കോവിഷീല്‍ഡ് കോവിഡ് വാക്‌സിന്‍ എത്തുക താങ്ങാവുന്ന വിലയില്‍! പുറത്തിറക്കാനുള്ള അന്തിമ നടപടികളിലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് വാക്‌സിന്‍ പുറത്തിറക്കാനുള്ള സജീകരണങ്ങള്‍ പൂര്‍ത്തിയായതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 'കോവിഷീല്‍ഡ്' എന്നു പേരുള്ള വാക്സിന്‍ ഡിസംബറില്‍ അടിയന്തര അനുമതിക്കായി നല്‍കാനിരിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകരിലും പ്രായമായവരിലും മിതമായ നിരക്കില്‍ വാക്സിന്‍ പ്രയോഗിക്കാനുള്ള അനുമതിയാണ് പ്രാരംഭത്തില്‍ ഇന്‍സ്റ്റിറ്റയൂട്ട് തേടുക. വാര്‍ത്താസമ്മേളനത്തിലാണ് സിറം ഇക്കാര്യം വ്യക്തമാക്കിയത്. 2021 മാര്‍ച്ച്-ഏപ്രില്‍ കാലയളവില്‍ വാക്സിന്‍ പൊതു വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു.

ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ആസ്ട്ര സെനകും ചേര്‍ന്നാണ് ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ കോവിഡ് വാക്സിന്‍ നിര്‍മിക്കുന്നത്. കോവിഡ് വാക്സിന്‍ മുതിര്‍ന്നവരില്‍ 99 ശതമാനം വിജയമെന്നു രണ്ടാംഘട്ട പരീക്ഷണഫലത്തില്‍ സൂചിപ്പിക്കുന്നുണ്ട്.ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കും ആദ്യ ലഭ്യത ഉറപ്പാക്കാനാണ് സിറം തീരുമാനിച്ചിരിക്കുന്നത്. അതിനുശേഷമാകും പൊതുജനങ്ങളിലേക്ക് എത്തുക. താങ്ങാവുന്ന വിലയില്‍ എത്തുന്ന വാക്‌സിന്‍ 500 മുതല്‍ 600 വരെ വിലയില്‍ ലഭ്യമാക്കും.

രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയിലാണ് വാക്സിന്‍ സൂക്ഷിക്കേണ്ടിവരിക.

യുഎസ് കമ്പനിയായ ഫൈസര്‍ കോവിഡ് വാക്സിന്‍ പരീക്ഷണം 90 ശതമാനം വിജയകരമെന്ന് അവകാശപ്പെട്ടിരുന്നു. തങ്ങളുടെ വാക്സിന്‍ പരീക്ഷണം 95 ശതമാനവും വിജയകരമെന്നാണ് കഴിഞ്ഞ ദിവസം ഫൈസര്‍ അവകാശപ്പെടുന്നത്. വാക്‌സിനിന്റെ ക്ലിനിക്കല്‍ ട്രയലുമായി ബന്ധപ്പെട്ട ഒടുവില്‍ ലഭിച്ച ഫലങ്ങള്‍ 95% ഫലപ്രദമായിരുന്നു. എന്നാല്‍ ഈ വാക്‌സിന്‍ സംഭരണത്തിന്റെ കാര്യത്തില്‍ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് ഏറെ പ്രയാസപ്പെടേണ്ടി വരുമെന്നാണ് എയിംസ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

ഫൈസറിന് പിന്നാലെ കോവിഡ് വാക്സിന്‍ ഫലപ്രാപ്തിയിലെത്തിയെന്ന അവകാശവാദവുമായി റഷ്യയും മുന്നോട്ട് വന്നിരുന്നു. കോവിഡ് പ്രതിരോധത്തിനായി തങ്ങള്‍ വികസിപ്പിച്ച സ്പുട്‌നിക് 5 വാക്‌സിന്‍ 92 ശതമാനം ഫലപ്രദമാണെന്നാണ് റഷ്യയുടെ അവകാശവാദം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it