കൊറോണയ്ക്കു വിട നല്‍കി നിര്‍മ്മാണത്തിരക്കില്‍ ചൈന

കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രഭവ കേന്ദ്രമായിരുന്ന ചൈന മഹാമാരിയുടെ പിടിയില്‍ നിന്ന് ഏറെക്കുറെ മുക്തമായതിനു പിന്നാലെ അവിടത്തെ ഉല്‍പ്പാദന ശാലകളും സജീവമായിത്തുടങ്ങിയതായി റിപ്പോര്‍ട്ട്.രാജ്യത്തുടനീളം ജനജീവിതം സാധാരണ നില കൈവരിച്ചുകൊണ്ടിരിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

യൂറോപ്പ്, യുഎസ്, ഇന്ത്യ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ രോഗ ബാധ രൂക്ഷമാണെങ്കിലും ആഗോളതലത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തി കൂടിയായ ചൈന സമ്പദ്വ്യവസ്ഥയിലെ വീണ്ടെടുക്കല്‍ പുനരാരംഭിച്ചത് എല്ലാ രാജ്യങ്ങള്‍ക്കും പ്രതീക്ഷ പകരുന്ന സംഭവ വികാസമാണ്.രാജ്യത്തുടനീളം ജീവനക്കാര്‍ ജോലിയിലേക്ക് മടങ്ങുകയാണ്.വൈറസ് പൊട്ടിത്തെറിയുടെ കേന്ദ്രമായിരുന്ന വുഹാനില്‍ പോലും ഉടന്‍ തന്നെ ലോക്ക്ഡൗണ്‍ അവസാനിപ്പിക്കും.

'ചൈന തങ്ങളുടെ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ വീണ്ടും പഴയ തോതില്‍ ആരംഭിക്കുകയാണെന്ന് തത്സമയ സൂചകങ്ങള്‍ വ്യക്തമാക്കുന്നു,'- സാന്‍ഫോര്‍ഡ് സി. ബെര്‍ണ്‍സ്‌റ്റൈനിലെ വിശകലന വിദഗ്ധര്‍ പറഞ്ഞു. 'വീണ്ടും ആരംഭിക്കുന്നത് മെല്ലെയാണെങ്കിലും കാര്യങ്ങള്‍ ക്രമേണ മെച്ചപ്പെടുന്നു.'കഴിഞ്ഞ മാസം കനത്ത മാന്ദ്യം നേരിട്ട രാജ്യത്തെ എയര്‍ലൈന്‍ വ്യവസായം മെച്ചപ്പെട്ടുതുടങ്ങിയെന്ന് ഫ്‌ളൈറ്റ്-ഡാറ്റാ അനലിറ്റിക്‌സ് കമ്പനിയായ ഒഎജി ഏവിയേഷന്‍ വേള്‍ഡ് വൈഡ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞയാഴ്ച ചൈനീസ് സബ്വേ ട്രാഫിക് 21% വര്‍ദ്ധിച്ചു. വലിയ ഉപകരണങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പന വളരെ പെട്ടെന്ന് ഉയരുന്നുണ്ടെന്നും ബെര്‍ണ്‍സ്‌റ്റൈന്‍ നിരീക്ഷിക്കുന്നു.വൈറസ് പരന്നതോടെ ചാന്ദ്ര പുതുവത്സര അവധി നീട്ടിയതിനെത്തുടര്‍ന്ന് ജനുവരി അവസാനം മുതല്‍ ചൈനയുടെ ഭൂരിഭാഗം മേഖലകളും ആഴ്ചകളോളം അടച്ചിരുന്നു.

ജാപ്പനീസ് കാര്‍ നിര്‍മ്മാതാതാക്കളായ ഹോണ്ട അവരുടെ രണ്ട് ചൈനീസ് സംരംഭങ്ങളില്‍ ശേഷി ക്രമേണ വീണ്ടെടുക്കുകയാണിപ്പോള്‍.
ചൈനയിലെ എല്ലാ നിസ്സാന്‍ മോട്ടോര്‍ കമ്പനി ഫാക്ടറികളും പ്രവര്‍ത്തനം പുനരാരംഭിച്ചു.എസ് എ ഐ സി മോട്ടോര്‍ കോര്‍പ്പറേഷന്‍ പ്ലാന്റുകളും ഉല്‍പാദനം വീണ്ടും തുടങ്ങി.

ചൈനയിലെ ടെസ്ല ഇങ്ക് ഫാക്ടറി ഫെബ്രുവരി 10 ന് പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു. പ്ലാന്റ് ഷട്ട്ഡൗണ്‍ ചെയ്യുന്നതിന് മുമ്പുള്ള ശേഷിയെ മറികടന്ന് വൈകാതെ പ്രതിവാരം 3,000 കാറുകളില്‍ ഉല്‍പ്പാദനം എത്തുമെന്ന് കമ്പനി പ്രതിനിധി പറഞ്ഞു.ജാപ്പനീസ് ഓട്ടോ ഭീമന്‍ ടൊയോട്ട ഗ്വാങ്ഷൗ, ചാങ്ചുന്‍ എന്നിവിടങ്ങളിലെ പ്ലാന്റുകളില്‍ രണ്ട് ഷിഫ്റ്റ് ഷെഡ്യൂളിലേക്ക് മടങ്ങി. ടിയാന്‍ജിനില്‍, എല്ലാ ഉല്‍പാദന ലൈനുകളും വൈകാതെ രണ്ട് ഷിഫ്റ്റ് ആകും. ചെംഗ്ഡു പ്ലാന്റ് മാത്രം തല്‍ക്കാലം ഒരു ഷിഫ്റ്റില്‍ തുടരും. ടൊയോട്ടയുടെ 98% ഡീലര്‍ഷിപ്പുകളും വീണ്ടും തുറന്നുകഴിഞ്ഞു. മിക്കവാറും എല്ലാ പ്രൊഡക്ഷന്‍ സൈറ്റുകളും പ്രവര്‍ത്തനത്തിലേക്ക് തിരിച്ചെത്തിയതായി ഫോക്‌സ്വാഗണ്‍ എജി പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it