Top

കോവിഡ് ബാധിതരുടെ എണ്ണം ഇന്ത്യയില്‍ 10 ലക്ഷം കടന്നു

കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്ത്യയില്‍ ദശലക്ഷം പിന്നിട്ടു. രാജ്യത്ത് ഒരു ദിവസം സ്ഥിരീകരിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്നു പുറത്തു വന്നിട്ടുള്ളത്. 24 മണിക്കൂറില്‍ 32,695 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.606 പേരാണ് ഇന്നലെ മരിച്ചത്.

വിവിധ സംസ്ഥാനങ്ങളിലായി 9.68 ലക്ഷം പേര്‍ക്ക്് രോഗം ബാധിച്ചതായായിരുന്നു ഇന്നലെ രാത്രി വരെയുള്ള കണക്ക്.ഇന്നു രാവിലെ 10 ലക്ഷം കടന്നു. ഇതില്‍ 6.12 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 3.31 ലക്ഷം പേരാണ് ചികിത്സയിലുളളതെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇതുവരെ 25602 പേരാണ് മരിച്ചത്. ഡല്‍ഹിയില്‍ രോഗവ്യാപനത്തിന്റെ തോത് വലിയ രീതിയില്‍ കുറഞ്ഞെങ്കിലും കേരളവും കര്‍ണാടകയും തമിഴ്‌നാടും അടക്കമുളള സ്ഥലങ്ങളില്‍ രോഗികളുടെ എണ്ണം ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്.

മഹാരാഷ്ട്രയില്‍ മുംബൈയില്‍ തന്നെയാണ് ഇന്നലെയും ഏറ്റവുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ ഇന്നലെ 1,390 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 62 പേര്‍ മരിക്കുകയും ചെയ്തു. 96,253 പേര്‍ക്കാണ് മുംബൈയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡിനെ തുടര്‍ന്ന് 5,755 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 2.34 ലക്ഷം പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 1.39 കോടിയായി. ഇതുവരെ 5.86 ലക്ഷം പേര്‍ വിവിധ രാജ്യങ്ങളിലായി മരിച്ചു.

ഡല്‍ഹി ഐഐടി തദ്ദേശീയമായി വികസിപ്പിച്ച ഏറ്റവും വിലകുറഞ്ഞ കോവിഡ് പരിശോധനാ കിറ്റ് രാജ്യത്തിനാകെ വലിയ ആശ്വാസമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൊറോഷുര്‍ എന്ന ആര്‍ടി-പിസിആര്‍ കിറ്റിന് വില 399 രൂപയാണ്. ലാബ് അനുബന്ധ ചെലവടക്കം 650 രൂപയ്ക്ക് പരിശോധന നടത്താം. ഐസിഎംആറും ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയും അംഗീകാരം നല്‍കി. കിറ്റ് നിര്‍മിക്കാന്‍ 10 കമ്പനിക്ക് ലൈസന്‍സ് നല്‍കി.ഐഐടിയുടെ കുസുമ സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സസില്‍ പ്രൊഫസര്‍ വിവേകാനന്ദന്‍ പെരുമാളിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് കിറ്റ് വികസിപ്പിച്ചത്. നിലവില്‍ ആര്‍ടി-പിസിആര്‍ കിറ്റിന് 2200-3000 രൂപവരെ ചെലവുണ്ട്.

കോവിഡ് ചികില്‍സാ ചെലവ് ദുര്‍വഹമാണെന്ന പരാതി രാജ്യവ്യാപകമായി നിലനില്‍ക്കുന്നുണ്ട്.രോഗ ബാധിതരുടെ എണ്ണം കൂടുതലുള്ള സ്ഥലങ്ങളിലെല്ലാം ചികില്‍സാ സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്ന ആക്ഷേപവും വ്യാപകം. 'കോവിഡ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കുറഞ്ഞത് നാല് ലക്ഷം രൂപ മുന്‍കൂര്‍ കെട്ടിവയ്ക്കണം'- ഡല്‍ഹി രോഹിണിയിലുള്ള സരോജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ഇറക്കിയ സര്‍ക്കുലറിലെ നിര്‍ദേശമാണിത്. എത്ര ദിവസമെന്നത് പരിഗണിക്കാതെ ഏറ്റവും കുറഞ്ഞ ബില്‍ തുക മൂന്ന് ലക്ഷം രൂപയാണ്.

ഒറ്റയ്ക്കുള്ള മുറി, ഐസിയു, വെന്റിലേറ്റര്‍ സേവനം എന്നിവയടങ്ങുന്ന, ദിവസം 40,000 മുതല്‍ ഒരു ലക്ഷം രൂപവരെയുള്ള കോവിഡ് പാക്കേജാണ് ആശുപത്രിയില്‍ ഉള്ളതെന്നും സര്‍ക്കുലറില്‍ പറയുന്നു. ആശുപത്രിയില്‍ എത്താതെ വീടുകളിലേക്ക് കോവിഡ് ചികിത്സാ കിറ്റ് എത്തിക്കുന്ന പാക്കേജുമുണ്ട്. ദിവസം 1900 രൂപയില്‍ തുടങ്ങുന്ന പാക്കേജുകളില്‍ ഫോണിലൂടെ ഡോക്ടര്‍മാര്‍ ചികിത്സാ സഹായം നല്‍കും.

ചില സ്വകാര്യ ആശുപത്രികള്‍ എട്ടു ലക്ഷം രൂപവരെയാണ് രോഗികളെ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സ്ഥിരീകരിച്ചിരുന്നു. ഐസിഎംആറിന്റെ നിര്‍ദേശത്തിനു വിരുദ്ധമായി ഭൂരിപക്ഷം സ്വകാര്യ ലാബുകളും കോവിഡ് പരിശോധനയ്ക്ക് 4500 രൂപ ഈടാക്കുന്നുമുണ്ട്.

അതേസമയം, പതിനായിരം കിടക്കകളുമായി സൗത്ത് ഡല്‍ഹിയിലെ ഛത്തര്‍പുരിലെ രാധാ സ്വാമി സത്സങ്ങില്‍ ലാകത്തിലെ തന്നെ മികച്ച സംവിധാനങ്ങളോടെ കോവിഡ് പരിചരണ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. ഡല്‍ഹിയില്‍ കോവിഡ് രോഗികളാല്‍ ആശുപത്രികള്‍ നിറഞ്ഞ സാഹചര്യത്തിലാണു യുദ്ധകാലാടിസ്ഥാനത്തില്‍ താല്‍ക്കാലിക ആശുപത്രി ഉയര്‍ന്നത്. 20 ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വലുപ്പമുള്ള സ്ഥലത്ത് 20 കൂടാരങ്ങളാണുള്ളത്. ഓരോന്നിലും 500 കിടക്കകള്‍ വീതം. 75 ആംബുലന്‍സ്, 500 കുളിമുറികള്‍, 450 ശുചിമുറികള്‍ എന്നിവയുമുണ്ട്
സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്റര്‍ ആന്‍ഡ് ഹോസ്പിറ്റലില്‍.

കേരളത്തില്‍ കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ജനറല്‍ വാര്‍ഡില്‍ 2300 രൂപയും, വെന്റിലേറ്റര്‍ ഐസിയുവിന് 11,500 രൂപയുമാണ് പ്രതിദിന നിരക്ക്.കോവിഡ് ചികിത്സയ്ക്ക് സൗകര്യങ്ങളേര്‍പ്പെടുത്തുന്നതിനുള്ള ചെലവടക്കം കണക്കാക്കിയാണ് നിരക്ക്. ചികിത്സാവശ്യാര്‍ത്ഥം ഉപയോഗിക്കേണ്ടി വരുന്ന പിപിഇ കിറ്റുകള്‍ക്ക് വരുന്ന ചെലവ് ഇതിന് പുറമെയാണ്. കോവിഡ് ചികിത്സ സംസ്ഥാനത്ത് സൗജന്യമാണെന്നിരിക്കെ സ്വകാര്യ ആശുപത്രികള്‍ക്ക് ഈ പണം സര്‍ക്കാര്‍ പിന്നീട് നല്‍കും.

72380 കിടക്കകളാണ് സ്വകാര്യ ആശുപത്രികളുടേതായി കണക്കാക്കിയിരിക്കുന്ന മൊത്തം ശേഷി. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് കോവിഡ് ചികിത്സയുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it