലാൽ നിയമിതനാകും. വൈദ്യനാഥൻ എംഡി-സിഇഒ പദവികൾ വഹിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it