വുഹാന്‍ ചിരിക്കുമ്പോള്‍ അമിത ആത്മവിശ്വാസവുമായി ചൈന

കൊറോണ വൈറസ് ബാധ ആദ്യമായി പൊട്ടിപ്പുറപ്പെട്ട ചൈനീസ് നഗരമായ വുഹാനിലെ ജനജീവിതം 76 ദിവസത്തെ ലോക്ഡൗണിന് ശേഷം സാധാരണ നിലയിലേക്ക് നീങ്ങിത്തുടങ്ങി. ഹുബെ പ്രവിശ്യാ തലസ്ഥാനമായ ഇവിടെ കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ മൂന്ന് പുതിയ അണുബാധകളും രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ട് പുതിയ അണുബാധകളും മാത്രമേ ഉണ്ടായുള്ളൂ എന്നതിനാലാണ് ഇന്ന് ലോക്ഡൗണ്‍ പിന്‍വലിച്ചത്.

വുഹാനിലെ ട്രെയിന്‍, വ്യോമ, റോഡ് ഗതാഗതം പുനരാരംഭിച്ചു. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതോടെ കോവിഡിനെതിരായ നിര്‍ണായക വിജയമാണ് ചൈന കൈവരിക്കുന്നതെന്നാണ് ഔദ്യോഗിക അവകാശവാദം. ഇതിനിടെ, വുഹാനിലെ സ്ഥിതി മെച്ചപ്പെട്ടെങ്കിലും അണുബാധയുടെ രണ്ടാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകളും ആരോഗ്യ സംരക്ഷണ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പങ്കു വയ്ക്കുന്നുണ്ട്.

വുഹാനിലെ സാമ്പത്തിക, സാമൂഹിക പ്രവര്‍ത്തനങ്ങളെല്ലാം ലോക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ പുനഃരാരംഭിക്കുകയാണെന്ന് പകര്‍ച്ചവ്യാധി നിയന്ത്രണ ഉദ്യോഗസ്ഥന്‍ ലുവോ പിങ് പറഞ്ഞു. കനത്ത ജാഗ്രത വേണമെന്നും അല്ലെങ്കില്‍ വീണ്ടും രോഗം പടരാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോലിയും ഉല്‍പാദനവും വീണ്ടും ആരംഭിക്കുമ്പോള്‍ വുഹാനില്‍ വീണ്ടും രോഗം വ്യാപിക്കാനുള്ള സാധ്യതയുണ്ട്. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതോടെ എല്ലാം ശരിയായെന്ന് അര്‍ഥമില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഡിസംബര്‍ മുതല്‍ പടര്‍ന്നു പിടിച്ച കോവിഡ് 19 വൈറസ് ചൈനയില്‍ സംഹാര താണ്ഡവമാടിയിരുന്നു. 2500 പേരാണ് വുഹാനില്‍ മാത്രം മരിച്ചത്.ഇവിടെ മാത്രം 50,000 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു.ചൈനയിലെ കോവിഡ് മരണങ്ങളില്‍ 77 ശതമാനവും വുഹാനിലാണുണ്ടായത്.

അതേസമയം, വുഹാനിലെ നിയന്ത്രണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുറച്ചതിനെത്തുടര്‍ന്ന് ആളുകള്‍ നഗരം വിട്ടുപോയിത്തുടങ്ങിയത് രാജ്യത്തിന്റെ മൊത്തം ആരോഗ്യസുരക്ഷയ്ക്കു ഭീഷണിയാകുന്നതായ നിരീക്ഷണം വ്യാപകമാണ്. ഭരണകൂടം അമിത ആത്മവിശ്വാസം പുറത്തെടുക്കുകയാണെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വിവേകരഹിത നീക്കങ്ങള്‍ നടത്തുകയാണെന്നുമുള്ള വിമര്‍ശനവും ഉയരുന്നുണ്ട്.
വടക്കന്‍ പ്രവിശ്യയായ ഹീലോങ്ജിയാങ്ങില്‍ ഇറക്കുമതി ചെയ്യുന്ന പുതിയ കേസുകള്‍ ദിവസേന 25 ആയി ഉയര്‍ന്നതായി അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.പ്രവിശ്യയുമായി കര അതിര്‍ത്തി പങ്കിടുന്ന റഷ്യയില്‍ നിന്ന് രോഗബാധിതരായ യാത്രക്കാരുടെ തുടര്‍ച്ചയായ വരവ് ഇങ്ങോട്ടുണ്ട്.

രാജ്യത്ത് പുതിയ സ്ഥിരീകരിച്ച കേസുകള്‍ ചൊവ്വാഴ്ച 62 ആയി ഉയര്‍ന്നു. ദേശീയ ആരോഗ്യ കമ്മീഷന്റെ നിരീക്ഷണത്തില്‍ മാര്‍ച്ച് 25 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കിഴക്കന്‍ പ്രവിശ്യയായ ഷാന്‍ഡോങിലെ ജിയാവോ സിറ്റിയില്‍ അപകടസാധ്യത താഴ്ന്ന നിലയില്‍ നിന്ന് ഇടത്തരം ആയി ഉയര്‍ന്നുവെന്ന് ഒരു ഔ്യോഗിക വെബ്സൈറ്റില്‍ പറയുന്നു, എന്നാല്‍ എന്തുകൊണ്ടാണിതെന്ന് വ്യക്തമാക്കിയിട്ടില്ല.ചൊവ്വാഴ്ച വരെയുള്ള കണക്കനുസരിച്ച് ചൈനയിലെ ആകെ കേസുകളുടെ എണ്ണം 81,802 ആണ്. മരണം 3,333 ആണെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it