കോവിഡ് 19: സംസ്ഥാനത്ത് സാമൂഹ്യവ്യാപന സാധ്യത തടയാന്‍ കൂടുതല്‍ ജാഗ്രത

സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നതിനാല്‍ ബാറുകള്‍ അടയ്‌ക്കേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം

-Ad-

കോവിഡ് 19 മായി ബന്ധപ്പെട്ട് സംസ്ഥാനത്തെ അതിഗൗരവതരമായ സാഹചര്യത്തിന് ഏതെങ്കിലും തരത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. അടുത്ത മൂന്നാഴ്ച വളരെ നിര്‍ണ്ണായകമാണെന്നും രോഗത്തിനു സാമൂഹ്യ വ്യാപന  സാധ്യതയുണ്ടെന്നുമുള്ള നിഗമനത്തോടെ സംസ്ഥാനത്ത് വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത പുലര്‍ത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിക്കാനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. അതേസമയം, സംസ്ഥാനത്തെ മദ്യശാലകള്‍ അടയ്ക്കില്ല. മദ്യശാലകള്‍ കൂടി പൂട്ടിയാല്‍ നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്.

കോവിഡ് 19 കൂടുതല്‍ വ്യാപകമായാല്‍ നിലവിലെ സംവിധാനങ്ങള്‍ മതിയാകില്ല. അതുകൊണ്ട് സാമൂഹ്യവ്യാപനം തടയാനാവശ്യമായ പ്രതിരോധ നടപടികളാണ് മന്ത്രിസഭാ യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്. ജാഗ്രതയില്‍ ഒരു വിട്ട് വീഴ്ചയും ഉണ്ടാകില്ല. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിക്കും, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കും, റിട്ടയേര്‍ഡ് ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തും, സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുടെ സേവനവും ആവശ്യമെങ്കില്‍ ഉപയോഗപ്പെടുത്തും. ഇക്കാര്യത്തില്‍ പണം നോക്കാതെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം. തുടര്‍ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യവും മന്ത്രിസഭ ചര്‍ച്ച ചെയ്തു.

-Ad-

സംസ്ഥാനത്തെ ബാറുകളും ബിവറേജുകളും അടച്ചിടണമെന്നാവശ്യം പ്രതിപക്ഷം അടക്കം ഉന്നയിച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ മദ്യശാലകള്‍ പൂട്ടേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. പൂട്ടുന്നതിന് പകരം ബാറുകളിലും ബിവറേജുകളിലും സുരക്ഷ മുന്‍കരുതല്‍ ശക്തമാക്കുന്നതിന് നിര്‍ദ്ദേശം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here