ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 24, 2020

കൊറോണ അപ്ഡേറ്റ്സ്

ഇന്ന് കേരളത്തില്‍

കേരളത്തില്‍ ഇന്ന് 885 പേര്‍ക്ക് കൂടി കോവിഡ്. 16,995 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ :1287945 (ഇന്നലെ വരെയുള്ള കണക്ക്: 1238635 )

മരണം :30601 (ഇന്നലെ വരെയുള്ള കണക്ക്: 29861 )

ലോകത്ത് ഇതുവരെ

രോഗികള്‍:15537513 (ഇന്നലെ വരെയുള്ള കണക്ക്: 15250804 )

മരണം :634069 (ഇന്നലെ വരെയുള്ള കണക്ക്: 623863 )

ഓഹരി വിപണിയില്‍ ഇന്ന്

സെന്‍സെക്‌സ് 0.03 ശതമാനം അഥവാ 12 പോയ്ന്റ് താഴ്ന്ന് 38,129ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 0.19 ശതമാനം അഥവാ 21 പോയ്ന്റ് താഴ്ന്ന് 11,194ലും ക്ലോസ് ചെയ്തു.

സെന്‍സെക്‌സിലെ 23 കമ്പനികളുടെ ഓഹരി വില ഇടിഞ്ഞപ്പോള്‍ ഏഴ് കമ്പനികളുടേത് ഉയര്‍ന്നു. എച്ച് സി എല്‍ ടെക്, റിലയന്‍സ്, ടെക് മഹീന്ദ്ര എന്നിവയാണ് ഉയര്‍ന്ന ഓഹരികളില്‍ പ്രമുഖര്‍. ആക്‌സിസ് ബാങ്ക് ഓഹരി വില മൂന്നുശതമാനത്തോളം ഇടിഞ്ഞു.

വാരത്തിലെ പ്രകടനമെടുത്താല്‍, ഈ ആഴ്ച സെന്‍സെക്‌സ് മൂന്നുശതമാനം ഉയര്‍ന്നു. നിഫ്റ്റി 2.68 ശതമാനവും.

കേരള കമ്പനികളുടെ പ്രകടനം

വാരാന്ത്യത്തില്‍ ഭൂരിഭാഗം കേരള കമ്പനികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാല്‍ കേരള ബാങ്കുകളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഒഴികെയെല്ലാം നേട്ടത്തിലായിരുന്നു. ശതമാനക്കണക്കില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത് സി എസ് ബി ബാങ്ക് ഓഹരികളാണ്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില 1.91ശതമാനം നഷ്ടമുണ്ടാക്കി. എല്ലാ എന്‍ ബി എഫ് സി കളുടെയും ഓഹരി വിലകളില്‍ ഇന്ന് ഇടിവുണ്ടായി.

എ വി ടി, കൊച്ചിന്‍ ഷിപ്യാര്‍ഡ്, നിറ്റ ജെലാറ്റിന്‍, പാറ്റ്‌സ്പിന്‍, റബ്ഫില എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ മറ്റു ഓഹരികള്‍.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 4,735 രൂപ (ഇന്നലെ 4675 രൂപ )

ഒരു ഡോളര്‍: 74.83 രൂപ (ഇന്നലെ: 74.89 രൂപ )

ക്രൂഡ് ഓയ്ല്‍

WTI Crude 41.31 0.58 %

Brent Crude 43.49 0.42 %

Natural Gas 1.754 - 1.74 %

കൂടുതല്‍ ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ ധാരണ

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ ധാരണയായി. രോഗതീവ്ര മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് എല്ലാ പാര്‍ട്ടികളും അഭിപ്രായപ്പെട്ടു. ഇതിനോട് യോജിക്കുന്നുവെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം തിങ്കളാഴ്ചത്തെ പ്രത്യേക മന്ത്രിസഭാ യോഗത്തിലേ ഉണ്ടാകൂ.

ഇന്ത്യയുടെ സ്വന്തം കോവിഡ് വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചു

തദ്ദേശീയമായി നിര്‍മിച്ച കോവിഡ് വാക്സിനായ കൊവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചു. ഡല്‍ഹി എയിംസിലാണ് പരീക്ഷണം. വാക്സിന്റെ ആദ്യ ഡോസ് 30 വയസുള്ള യുവാവിനാണ് നല്‍കിയത്. വാക്സിന്‍ പരീക്ഷണത്തിനായി സന്നദ്ധരായി രജിസ്റ്റര്‍ ചെയ്തിരുന്നവരില്‍ നിന്ന് ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് ഇയാള്‍ക്ക് ആദ്യ ഡോസ് നല്‍കിയത്. രണ്ടാഴ്ചത്തേക്ക് ഇയാളെ നിരീക്ഷണത്തിലാക്കും.

ചൈനീസ് നിക്ഷേപത്തിന് വീണ്ടും നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

സര്‍ക്കാര്‍ നേരിട്ടോ ധനസഹായം നല്‍കിയോ നടപ്പിലാക്കുന്ന പദ്ധതികളുടെ നിര്‍വഹണത്തില്‍ ഇനി ചൈനയടക്കമുള്ള അയല്‍രാഷ്ട്രങ്ങളിലെ കമ്പനികള്‍ക്ക് പങ്കാളിത്തം നേടണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. 2017 ലെ ജനറല്‍ ഫിനാന്‍ഷ്യല്‍ റൂള്‍സില്‍ ഭേദഗതി വരുത്തിയ സര്‍ക്കാര്‍, ചൈനീസ് കമ്പനികള്‍ക്ക് മുക്കുകയറിടാനുള്ള ശ്രമം തുടരുകയാണ്. കര അതിര്‍ത്തി പങ്കിടുന്ന ചൈന, പാക്കിസ്ഥാന്‍, ഭൂട്ടാന്‍, മ്യാന്‍മാര്‍, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്ക് നിയമം ബാധകമാകും.

വളര്‍ച്ചാ നിരക്ക് നെഗറ്റീവ് 6-9 ശതമാനം വരെ താഴുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ -6 മുതല്‍ -9 ശതമാനം വരെ ആയി കുറയാമെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. എന്നാല്‍ ശരിയായ സാമ്പത്തിക നടപടികളുണ്ടായാല്‍ അടുത്ത വര്‍ഷം തന്നെ ഇതില്‍ നിന്ന് കരകയറാനാവുമെന്നും അദ്ദേഹം പറയുന്നു.

പവന് വര്‍ദ്ധന 480 രൂപ; ഗ്രാമിന് വില 4,735 രൂപയായി

ദിനം തോറും പുതിയ റെക്കോര്‍ഡിലേക്ക് കുതിച്ച് സ്വര്‍ണ വില. കേരളത്തില്‍ പവന് 480 രൂപ ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 37,880 രൂപയില്‍ എത്തി. ഗ്രാമിന് വില 4,735 രൂപയായി.

പത്തു ലക്ഷം ഡൗണ്‍ലോഡ് സ്വന്തമാക്കി ജിയോ മാര്‍ട്ട്

റിലയന്‍സ് ഷോപ്പിംഗ് പ്ലാറ്റ്ഫോം ജിയോ മാര്‍ട്ട് പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ പത്തു ലക്ഷം ഡൗണ്‍ലോഡുകള്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. 'ബീറ്റാ' വേര്‍ഷനില്‍ തന്നെ ആപ്പിന് വന്‍ സ്വീകരണമാണു ലഭിച്ചിട്ടുള്ളതെന്ന് നിരീക്ഷകരായ ആപ്പ് ബ്രെയിന്‍ ചൂണ്ടിക്കാട്ടി. ആപ്പിള്‍ പ്ലേ സ്റ്റോറില്‍ ജനപ്രിയ ആപ്പുകളില്‍ മൂന്നാം സ്ഥാനത്തും, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ജനപ്രിയ ആപ്പുകളില്‍ രണ്ടാം സ്ഥാനത്തുമാണ് ജിയോ മാര്‍ട്ട്.

പ്ലാസ്റ്റിക്കില്‍ നിന്നുള്ള ആഗോള ഭീഷണി അതിഗുരുതരമായി തുടരുന്നുവെന്ന് പഠന റിപ്പോര്‍ട്ട്

പ്ലാസ്റ്റിക്ക് ഉപഭോഗം കുറയ്ക്കാന്‍ ആഗോള തലത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ലോകം നേരിടുന്ന കനത്ത ഭീഷണികളിലൊന്നായിത്തന്നെയാണ് പ്ലാസ്റ്റിക് മലിനീകരണത്തോത് തുടരുന്നതെന്ന് വിദഗ്ധ നിരീക്ഷണം. ഇപ്പോഴത്തെ നിലയ്ക്ക് 2040 ആകുമ്പോഴേക്കും 710 ദശലക്ഷം മെട്രിക്ക് ടണ്‍ പ്ലാസ്റ്റിക് മാലിന്യമുണ്ടാകുമെന്ന് സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ ഒരു സംഘം അന്താരാഷ്ട്ര ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

വെബിനാറില്‍ 33,000 ചെറുപ്പക്കാരോടു സംവദിച്ച് ടാറ്റാ ട്രസ്റ്റ് ചെയര്‍മാന്‍

വ്യാപന ശേഷിയുള്ള ഊര്‍ജ്ജമാണ് യുവാക്കളുടേതെന്നും യുവാക്കളുടെ സഹവാസം താന്‍ എല്ലായ്പ്പോഴും ആസ്വദിക്കുന്നത് ഇക്കാരണത്താലാണെന്നും രത്തന്‍ ടാറ്റ. യുവാക്കളില്‍ നിന്ന് ഉത്സാഹം തേടുന്ന തന്റെ ശീലം ഒരു വെബിനാറില്‍ 33,000 ചെറുപ്പക്കാരോട് സംസാരിക്കവേ ടാറ്റാ ട്രസ്റ്റ് ചെയര്‍മാന്‍ പ്രകടമാക്കി.

വി.ആര്‍.എസ് പദ്ധതിയുമായി ബിപിസിഎല്‍

സ്വകാര്യവത്കരണത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷ(ബിപിസിഎല്‍)നില്‍ ജീവനക്കാര്‍ക്ക് വി.ആര്‍.എസ് പദ്ധതി നടപ്പാക്കുന്നു. 45 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് വിആര്‍എസ് ഓഫറുള്ളത്.

ബഹിരാകാശത്തേക്കും ആയുധ മല്‍സരം വ്യാപിപ്പിക്കരുത്: റഷ്യയോട് യു.എസ്, യു.കെ

ബഹിരാകാശത്തേക്കും ആയുധ മല്‍സരം വ്യാപിപ്പിക്കാന്‍ റഷ്യ ശ്രമിക്കുന്നുവെന്ന പുതിയ കുറ്റപ്പെടുത്തലുമായി അമേരിക്കയും ബ്രിട്ടനും രംഗത്ത്. ഉപഗ്രഹങ്ങളെ വരെ ഛേദിക്കാന്‍ ശേഷിയുള്ള ഒരു ആയുധം റഷ്യ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചതായുള്ള ആരോപണമാണ് ഇരു രാജ്യങ്ങളും ഉന്നയിക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

റിലയന്‍സ് റീട്ടെയ്‌ലിലും ആമസോണ്‍ നിക്ഷേപമെത്തും

റിലയന്‍സ് റീട്ടെയ്‌ലില്‍ ആമസോണ്‍ നിക്ഷേപിക്കാനൊരുങ്ങുന്നതായുള്ള വിവരം പുറത്തുവന്നതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വില കുതിച്ചുയര്‍ന്നു. ആമസോണ്‍ റിലയന്‍സ് റീട്ടെയ്‌ലിന്റെ 9.9 ശതമാനം ഓഹരികള്‍ വാങ്ങാനാണ് ചര്‍ച്ച നടക്കുന്നത്.

കോവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷം: ഡബ്ല്യു.എച്ച്.ഒ; അത്രയും വൈകില്ലെന്ന് ചൈന

കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ ഗവേഷകര്‍ മികച്ച പുരോഗതിയാണ് കൈവരിച്ചിട്ടുള്ളതെങ്കിലും അവയുടെ ആദ്യ ഉപയോഗം തുടങ്ങാന്‍ 2021 വരെ കാത്തിരിക്കേണ്ടിവന്നേക്കുമെന്ന് ലോകാരോഗ്യ സംഘടന. പ്രതീക്ഷിച്ചതിലും നേരത്തെ കോവിഡ് വാക്‌സിന്‍ വിപണിയില്‍ എത്തിക്കാനായേക്കുമെന്ന് ചൈനയിലെ ഗവേഷകര്‍ അറിയച്ചതിനു പിന്നാലെയാണ് ഡബ്ല്യു.എച്ച്.ഒ യുടെ പ്രതികരണം പുറത്തുവന്നത്.

നോണ്‍ ബാന്‍ ആക്ടിന് യു എസ് ഹൗസിന്റെ അംഗീകാരം

മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പ്രവേശനം നിരോധിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവിനെതിരെ നിയമനിര്‍മാണം പാസാക്കുന്നതിനായുള്ള നോണ്‍ ബാന്‍ ആക്ടിന് യു എസ് ഹൗസിന്റെ അംഗീകാരം. 183 വോട്ടുകള്‍ക്കെതിരെ 233 വോട്ടുകള്‍ നേടിയാണ് ബില്ലിന് അംഗീകാരം ലഭിച്ചത്. നോണ്‍ ബാന്‍ ആക്റ്റ് എന്ന് വിളിക്കപ്പെടുന്ന ബില്ലിനെ ഡെമോക്രാറ്റിക് നിയമസഭാംഗങ്ങള്‍ വ്യാപകമായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും റിപ്പബ്ലിക്കന്‍മാരുടെയും വൈറ്റ് ഹൗസിന്റെയും എതിര്‍പ്പ് കാരണം സെനറ്റില്‍ മുന്നേറാന്‍ സാധ്യതയില്ല.

കേരളത്തിലെ ആന്റിജന്‍ ടെസ്റ്റ് നിരക്ക് ഏകീകരിച്ചു

കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കാനുള്ള ദ്രുതപരിശോധനയുടെ (ആന്റിജന്‍ ടെസ്റ്റ്) നിരക്ക് കേരളത്തില്‍ സര്‍ക്കാര്‍ ഏകീകരിച്ചു. സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധനയ്ക്ക് 625 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ ആന്റിജന്‍ പരിശോധനയ്ക്ക് പല സ്വകാര്യ ആശുപത്രികളും ലാബുകളും വ്യത്യസ്ത നിരക്കാണ് ഏര്‍പ്പെടുത്തുന്നത്.

നോര്‍ക്ക സഹകരണത്തോടെ സപ്ലൈകോ പ്രവാസി സ്റ്റോര്‍ പദ്ധതി തുടങ്ങി

ജീവിത മാര്‍ഗം നഷ്ടപ്പെട്ട് വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവരെ സഹായിക്കാന്‍ നോര്‍ക്ക സഹകരണത്തോടെ സപ്ലൈകോയുടെ നീക്കം. പ്രവാസികള്‍ക്ക് സ്റ്റോറുകള്‍ ഒരുക്കാന്‍ സപ്ലൈകോ അവസരം നല്‍കും.ഫ്രാഞ്ചൈസി രീതിയിലാകും നടത്തിപ്പ്. നിലവില്‍ സപ്ലൈകോ-മാവേലി സ്റ്റോറുകള്‍ വഴി നല്‍കുന്ന സാധനങ്ങള്‍ പ്രവാസി സ്റ്റോറുകളില്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it