കൊറോണ വൈറസ്: ഹരിതഗൃഹ വാതകം ചൈനയില്‍ കുറഞ്ഞു

കൊറോണ വൈറസ് ബാധ വന്നശേഷം ചൈനയുടെ ഹരിതഗൃഹ വാതക പുറംതള്ളല്‍ നാലിലൊന്നു കുറഞ്ഞതായി വിദഗ്ധര്‍. സെന്റര്‍ ഫോര്‍ റിസേര്‍ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയറിലെ അനലിസ്റ്റ്് ആയ ലൗറി മൈല്ലിവിര്‍ത്തയുടെ നേതൃത്വത്തില്‍ നടന്ന പഠനമാണ് ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്ന രാജ്യങ്ങളുടെ മുന്‍നിരയില്‍ സ്ഥാനമുള്ള ചൈനയില്‍ നിന്ന് കാലാവസ്ഥാ വ്യതിയാനത്തില്‍ ഉത്ക്കണ്ഠ പുലര്‍ത്തുന്നവര്‍ക്ക് ആശ്വാസമുളവാക്കുന്ന വിവരം പുറത്ത് കൊണ്ടുവന്നത്.

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന്, വൈദുതി ഉപഭോഗവും വ്യാവസായിക ഉത്പാദനവും അസാധാരണ നിലയില്‍ കുറഞ്ഞതാണ് ഈ അവസ്ഥയ്ക്ക് ഇടയാക്കിയത്. കാലാവസ്ഥാ നിരീക്ഷണ വെബ്സൈറ്റ് ആയ കാര്‍ബണ്‍ ബ്രീഫ് പഠന വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. കൊറോണ വൈറസ് നിയന്ത്രിക്കാനുള്ള നടപടികള്‍ മൂലം ചൈനയില്‍ ഏകദേശം 15-40 ശതമാനമായാണ് വ്യാവസായിക ഉത്പാദനം കുറഞ്ഞത്. 2019-ല്‍ ഈ സമയത്ത് ഏകദേശം 400 മില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ചൈന പുറത്തുവിട്ടിരുന്നു. എന്നാല്‍ ഈ വര്‍ഷം കൊറോണ വൈറസ് ബാധ മൂലം കാലാവസ്ഥാ പ്രതിസന്ധിയുടെ പ്രധാന കാരണമായ ഫോസില്‍ ഇന്ധനങ്ങള്‍ കത്തുന്നതില്‍ കുത്തനെ ഇടിവുണ്ടായി. ഇതുവഴി ഏകദേശം 100 മില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആണ് ആഗോള തലത്തില്‍ കുറഞ്ഞത്.

സാധാരണഗതിയില്‍ എല്ലാ ശൈത്യകാലത്തും ചൈനയിലെ പുതുവര്‍ഷ അവധിക്ക് രാജ്യം വ്യാവസായിക മേഖലയ്ക്ക് ഒരാഴ്ച അവധി കൊടുക്കാറുണ്ട്. അവധി കഴിയുന്നതോടെ ഉല്‍പ്പന്നങ്ങളുടെ ആവശ്യകത കൂടുകയും കൂടുതല്‍ ഊര്‍ജ്ജിതമായി വ്യവസായിക മേഖല പ്രവര്‍ത്തിക്കുകയും ചെയ്യും. എന്നാല്‍ കോവിഡ് 19 വൈറസ് വന്നതോടെ ഈ വര്‍ഷത്തെ സ്ഥിതി ആകെ മാറി. വ്യാവസായിക പ്രവര്‍ത്തന സമയം കുറയ്ക്കുന്നതും നിര്‍മ്മാണ സ്ഥലങ്ങളും കടകളും അടച്ചിരിക്കുന്നതും രാജ്യത്ത് കല്‍ക്കരിയുടെ ഉപയോഗവും ഉരുക്ക് ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും തടഞ്ഞു.

ചൈനയില്‍ നേതാക്കള്‍ സാമ്പത്തിക വളര്‍ച്ചയ്ക്കായി പരിശ്രമിക്കുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കുതിച്ചുയര്‍ന്നിരുന്നു. ഇത് 2018 ല്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ വൈദ്യുത നിലയങ്ങളിലെ കല്‍ക്കരി ഉപയോഗം നാലു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഷാന്‍ഡോംഗ് പ്രവിശ്യയിലെ എണ്ണ ശുദ്ധീകരണ പ്രവര്‍ത്തന നിരക്ക് 2015 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണെന്നും സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രധാന സ്റ്റീല്‍ ഉല്‍പന്നങ്ങളുടെ ഔട്ട്പുട്ട് അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ആഭ്യന്തര വിമാന സര്‍വീസുകള്‍ 70 ശതമാനം വരെ കുറഞ്ഞു. നൈട്രജന്‍ ഡൈ ഓക്‌സൈഡ് മൂലമുള്ള വായു മലിനീകരണത്തിന്റെ അളവ് 36 ശതമാനം താഴാനും ഇതിടയാക്കിയിട്ടുണ്ട്. ചൈനീസ് വ്യാവസായിക മേഖലകളില്‍ ഉല്‍പാദനത്തില്‍ 40 ശതമാനം ഇടിവുണ്ടായതായി പഠനം പറയുന്നു.താല്‍ക്കാലികമായെങ്കിലും ലോകത്തിനു ഗുണകരമാണ് ഇതെന്ന് എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ കാര്‍ഷിക, റിസോഴ്സ് ഇക്കണോമിക്സ് പ്രൊഫസര്‍ ഡൊമിനിക് മൊറാന്‍ പറഞ്ഞു.

എന്നാല്‍ ഈ മാറ്റങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലാകില്ലെന്ന് ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ ഗ്രാന്‍ഥാം ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി വകുപ്പിലെ വിദഗ്ധന്‍ ജോറി റോജല്‍ജ് ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രവര്‍ത്തനം വീണ്ടും ഉയര്‍ന്നുകഴിഞ്ഞാല്‍ ദീര്‍ഘകാലത്തേക്ക് മലിനീകരണം കുറയാന്‍ സാധ്യതയില്ലെന്ന് ഗ്രീന്‍ അലയന്‍സ് തിങ്ക് ടാങ്കിലെ സീനിയര്‍ പോളിസി അനലിസ്റ്റ് കാറ്റെറിന ബ്രാന്‍ഡ്മെയര്‍ അഭിപ്രായപ്പെട്ടു.മലിനീകരണവും ഉപഭോക്തൃ ഡിമാന്‍ചുമായുള്ള ബന്ധം അവഗണിക്കാനാകില്ലെന്ന അവര്‍ പറഞ്ഞു.

'മലിനീകരണം ശാശ്വതമായി കുറയ്ക്കുന്നതിന് ശുദ്ധമായ ഊര്‍ജ്ജം, പ്രക്രിയകള്‍, ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ ഗണ്യമായ നിക്ഷേപം ആവശ്യമാണെന്ന് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.'- കാറ്റെറിന ബ്രാന്‍ഡ്മെയര്‍ ചൂണ്ടിക്കട്ടി. നിലവിലെ നയങ്ങളനുസരിച്ച്, ചൈനയുടെ ഹരിതഗൃഹ വാതകങ്ങള്‍ കുറഞ്ഞത് 2030 വരെ ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. എന്നിരുന്നാലും 2020 കളുടെ അവസാനത്തോടെ വര്‍ദ്ധനവിന്റെ തോത് കുറയുമെന്നാണ് കാര്‍ബണ്‍ ബ്രീഫ് പറയുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it