ചൈനീസ് കോവിഡ് വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി

ചൈനീസ് കോവിഡ് വാക്സിനായ സിനോഫാമിന് ലോകാരോഗ്യസംഘന (ഡബ്ല്യു.എച്ച്.ഒ.)യുടെ അനുമതി. അടിയന്തിര ഉപയോഗത്തിനാണ് ചൈനയുടെ ആദ്യ കോവിഡ് വാക്‌സിന് ഉപാധികളോടെ അനുമതി നല്‍കിയിരിക്കുന്നത്. ലോകാരോഗ്യ സംഘനയുടെ അനുമതി ലഭിക്കുന്ന ആദ്യത്തെ ചൈനീസ് വാക്സിനാണ് സിനോഫാം. വാക്സിന്‍ നയതന്ത്രം അടക്കമുള്ള ചൈനീസ് നീക്കങ്ങള്‍ക്ക് ഗുണപ്രദമാകുന്നതാണ് ഡബ്ല്യു.എച്ച്.ഒ.യുടെ പുതിയ തീരുമാനം.

ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പിന്റെ (സിഎന്‍ബിജി) അനുബന്ധ സ്ഥാപനമായ ബീജിംഗ് ബയോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ട്സ് കോ ലിമിറ്റഡാണ് സിനോഫാം വാക്സിന്‍ നിര്‍മിക്കുന്നത്. താരതമ്യേന വിലകുറഞ്ഞ വാക്സിന്‍കൂടിയാണിത്.

സിനോഫാം ഇതിനോടകം 45 ഓളം രാജ്യങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. 79.34 ശതമാനം ഫലപ്രാപ്തി നല്‍കുന്നുവെന്ന് തെളിയിക്കപ്പെട്ടതിനാല്‍ മുതിര്‍ന്നവരില്‍ ഉപയോഗിക്കാനുള്ള അനുമതിയാണ് ലഭിച്ചിരുന്നത്. പാകിസ്താന്‍, യു.എ.ഇ, ഹംഗറി എന്നിവിടങ്ങളില്‍ വാക്സിന്‍ ഉപയോഗിക്കുന്നുണ്ട്.

ചൈനയില്‍ ഉള്‍പ്പെടെ 6.5 കോടി ഡോസുകള്‍ ഇതുവരെ വിതരണം ചെയ്തതായാണ് കണക്ക്. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ തന്നെ പല രാജ്യങ്ങളും വാക്സിന്‍ ഉപയോഗിക്കാന്‍ മടിച്ചിരുന്നു.

ഫൈസര്‍, ആസ്ട്രാസെനക്ക (കോവിഷീല്‍ഡ്), ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍ എന്നിവയ്ക്കാണ് ഇതുവരെ ഡബ്ല്യു.എച്ച്.ഒ. അനുമതി നല്‍കിയിട്ടുള്ളത്. റഷ്യയുടെ സ്പുട്‌നിക് വാക്‌സിന് ഇന്ത്യന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി ഉണ്ടെങ്കിലും 60 രാജ്യങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ലോകാരോഗ്യ സംഘടന അനുമതി ലഭിച്ചിട്ടില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it