ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 15, 2020

കൊറോണ അപ്ഡേറ്റ്സ്

ഇന്ന് കേരളത്തില്‍

കേരളത്തില്‍ 623 പേര്‍ക്ക് കൂടി പുതുതായി കോവിഡ്. 4989 പേരാണ് ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ :936181 (ഇന്നലെ വരെയുള്ള കണക്ക്:906752 )

മരണം : 24309 (ഇന്നലെ വരെയുള്ള കണക്ക്: 23727)

ലോകത്ത് ഇതുവരെ

രോഗികള്‍:13349795 (ഇന്നലെ വരെയുള്ള കണക്ക്: 13127006 )

മരണം :579335 ( ഇന്നലെ വരെയുള്ള കണക്ക്: 573664 )

ഓഹരി വിപണിയില്‍ ഇന്ന്

സെന്‍സെക്‌സ് 36,052 ലാണ് ക്ലോസ് ചെയ്തത്. ഇന്ന് വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 36,810 തൊട്ടിരുന്നു. ഇന്‍ഫോസിസ് ഓഹരി വില ഇന്ന് ആറര ശതമാനത്തോളം ഉയര്‍ന്നു.

നിഫ്റ്റി പത്തുപോയ്ന്റ് അഥവാ 0.10 ശതമാനം മാത്രം ഉയര്‍ന്ന് 10,618ല്‍ ക്ലോസ് ചെയ്തു.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 4585 രൂപ (ഇന്നലെ 4550 രൂപ)
ഒരു ഡോളര്‍: 75.06 രൂപ (ഇന്നലെ : 75.49 രൂപ)

ക്രൂഡ് ഓയ്ല്‍

WTI Crude 40.41 + 0.30 %
Brent Crude 43.01 + 0.26 %
Natural Gas 1.758 + 0.69%

മറ്റ് വാര്‍ത്തകള്‍ ചുരുക്കത്തില്‍

റിലയന്‍സ് ജിയോയില്‍ ഗൂഗിള്‍ 33,733 കോടിയുടെ നിക്ഷേപം നടത്തും

റിലയന്‍സ് ജിയോ പ്ലാറ്റ്ഫോമുകളില്‍ ആഗോള ടെക് ഭീമന്‍ ഗൂഗിള്‍ 33,733 കോടി രൂപയുടെ നിക്ഷേപം നടത്തും. റിലയന്‍സ് ഇന്ത്യയുടെ 43-ാം വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗൂഗിളിന് നല്‍കുന്നത് 7.7 ശതമാനം ഓഹരികളായിരിക്കും.

ആദ്യപാദത്തില്‍ ലാഭം 19% വര്‍ധിപ്പിച്ച് ഫെഡറല്‍ ബാങ്ക്

ജൂണ്‍ 30ന് അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലവുമായി ഫെഡറല്‍ ബാങ്ക്. 932.38 കോടി രൂപ പ്രവര്‍ത്തന ലാഭം നേടി. മുന്‍ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തെ അപേക്ഷിച്ച് 19.11 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ആകെ വരുമാനം 3932.52 കോടി രൂപയിലെത്തി. ജൂണില്‍ അവസാനിച്ച ത്രൈമാസത്തിലെ അറ്റാദായം 400.77 കോടി രൂപയാണ്.

അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് തദ്ദേശ സ്വയംഭരണ പൊതുസര്‍വീസ് രൂപവത്കരിക്കുന്നു

തദ്ദേശ സ്വയംഭരണ വകുപ്പിലെ അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് തദ്ദേശ സ്വയഭരണ പൊതുസര്‍വീസ് രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, എന്‍ജിനിയറിങ്, നഗര - ഗ്രാമാസൂത്രണം എന്നീ വകുപ്പുകള്‍ ഏകീകരിച്ചാണ് പൊതു സര്‍വീസ് രൂപവത്കരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ എഡിബി വൈസ് പ്രസിഡന്റാകും

തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ കാലാവധി കഴിയാന്‍ ഇനിയും രണ്ട് വര്‍ഷം കൂടി അവശേഷിക്കവേ ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ(എഡിബി) വൈസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നു. ഓഗസ്റ്റ് 31ന് നിലവിലെ വൈസ് പ്രസിഡന്റ് ദിവാകര്‍ ഗുപ്തയുടെ കാലാവധി കഴിയാനിരിക്കേയാണ് ലവാസയുടെ നിയമനം.

വാവെയെ ഒറ്റയടിക്ക് ബ്രിട്ടന്‍ ഒഴിവാക്കില്ല

ചൈനീസ് ടെലികോം ഭീമന്മാരായ വാവെയെ വേണ്ടത്ര മുന്‍കരുതലില്ലാതെ ബ്രിട്ടനില്‍ നിന്നു പെട്ടെന്നു പുറത്താക്കിയാല്‍ രാജ്യത്തെ ഫോണ്‍ ശൃംഖല തടസപ്പെടുമെന്ന ടെലികോം കമ്പനികളുടെ മുന്നറിയിപ്പ് ഭാഗികമായ ഫലമുളവാക്കി. 2027 ഓടെ 5ജി നെറ്റ്വര്‍ക്കുകളില്‍ നിന്നും വാവെയെ പൂര്‍ണമായി നീക്കാനാണ് ബ്രിട്ടണ്‍ ലക്ഷ്യം പുനര്‍നിര്‍ണ്ണയിച്ചിരിക്കുന്നത്.

മൊഡേര്‍ണയുടെ വാക്സിന്‍ പരീക്ഷണം വിജയത്തിലേക്ക്

അമേരിക്കന്‍ ബയോടെക് കമ്പനിയായ മൊഡേര്‍ണ വികസിപ്പിച്ചെടുത്ത കൊവിഡ് 19 വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് റിപ്പോര്‍ട്ട്. പരീക്ഷണാര്‍ത്ഥത്തില്‍ കുത്തിവെച്ച ആളുകളില്‍ കൊവിഡ് വൈറസുകള്‍ക്കെതിരായ ആന്റിബോഡി ധാരാളമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നതായി കണ്ടെത്തി.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മടങ്ങേണ്ടിവരില്ല; വിസ ചട്ടം പിന്‍വലിച്ച് ട്രംപ്

വിദേശവിദ്യാര്‍ത്ഥികളെ ഒന്നടങ്കം പറഞ്ഞുവിടാനുള്ള തീരുമാനത്തില്‍ നിന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പിന്മാറി. നിലവില്‍ വിദ്യാഭ്യാസത്തിനായി വന്നവരെ നാട്ടിലേക്ക് മടക്കിവിടാനുള്ള തീരുമാനമാണ് പിന്‍വലിച്ചത്. പ്രമുഖ സര്‍വകലാശാലകളും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും കോടതിയെ സമീപിച്ചതോടുകൂടിയാണ് മുമ്പത്തെ നിലപാടിലുള്ള മാറ്റം.

കൊറോണ പ്രതിസന്ധി മറികടക്കാന്‍ നൈപുണ്യം സ്വന്തമാക്കണം : മോദി

അധിക നൈപുണ്യം സ്വായത്തമാക്കിയും പ്രയോഗിച്ചും മാത്രമേ കൊറോണ പ്രതിസന്ധിയില്‍ വിജയിക്കാന്‍ കഴിയൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള യുവജന ക്ഷമതാ ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര നൈപുണ്യ വികാസ മന്ത്രാലയം യുനെസ്‌കോയുടെ മേല്‍നോട്ടത്തില്‍ നടത്തിയ ഡിജിറ്റല്‍ സമ്മേളനത്തില്‍ യുവാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇറാനില്‍ ഇന്ത്യന്‍ റെയില്‍വേ സംരംഭത്തിന് 'റെഡ് സിഗ്‌നല്‍'

തന്ത്രപ്രധാനമായ ഛബഹാര്‍- സഹെദാന്‍ റെയില്‍ പദ്ധതിയില്‍ നിന്ന് ഇറാന്‍ ഇന്ത്യയെ ഒഴിവാക്കിയത് ചൈനയുടെ താല്‍പ്പര്യ പ്രകാരമെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍. ചൈനയുമായി 25 വര്‍ഷകാലത്തേക്ക് 30 ലക്ഷം കോടി രൂപയുടെ തന്ത്രപരമായ പങ്കാളിത്ത കരാര്‍ ഉറപ്പിച്ചതിനു പിന്നാലെയാണ് റെയില്‍ പദ്ധതിയില്‍ ഇറാന്‍ ഇന്ത്യയുമായുള്ള സഹകരണം വേണ്ടെന്നു വച്ചത്്.

അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളെ പ്രോല്‍സാഹിപ്പിക്കുന്നതിന് പുതിയ നീക്കവുമായി കാനഡ

കോവിഡ് 19 പശ്ചാത്തലത്തില്‍ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ച് കാനഡ. ഓണ്‍ ലൈന്‍ കോഴ്‌സുകളില്‍ കാനേഡിയന്‍ പഠനം നടത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പഠന പരീക്ഷാക്രമങ്ങള്‍ പുനഃക്രമീകരിച്ചു തടുങ്ങി. വിദ്യാര്‍ത്ഥികളുടെ സൗകര്യം കണക്കിലെടുത്താണ് മാറ്റങ്ങള്‍.

ഫ്ളിപ്കാര്‍ട്ടില്‍ വാള്‍മാര്‍ട്ട് 9,000 കോടി നിക്ഷേപിക്കും

അമേരിക്കന്‍ റീട്ടെയില്‍ വമ്പന്മാരായ വാള്‍മാര്‍ട്ടില്‍ നിന്ന് പ്രമുഖ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ളിപ്കാര്‍ട്ട് 1.2 ബില്യണ്‍ ഡോളര്‍ (ഏതാണ്ട് 9,000 കോടി രൂപ) നിക്ഷേപം സമാഹരിച്ചു. പുതിയ നിക്ഷേപമെത്തിയതോടെ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ആകെ മൂല്യം 24.9 ബില്യണ്‍ ഡോളറിലെത്തി.

കാഷ്ലെസ് സൗകര്യം നിഷേധിക്കുന്നതിനെതിരെ ഐആര്‍ഡിഎ

കോവിഡ് രോഗികള്‍ക്ക് കാഷ്ലെസ് ചികിത്സാ സൗകര്യം നിഷേധിക്കരുതെന്ന് ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ ആര്‍ ഡി എ). ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉള്ള കോവിഡ് ബാധിതര്‍ക്ക് രാജ്യത്തെ പല സ്വകാര്യ ആശുപത്രികളും കാഷ്ലെസ് ചികിത്സാ സൗകര്യം നിഷേധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് ഐ ആര്‍ ഡി എ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it