ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 25

മൂലധന വിപണിയിലേക്ക് ഈ മാസം ഇതുവരെ എത്തിയത് 17,722.82 കോടി രൂപ; കൂടുതല്‍ പ്രധാനവാര്‍ത്തകള്‍ ചുരുക്കത്തില്‍

Anil Ambani
Image credit: Youtube
1. മൂലധന വിപണിയിലേക്ക് വിദേശ നിക്ഷേപമൊഴുക്ക് ശക്തം; ഈ മാസം ഇതുവരെ 17,722.82 കോടി രൂപ

ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് വിദേശ നിക്ഷേപമൊഴുക്ക് ശക്തമാകുന്നു. നവംബറില്‍ ഇതുവരെ 17,722.82 കോടി രൂപ എഫ്.പി.ഐ നിക്ഷേപം വന്നു. ഒക്ടോബറില്‍ 16,645 കോടി രൂപയും സെപ്തംബറില്‍ 6,558 കോടി രൂപയും എഫ്.പി.ഐ ഇന്ത്യയിലേക്കെത്തിച്ചു.

2. ആര്‍കോം: അനില്‍ അംബാനിയുടെ രാജി ബാങ്കുകള്‍ തള്ളി

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ (ആര്‍കോം) ഡയറക്ടര്‍ സ്ഥാനം രാജിവച്ച ചെയര്‍മാന്‍ അനില്‍ അംബാനിയുടെ നടപടി സ്ഥാപനത്തിന് വായ്പ നടത്തിയ ബാങ്കുകള്‍ തള്ളി. രാജി അംഗീകരിക്കില്ലെന്നും ചുമതലകള്‍ തുടര്‍ന്നും വഹിക്കണമെന്നും അനില്‍ അംബാനിയോട് ബാങ്കുകള്‍ നിര്‍ദേശിച്ചു. അനിലിനൊപ്പം രാജിവച്ച ഡയറക്ടര്‍മാരായ റയന കറാനി, ഛായ വിറാനി, മഞ്ചരി കാക്കര്‍, സുരേഷ് രംഗാചാര്‍ എന്നിവരുടെ രാജിയും തള്ളിയിട്ടുണ്ട്.

3. കെ.എഫ്.സിക്ക് എം.കെ.കെ. നായര്‍ മെമ്മോറിയല്‍ പ്രൊഡക്ടിവിറ്റി അവാര്‍ഡ്

വ്യവസായ മേഖലയിലെ മികച്ച സേവനങ്ങള്‍ക്കുള്ള 2017-18ലെ ഫാക്ട് എം.കെ.കെ. നായര്‍ മെമ്മോറിയല്‍ പ്രൊഡക്ടിവിറ്റി അവാര്‍ഡ് കെ.എഫ്.സിക്ക് ലഭിച്ചു. സംസ്ഥാനത്ത് വ്യവസായങ്ങളുടെ മുന്നേറ്റത്തിനായി സ്വീകരിച്ച നടപടികളാണ് കെ.എഫ്.സിയെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. വായ്പാ നയത്തില്‍ കെ.എഫ്.സി മാറ്റങ്ങള്‍ വരുത്തിയിരുന്നു. അടിസ്ഥാന വായ്പാപ്പലിശ നിരക്ക് 14.5 ശതമാനത്തില്‍ നിന്ന് 9.5 ശതമാനമായി കുറച്ചു. ഏഴ് ദിവസത്തിനകം തത്വത്തില്‍ വായ്പാ അനുമതി നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്തിയതും മികവാണ്.

4. ഗൃഹോപകരണ എക്സ്‌ക്ലൂസീവ് ഷോറൂമുകളുമായി സപ്ലൈകോ

ഗൃഹോപകരണ വില്‍പ്പന രംഗത്ത് സപ്ലൈകോയുടെ ആദ്യ എക്സ്‌ക്ലൂസീവ് ഷോറൂം ചേര്‍ത്തലയില്‍ പ്രവര്‍ത്തനം തുടങ്ങി. മുന്‍നിര കമ്പനികളുടെ ഗൃഹോപകരണങ്ങള്‍ വന്‍ വിലക്കുറവില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഗൃഹോപകരണ ഷോറൂമുകള്‍ തുടങ്ങുമെന്ന് ഭഷ്യമന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. സപ്ലൈകോയുടെ 130 സ്റ്റോറുകള്‍ വഴി ഇതിനോടകം ഗൃഹോപകരണങ്ങള്‍ വില്‍ക്കുന്നുണ്ട്.സപ്ലൈകോ ഔട്ട്ലെറ്റുകള്‍ വഴി ഇതിനോടകം നാല് കോടി രൂപയുടെ ഗൃഹോപകരണങ്ങള്‍ വിറ്റഴിച്ചു. അടുത്ത സാമ്പത്തികവര്‍ഷം 10 കോടി രൂപയുടെ വില്പനയാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്.

5.സംസ്ഥാനത്തെ അഞ്ച് പദ്ധതികളില്‍ മുതല്‍ മുടക്കാന്‍ താല്‍പ്പര്യവുമായി അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി

സംസ്ഥാനത്തെ അഞ്ചു പ്രധാന അടിസ്ഥാന സൗകര്യവികസന പദ്ധതികളില്‍ മുതല്‍മുടക്കാന്‍ അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി (ആദിയ) താല്‍പര്യം പ്രകടിപ്പിച്ചു. ജനുവരിയോടെ തീരുമാനം എടുക്കാമെന്ന് ആദിയയുടെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ തലവന്‍ സലിം അല്‍ ധര്‍മാകി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചു. കൊച്ചി മെട്രോ ബ്ലിസ് സിറ്റി (കാക്കനാട് – 1500 കോടി), മാരിടൈം ക്ലസ്റ്റര്‍ (വില്ലിങ്ഡന്‍ ഐലന്‍ഡ് – 3500 കോടി), എറോട്രോപോളിസ് (കണ്ണൂര്‍ – 1000 കോടി), കിന്‍ഫ്ര ലോജിസ്റ്റിക്സ് പാര്‍ക്ക് (പാലക്കാട് – 400 കോടി) എന്നീ പദ്ധതികളിലും തിരുവനന്തപുരം വിമാനത്താവള വികസനം സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വരികയാണെങ്കില്‍ അവിടെയും മുതല്‍ മുടക്കാന്‍ കമ്പനി പ്രതിനിധികള്‍ താല്‍പര്യം അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here