നഗരത്തിലെ ഫ്‌ളാറ്റുകളില്‍ വെള്ളം മുടങ്ങുമെന്ന് ഭിതി

ലോക് ഡൗണിന്റെ ഭാഗമായി അവശ്യ വസ്തുക്കളുടെ സപ്‌ളൈ മുറിഞ്ഞിട്ടില്ലെങ്കിലും കൊച്ചി നഗരത്തിലെ ഒട്ടേറെ ഫ്‌ളാറ്റുകള്‍ കുടിവെള്ള ലഭ്യതയുടെ കാര്യത്തില്‍ ആശങ്കയിലേക്ക്. ജല അതോറിറ്റിയുടെ വെള്ളം ലഭിക്കാത്തതോ നാമമാത്രമായി മാത്രം ലഭിക്കുന്നതോ ആയ നിരവധി ഫ്‌ളാറ്റുകളാണ് സ്വകാര്യ ജലവിതരണ ഏജന്‍സികളുടെ പ്രവര്‍ത്തനം താളം തെറ്റുന്നതു മൂലം പ്രതിസന്ധി നേരിടുന്നത്.

സ്വകാര്യ ജലവിതരണ ഏജന്‍സികളില്‍ നിന്ന് 20 ലിറ്ററിന്റെ കണ്ടെയ്‌നറില്‍ എത്തിക്കുന്ന ശുദ്ധജലമാണ് നല്ലൊരു ഭാഗം ഫ്‌ളാറ്റുകളിലും കൂടിക്കാനും പാചകത്തിനും ഉപയോഗിക്കുന്നത്.അഴുക്കിന്റെ ആധിക്യം മൂലം കിണര്‍വെള്ളം ബാത്ത്‌റൂമില്‍ പോലും ഉപയോഗിക്കാന്‍ കഴിയുന്നില്ല മിക്ക ഫ്‌ളാറ്റുകളിലും.ടാങ്കര്‍ ലോറികളിലെ വെള്ളം സാധാരണ ആവശ്യത്തിനും 20 ലിറ്ററിന്റെ കണ്ടെയ്‌നറിലെ വെള്ളം അടുക്കളയിലേക്കും ഉപയോഗിക്കുന്ന വീടുകളാണ് നഗരത്തില്‍ 10 - 15 ശതമാനവുമെന്ന് ജലവിതരണ മേഖലയിലുള്ളവര്‍ നിരീക്ഷിക്കുന്നു.

വൈറസ് ഭീതി രൂക്ഷമായിത്തുടങ്ങിയതോടെ തന്നെ നഗരത്തിലെ പല വീടുകളിലും ആളില്ലാത്ത സ്ഥിതിയായിരുന്നെന്ന് ജലവിതരണ ഏജന്‍സിയായ ഈസ്‌റ്റേണ്‍ അക്വായുടെ കലൂര്‍, ഇടപ്പള്ളി ഏരിയാ മാനേജര്‍ ജോബി പറഞ്ഞു.സാധാരണ മധ്യവേനലവധിക്കാലത്ത് നഗരവാസികളില്‍ നല്ലൊരു ശതമാനം നാട്ടുമ്പുറത്തെ വീടുകളിലേക്കു പോകാറുണ്ടെങ്കിലും ഇക്കുറി കൂടുതല്‍ പേര്‍ നേരത്തെ തന്നെ യാത്രയായി. ഏകദിന കര്‍ഫ്യൂവും ലോക് ഡൗണും സംബന്ധിച്ച സൂചനകളെത്തിയ മുറയ്ക്ക് നാട്ടിലേക്കുള്ള പ്രവാഹം കൂടിയതായി തോന്നുന്നു.

സാധാരണയായി ലഭിച്ചിരുന്ന ഓര്‍ഡറിന്റെ എണ്ണം മൂന്നിലൊന്നും നാലിലൊന്നുമൊക്കെയായി കുറഞ്ഞു.കടകളും ഓഫീസുകളും പ്രവര്‍ത്തിക്കാതായതും ഓര്‍ഡര്‍ താഴാന്‍ കാരണമായി. ഇപ്പോഴത്തേതിന്റെ ഇരട്ടി വില ലഭിച്ചാലും നഷ്ടം ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. അടുത്തടുത്തുള്ള ഇടങ്ങളിലേക്ക് മൊത്തമായി കണ്ടെയ്‌നറുകള്‍ എത്തിച്ചിരുന്ന സ്ഥാനത്ത് ഏറെ ദൂരം സഞ്ചരിച്ച് രണ്ടും മൂന്നും എണ്ണം എത്തിക്കേണ്ടിവരുന്ന അവസ്ഥയാണിപ്പോള്‍. എല്ലാ ദിവസവും ഉണ്ടായിരുന്ന സപ്‌ളൈ ഒന്നിടവിട്ട ദിവസങ്ങളിലേക്കു മാറ്റിക്കഴിഞ്ഞു. ദിവങ്ങളുടെ എണ്ണം ഇനിയും കുറയ്‌ക്കേണ്ടിവന്നേക്കുമെന്ന് നടത്തിപ്പുകാര്‍ പറയുന്നു.

ജീവനക്കാര്‍ക്കുള്ള ഭീതിയും അധികൃതരുടെ ഭാഗത്തുനിന്നുള്ള നിയന്ത്രണങ്ങളും മറികടന്ന് വെള്ളവുമായെത്തുമ്പോള്‍ പല ഫ്‌ളാറ്റുകളിലും തങ്ങളെ കയറ്റുന്നതില്‍ സെക്യൂരിറ്റിക്കാരും മടി കാണിക്കുന്നു. ഓര്‍ഡര്‍ തന്നവര്‍ പോലും വെള്ളം വാങ്ങിവയ്ക്കാനും കണ്ടെയ്‌നര്‍ മടക്കിനല്‍കാനും കാണിക്കുന്ന ഭയം മറ്റൊന്ന്. ടാങ്കറുകളില്‍ വെള്ളം എത്തിക്കുന്നവര്‍ക്കുമുണ്ട് ഏകദേശം ഇതേ പരാതികള്‍.

ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവരാണ് ലിറ്ററിന് 20 രൂപ വരെ നല്‍കി കുപ്പിവെള്ളം കൂടുതലായി വാങ്ങി ശേഖരിച്ചുകൊണ്ടിരിക്കുന്നതെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാര്‍ പറഞ്ഞു, ഈസ്‌റ്റേണ്‍ അക്വ പോലുള്ള ഏജന്‍സികള്‍ കണ്ടെയ്‌നറില്‍ വെള്ളമെത്തിക്കുന്നത് ലിറ്ററിന് 3 രൂപയ്ക്കാണ്. കഴിഞ്ഞ മാസമാണ് ലിറ്ററിന്മേല്‍ വില 50 പൈസ കൂട്ടിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇനി വില വര്‍ദ്ധിപ്പിക്കാനുമാകില്ല.

നഗരത്തില്‍ പ്രതിദിനം വേണ്ടിവരുന്നത് 480 എം.എല്‍.ഡി. (മില്യണ്‍ ലിറ്റര്‍ പെര്‍ ഡേ) വെള്ളമാണ്. ജല അതോറിറ്റി വിവിധ കുടിവെള്ള പദ്ധതികളില്‍ നിന്നായി 360 എം.എല്‍.ഡി. വെള്ളം വിതരണം ചെയ്യുന്നു. പ്രതിദിനമുണ്ടാകുന്ന 12 കോടി ലിറ്റര്‍ വെള്ളത്തിന്റെ കുറവ് പരിഹരിക്കാന്‍ സ്വകാര്യ ജലവിതരണ സംവിധാനങ്ങളെയാണ് ജനം ആശ്രയിക്കുന്നത്.

ടാങ്കറുകളില്‍ മൊത്തമായി വെള്ളം എത്തിച്ച് ഫ്‌ളാറ്റുകളുടെയും മറ്റും ടാങ്കുകളിലേക്ക് പമ്പ് ചെയ്യുന്ന ബസിനസ് വന്‍ വളര്‍ച്ചയാണ് നേടിക്കൊണ്ടിരുന്നത്. നിലവില്‍ 400-ഓളം ടാങ്കറുകളാണ് പ്രതിദിനം കൊച്ചിയില്‍ കുടിവെള്ളമെത്തിക്കുന്നത്. എന്നാല്‍, കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 'ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍' പദ്ധതി നടപ്പാക്കിയതോടെ ടാങ്കറുകള്‍ക്കും നിയന്ത്രണം വന്നു. സമാന്തര സംവിധാനം ഫലപ്രദമായി നടപ്പക്കാത്തതു മൂലം കടുത്ത ശുദ്ധജലക്ഷാമം നേരിട്ടുവരികയായിരുന്നു ഇതിനകം തന്നെ കൊച്ചി.അതിനിടെയാണ് കോവിഡ് മൂലമുള്ള പുതിയ പ്രശ്‌നങ്ങളുടെ കടന്നുവരവ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it