1.70 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്

കൊറോണ മൂലമുണ്ടായ സാമ്പത്തികാഘാതം നേരിടാന്‍ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം 80 കോടി പാവങ്ങള്‍ക്ക് അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്പ് സൗജന്യമായി നല്‍കും.ആരും പട്ടിണി കിടക്കേണ്ടി വരരുതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാക്കേജ് പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു.

നിലവില്‍ നല്‍കുന്ന അഞ്ച് കിലോയ്ക്ക് പുറമെയായിരിക്കും 80 കോടി പാവങ്ങള്‍ക്ക് അഞ്ച് കിലോ ധാന്യം നല്‍കുന്നത്.ഗ്രാമ, നഗര ഭേദമെന്യേ അഞ്ച് കിലോ അരിയോ ഗോതമ്പോ ഏതാണ് ആവശ്യമെങ്കില്‍ അത് തിരഞ്ഞെടുക്കാം.അടുത്ത മൂന്നു മാസത്തേക്കാകും ഇത് ലഭിക്കുക. ഒരു കിലോ പയര്‍ വര്‍ഗവും മൂന്നുമാസം സൗജന്യമായി നല്‍കും. ഒന്നിച്ചോ രണ്ട് തവണയായോ ഇത് വാങ്ങാവുന്നതാണ്. സംസ്ഥാനങ്ങള്‍ വിട്ട് ജോലി ചെയ്യുന്നവര്‍ക്കും ആനുകൂല്യമുണ്ടാകും. പ്രാദേശിക സാഹചര്യങ്ങള്‍ പരിഗണിച്ച് 1 കിലോ ധാന്യം കൂടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

ഏപ്രില്‍ ആദ്യ വാരം തന്നെ 8.69 കോടി കര്‍ഷകര്‍ക്ക് അടിയന്തര സാമ്പത്തിക സഹായമായി പിഎം-കിസാന്‍ പേയ്‌മെന്റ് 2,000 രൂപ വീതം നല്‍കും. 87 ദശലക്ഷം കര്‍ഷകര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. തൊഴിലുറപ്പ് കൂലി 182 രൂപയില്‍ നിന്ന് 202 രൂപയായി വര്‍ധിപ്പിച്ചു.30 ദശലക്ഷം നിര്‍ധന സ്ത്രീകള്‍ക്ക് ആയിരം രൂപ വീതം 3 മാസം നല്‍കും. ജന്‍ധന്‍ അക്കൗണ്ടുള്ള 200 ദശലക്ഷം വനിതകള്‍ക്ക് മൂന്നു മാസം 500 രൂപ വീതം അക്കൗണ്ടിലൂടെ കിട്ടും.

എട്ടു കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്കു സൗജന്യ എല്‍പിജി സിലിണ്ടര്‍ 3 മാസത്തേക്ക് അനുവദിക്കും.100 ജീവനക്കാര്‍ വരെയുള്ള ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മൂന്നുമാസത്തെ പിഎഫ് തുക സര്‍ക്കാര്‍ അടയ്ക്കും, ഉടമകളുടെ വിഹിതം ഉള്‍പ്പെടെ. 400000 സ്ഥാപനങ്ങള്‍ക്ക് ഗുണം കിട്ടും ഇതിലൂടെ. നിര്‍മ്മാണ മേഖലയിലെ 35 ദശലക്ഷം തൊഴിലാളികള്‍ക്കായി സംസ്ഥാനങ്ങളോട് 31000 കോടി രൂപയുടെ ക്ഷേമ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കൊറോണ പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായി 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയും ഇതോടൊപ്പം പ്രഖ്യാപിച്ചു.സര്‍ക്കാര്‍ ആശുപത്രി ജീവനക്കാര്‍ക്കും ഈ ആനുകൂല്യമുണ്ടാകും.മൂന്ന് മാസത്തേക്കാണ് ഇന്‍ഷുറന്‍സ്. ഇതിനകം കൊറോണ വൈറസ് നിയന്ത്രണ വിധേയമാകുമെന്നാണു കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it