കോവിഡ് വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യത; ലോകാരോഗ്യ സംഘടന പറയുന്നത്

കോവിഡ് വൈറസ് വായുവിലൂടെ പകരാനുളള സാധ്യതയുണ്ടെന്ന് പറയുന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതായി ലോകാരോഗ്യ സംഘടന. കോവിഡ് വൈറസ് വായുവിലൂടെ പകരാനുളള സാധ്യത പുതിയ പഠനങ്ങളില്‍ പരിഗണിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കോവിഡ് 19 റിസര്‍ച്ച് ടെക്നിക്കല്‍ വിഭാഗത്തിന് നേതൃത്വം നല്‍കുന്ന മരിയ വാന്‍ കെര്‍ക്കോവ് വ്യക്തമാക്കിയിരിക്കുന്നത്. വായുവിലൂടെ കൊവിഡ് പകരാം എന്നുളളതിന് തെളിവുകള്‍ ലഭിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ഇതുവരെ കോവിഡ് ബാധിച്ചയാളുടെ മൂക്കില്‍ നിന്നോ വായില്‍ നിന്നോ ഉളള സ്രവങ്ങളില്‍ കൂടി മാത്രമേ കോവിഡ് വൈറസ് പകരുകയുളളൂ എന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞുകൊണ്ടിരുന്നത്. അതിനു മാത്രമാണ് തെളിവുകളുണ്ടായിരുന്നതും. എന്നാല്‍ ചില പഠനങ്ങളുടെ ഭാഗമായി കൊവിഡ് വായുവിലൂടെ പകരാമെന്നുളള സാധ്യത ലോകാരോഗ്യ സംഘടന അംഗീകരിക്കുന്നത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ വായുവിലൂടെയും കോവിഡ്് പകരാനുളള സാധ്യതയുണ്ട് എന്ന സ്ഥിരീകരണം ആശങ്ക ഉയര്‍ത്തുന്നതാണ്.

കഴിഞ്ഞ ദിവസം ഒരു കൂട്ടം അന്താരാഷ്ട്ര ഗവേഷകര്‍ കൊവിഡ് വായുവിലൂടെ പകരും എന്നുളള കണ്ടെത്തല്‍ പുറത്ത് വിട്ടിരുന്നു. 30 രാജ്യങ്ങളില്‍ നിന്നുളള 239 ഗവേഷകര്‍ ആണ് കോവിഡ് പകരുന്നത് സംബന്ധിച്ച് ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തിയത്. അടച്ച് പൂട്ടിയ ഇടങ്ങളില്‍ വൈറസ് വ്യാപനം വേഗത്തില്‍ സംഭവിക്കുന്നതിനുളള കാരണം വായുവിലെ ദ്രവകണങ്ങളില്‍ വൈറസിന്റെ സാന്നിധ്യം ഉളളത് കൊണ്ടാണ്.

അതിനാല്‍ തന്നെ മാസ്‌ക് ധരിക്കുന്നത് കൊണ്ടോ കൈകള്‍ അണുനശീകരണം വരുത്തുന്നത് കൊണ്ടോ വൈറസ് വ്യാപനം തടയാന്‍ സാധിക്കില്ല എന്നും ഈ ഗവേഷകര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണ്. ഈ സാധ്യത കണക്കിലെടുത്ത് കൊവിഡ് പ്രതിരോധ മുന്നറിയിപ്പുകളില്‍ ആവശ്യമാറ്റ മാറ്റം വരുത്തണം എന്നാവശ്യപ്പെട്ട് ഇവര്‍ ലോകാരോഗ്യ സംഘടനയ്ക്ക് കത്ത് എഴുതിയിരുന്നു.

ബാഹ്യമായ ഘടകങ്ങളില്‍ ഇതുവരെ വായു ഉണ്ടായിരുന്നതല്ല എന്നതിനാല്‍ തന്നെ സമ്പര്‍ക്കത്തിനുമാത്രമാണ് നിയന്ത്രണങ്ങളും വന്നിരുന്നത്. എന്നാല്‍ സ്രവങ്ങളിലൂടെ മാത്രമല്ല വായുവില്‍ തങ്ങി നില്‍ക്കുന്ന ദ്രവകണങ്ങള്‍ വഴിയും കോവിഡ് പകരും എന്നാണ് ഇവര്‍ വാദിക്കുന്നത്. അതിനാല്‍ തന്നെ കൂടുതല്‍ ലോക്ഡൗണുകള്‍ ലോകമെമ്പാടും നടത്തേണ്ടി വരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it