കോവിഡ് 19: പുതിയ വകഭേദങ്ങള്‍ കൂടുതല്‍ രാജ്യങ്ങളില്‍

ഇംഗ്ലണ്ടില്‍ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ രണ്ട് വകഭേദങ്ങള്‍ ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍, സ്വീഡന്‍, നെതര്‍ലാന്റ്‌സ്, ജര്‍മ്മനി, ഇറ്റലി എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലും കാനഡ, ജപ്പാന്‍, ഓസ്‌ട്രേലിയ, ലെബനന്‍ എന്നിവിടങ്ങളിലും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.


കോവിഡ് 19നെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ കൊടുക്കാന്‍ പല യൂറോപ്യന്‍ രാജ്യങ്ങളും ആരംഭിച്ചെങ്കിലും ഈ രോഗത്തിന് കാരണമാകുന്ന വൈറസിന്റെ അതിവേഗ രൂപമാറ്റത്തെക്കുറിച്ചുള്ള ആശങ്ക ഇവര്‍ക്കെല്ലാം ഉണ്ട്. ബ്രിട്ടീഷ് വകഭേദം മുന്‍പ് കണ്ട കൊറോണ വൈറസുകളെക്കാള്‍ കൂടുതല്‍ മാരകമോ നിലവില്‍ വികസിപ്പിച്ചെടുത്ത വാക്‌സിനുകള്‍ കൊണ്ട് പ്രതിരോധിക്കാന്‍ ബുദ്ധിമുട്ടുള്ളതോ ആണെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നില്ല.

കാനഡയില്‍, ഒന്റാറിയോയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ വകഭേദം വന്ന രണ്ടു കോവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വടക്കേ അമേരിക്കന്‍ പ്രദേശത്തു നിന്നുള്ള ആദ്യ കേസുകളാണിത്. ദമ്പതികളായ ഈ രണ്ടുപേര്‍ക്കും അറിയപ്പെടുന്ന യാത്രാ ചരിത്രമൊന്നുമില്ല. അതിനാല്‍ ഇത് സാമൂഹ്യ വ്യാപനമായി കണക്കാക്കുന്നു.

യു എസില്‍ ഇതുവരെ ഇത്തരം ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും, കൊറോണ വൈറസ് അണുബാധകളിലും മരണങ്ങളിലും മുന്നില്‍ നില്‍ക്കുന്ന ഇവിടെ, അത്തരം വകഭേദങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനുള്ള ജനിതക ക്രമ പരിശോധന നിരക്ക് വളരെ കുറവായതിനാലാണ് ഇതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

യുകെയില്‍ നിന്ന് ആളുകള്‍ ഇന്ത്യയിലേക്ക് വരുന്നതിനാല്‍, പുതിയ വകഭേദങ്ങള്‍ ഇവിടേക്ക് വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കോഴിക്കോട് ആരോഗ്യവകുപ്പ് നടത്തിയ ഒരു പഠനത്തില്‍ ചില കേസുകളില്‍ ചെറിയ ജനിതക മാറ്റം കണ്ടെത്തിയതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പറയുന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായും ഉറപ്പാക്കുന്നതിന്, കേരളത്തിലെ എല്ലാ ജില്ലകളിലും ജനിതക മാറ്റം പരിശോധിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കേരള ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ അഭിപ്രായത്തില്‍ കേരളത്തിലെ കേസുകളില്‍ കണ്ടെത്തിയ ജനിതക മാറ്റം യുകെയില്‍ കണ്ടെത്തിയതുപോലെയല്ല.

കേരളത്തില്‍ ഇതുവരെ യുകെയില്‍ നിന്ന് മടങ്ങിയെത്തിയ എട്ട് പേരില്‍ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട് . ഈ എട്ട് പേരില്‍ നിന്നുള്ള സാമ്പിളുകള്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ടെന്നും അവിടെ വൈറസിന്റെ വകഭേദങ്ങള്‍ ഉണ്ടോയെന്ന് കൂടുതല്‍ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

യുകെയില്‍ നിന്ന് ഇതുവരെ കണ്ടെത്തിയ രണ്ട് പുതിയ വകഭേദങ്ങള്‍ക്ക് രോഗം പരത്താനുള്ള ശക്തി കൂടുതലാണെന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍, ഇംഗ്ലണ്ടിന്റെ തെക്കും കിഴക്കും പ്രദേശങ്ങളില്‍ കോവിഡ് 19 കേസുകളില്‍ റിപ്പോര്‍ട്ട് ചെയ്ത വര്‍ദ്ധനവിന് പിന്നിലെ കാരണംഈ വൈറസ് അണുബാധയുടെ പുതിയ വകഭേദമാണെന്ന് കണ്ടെത്തി. ഒരു വകഭേദം യൂറോപ്പില്‍ സംഭവിച്ചതാണെന്നു വിശ്വസിക്കപ്പെടുന്നു. മറ്റൊന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് വന്നത് (പിന്നീട് ഇത് യുകെയില്‍ ഇത് കണ്ടെത്തി).

ജര്‍മ്മനി ഉള്‍പ്പെടെയുള്ള നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ അണുബാധകളിലും മരണങ്ങളിലും ശീതകാലത്തുണ്ടാകുന്ന വര്‍ദ്ധനവിനെ തുടര്‍ന്ന് കര്‍ശനമായ സാമൂഹ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാക്‌സിന്‍ കൊടുക്കാന്‍ ആരംഭിച്ചെങ്കിലും സാമൂഹ്യ വ്യാപനം പൂര്‍ണമായി ഇല്ലാതാക്കാന്‍ മാസങ്ങള്‍ എടുക്കുമെന്നാണ് വിലയിരുത്തല്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it