ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 25, 2020

കൊറോണ അപ്‌ഡേറ്റ്‌സ്

ഇന്ന് കേരളത്തില്‍

കേരളത്തില്‍ ഇന്ന് 1103 പേര്‍ക്ക് കൂടി കോവിഡ്. 18098 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 1336861 (ഇന്നലെ വരെയുള്ള കണക്ക്: 1287945 )

മരണം : 31358 (ഇന്നലെ വരെയുള്ള കണക്ക്: 30601 )

ലോകത്ത് ഇതുവരെ

രോഗികള്‍:15762392(ഇന്നലെ വരെയുള്ള കണക്ക്: 15537513 )

മരണം :640278(ഇന്നലെ വരെയുള്ള കണക്ക്: 634069 )

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 4,765 രൂപ (ഇന്നലെ 4,735 രൂപ )

ഒരു ഡോളര്‍: 74.72 രൂപ (ഇന്നലെ: 74.83 രൂപ )

ക്രൂഡ് ഓയ്ല്‍

WTI Crude 41.29 0.54 %

Brent Crude 43.34 0.07 %

Natural Gas 1.808 1.29 %

കൂടുതല്‍ ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍

കേരളത്തില്‍ ഐ.എസ്. ഭീകര സാന്നിധ്യമെന്ന് യു.എന്‍ റിപ്പോര്‍ട്ട്

കേരളത്തിലും കര്‍ണാടകത്തിലും ഗണ്യമായ എണ്ണം ഐ.എസ്. ഭീകരവാദികളുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടനാ റിപ്പോര്‍ട്ട്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍നിന്നുള്ള 150 മുതല്‍ 200 വരെ വരുന്ന അല്‍ ഖ്വയ്ദ അംഗങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡ മേഖലയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയ്ക്കായി ഒരു പുതിയ പ്രവിശ്യ സ്ഥാപിച്ചതായി കഴിഞ്ഞ വര്‍ഷം മേയില്‍ ഇസ്ലാമിക് സ്റ്റേറ്റ് പ്രഖ്യാപിച്ചിരുന്നു.

'കോവാക്‌സിന്‍' കുത്തിവച്ച് പരീക്ഷണം: പാര്‍ശ്വ ഫലം ഇല്ലാതെ പുരോഗതിയില്‍

കോവിഡിനെതിരേ ഇന്ത്യയില്‍ വികസിപ്പിച്ച വാക്‌സിന്‍ ആയ 'കോവാക്‌സി'ന്റെ മനുഷ്യരിലുള്ള ആദ്യഘട്ട പരീക്ഷണം ഡല്‍ഹി എയിംസില്‍ മുന്നോട്ട്. ഡല്‍ഹി സ്വദേശിയായ മുപ്പതുകാരനിലാണ് വാക്‌സിന്‍ ഇന്നലെ ആദ്യമായി കുത്തിവെച്ചതെന്നും യുവാവില്‍ ഇതുവരെ പാര്‍ശ്വഫലങ്ങളൊന്നും പ്രകടമായിട്ടില്ലെന്ന് പരീക്ഷണത്തിനു നേതൃത്വം നല്‍കുന്ന ഡോ. സഞ്ജയ് റായി അറിയിച്ചു.

എന്‍.പി.എ ഉയര്‍ച്ച അപകടത്തിലേക്കെന്ന് റിസര്‍വ് ബാങ്ക്

ഇന്ത്യന്‍ ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി നില അപായകരമായാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക്. അടുത്ത വര്‍ഷം മാര്‍ച്ചോടെ കിട്ടാക്കട വായ്പകള്‍ 12.5 ശതമാനമാകുമെന്നാണ് നിരീക്ഷണം. കോവിഡ് -19 മഹാമാരിയുടെ ആഘാതം കുറയ്ക്കുന്നതിന് ധനകാര്യ മേഖലാ റെഗുലേറ്റര്‍മാരും കേന്ദ്രവും കൈക്കൊണ്ട നടപടികള്‍ വിപണിയിലെ തളര്‍ച്ച കുറയ്ക്കാനും പ്രവര്‍ത്തന പരിമിതികള്‍ ലഘൂകരിക്കാനും ഉപകരിച്ചെങ്കിലും ബാങ്കുകളുടെ ആരോഗ്യം ക്ഷയിക്കാനിടയാക്കിയെന്ന് ആര്‍.ബി.ഐ സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ടിന്റെ 21-ാം പതിപ്പ് ചൂണ്ടിക്കാട്ടുന്നു.

പവന് 38,000 കടന്ന് സ്വര്‍ണക്കുതിപ്പ്

പവന് 38,000 വും കടന്ന് സ്വര്‍ണ വില കുതിക്കുന്നു. ഒരു പവന്‍ (8ഗ്രാം )സ്വര്‍ണത്തിന് 38,120 രൂപയാണ് കേരളത്തില്‍ ഇന്നത്തെ വില. 37880 രൂപയായിരുന്നു ഇന്നലെ. രാജ്യാന്തര വിപണിയിലും റെക്കോര്‍ഡ് വില വര്‍ധന തുടരുകയാണ്. ഇന്ന് ഔണ്‍സിന് 1,902 ഡോളറിലായിരുന്നു തുടക്കം.

സ്വാശ്രയ മെഡിക്കല്‍ ഫീസ്:സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്ക് 2016-17, 2017-18, 2018-19 അധ്യയന വര്‍ഷങ്ങളിലേക്ക് നിശ്ചയിച്ചിരുന്ന ഫീസ് പുനര്‍നിര്‍ണ്ണയിക്കാനുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതിയില്‍.ഹൈക്കോടതിയുടെ ഉത്തരവ് വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പരസ്യ വരുമാനം ഇടിഞ്ഞു; സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍ അവതരിപ്പിക്കാന്‍ ട്വിറ്റര്‍

പരസ്യ വരുമാനത്തില്‍ ഇടിവുണ്ടായ സാഹചര്യത്തില്‍ മുന്നോട്ടു പോകുന്നതിന് 'സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍' കൊണ്ടുവരാന്‍ ട്വിറ്റര്‍ പദ്ധതിയിടുന്നതാണ് റിപ്പോര്‍ട്ട്. വരുമാനം നിലനിര്‍ത്താന്‍ ഈ വര്‍ഷം പുതിയ പരീക്ഷണങ്ങള്‍ ഉണ്ടാകുമെന്ന് ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി അറിയിച്ചതിനു പിന്നാലെയാണ് സബ്‌സ്‌ക്രിപ്ഷന്‍ ഓപ്ഷനെപ്പറ്റിയുള്ള അഭ്യൂഹം പരക്കുന്നത്.

തിയേറ്ററുകള്‍ അടുത്ത മാസം തുറന്നേക്കും; ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന് ഉടമകള്‍

കോവിഡ് ലോക്ഡൗണ്‍ കാരണം അടച്ചിട്ട ഇന്ത്യയിലെ സിനിമാ തിയേറ്ററുകള്‍ അടുത്ത മാസം വീണ്ടും തുറന്ന് സാമൂഹിക അകലം പാലിച്ച്് പ്രവര്‍ത്തിച്ചുതുടങ്ങാന്‍ സാധ്യത.സിഐഐ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു വേണ്ടി സെക്രട്ടറി അമിത് ഖരെ ഇതിനായുള്ള നിര്‍ദ്ദേശം മുന്നോട്ടുവച്ചു.

വിജി സിദ്ധാര്‍ത്ഥ വകമാറ്റിയത് കോഫീ ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ 3535 കോടി

വിജി സിദ്ധാര്‍ത്ഥയുടെ മരണത്തിലേക്ക് എത്തിയ കോഫി ഡേ എന്‍്രപ്രൈസസ് ലിമിറ്റഡ് കേസില്‍ ആദായ നികുതി വകുപ്പിന് ആശ്വാസം. കമ്പനി തന്നെ നടത്തിയ അന്വേഷണത്തില്‍, സിദ്ധാര്‍ത്ഥയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലേക്ക് കോഫീ ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ 3535 കോടി രൂപ വകമാറ്റിയതായി കണ്ടെത്തി. സിബിഐ മുന്‍ ഡെപ്യൂട്ടി ഐജി അശോക് മല്‍ഹോത്രയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.സിദ്ധാര്‍ത്ഥയുടെ ആത്മഹത്യക്ക് കാരണം ആദായ നികുതി വകുപ്പ് മാനസികമായി ഉപദ്രവിച്ചതാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് ടെലികോം കമ്പനികള്‍ക്ക് 8.2 ദശലക്ഷം വരിക്കാരെ നഷ്ടമായി

ഇന്ത്യയില്‍ കൊവിഡ് 19 വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന്റെ ആദ്യ മുഴുവന്‍ മാസത്തില്‍ തന്നെ നഗരത്തിലെ 8.2 ദശലക്ഷം മൊബൈല്‍ ഉപയോക്താക്കളെ ടെലികോം കമ്പനികള്‍ക്ക് നഷ്ടപ്പെട്ടതായി റെഗുലേറ്ററി ഡാറ്റ വ്യക്തമാക്കുന്നു. നഗരമേഖലയിലെ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം ഏപ്രിലില്‍ 9 ദശലക്ഷം ഇടിഞ്ഞു. നഗര കുടിയേറ്റ തൊഴിലാളികള്‍ ഗ്രാമങ്ങളിലേക്ക് തിരിച്ചുപോയപ്പോള്‍ ഇന്ത്യയിലെ ഗ്രാമീണ മേഖല മൊബൈല്‍ വരിക്കാരുടെ എണ്ണം നേരിയ തോതില്‍ ഉയര്‍ന്നെന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പങ്കിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

കൊവിഡിനെ കണ്ടെത്തവുന്ന പുതിയ റിസ്റ്റ് ബാന്‍ഡുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്

കൊവിഡ് 19 നേരത്തെ കണ്ടെത്തുന്നതിനുള്ള ഉപാധിയുമായി ഐഐറ്റി മദ്രാസില്‍ ഇന്‍ക്യൂബേഷനിലുള്ള സ്റ്റാര്‍ട്ടപ്പ് മ്യൂസ് വെയറബ്ള്‍സ്. കൈയിലണിയുന്ന തരത്തിലുള്ള ഉപകരണം വികസിപ്പിക്കുന്നതിനായി 22 കോടി രൂപയാണ് സ്റ്റാര്‍ട്ടപ്പ് നീക്കി വെച്ചിരിക്കുന്നത്. ഏകദേശം 3500 രൂപ വിലവരുന്ന റിസ്റ്റ് ബാന്‍ഡ് അടുത്ത മാസത്തോടെ 70 ഓളം രാജ്യങ്ങളില്‍ ലഭ്യമാക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ചൈനീസ് സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പനയിടിഞ്ഞു

ഗാല്‍വന്‍ താഴ്വരയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്ത ചൈന വിരുദ്ധ വികാരം സ്മാര്‍ട്ട് ഫോണ്‍ വിപണിയിലും പ്രതിഫലിക്കുന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ചൈനീസ് കമ്പനികളുടെ വിപണി പങ്കാളിത്തം 81 ശതമാനത്തില്‍ നിന്ന് 72 ശതാനമായാണ് ഇടിഞ്ഞത്.

സിഎസ്ബി ബാങ്കില്‍ എസ്ബിഐ ഫണ്ട്സിന് 10% ഓഹരിയാകാം

തൃശൂര്‍ ആസ്ഥാനമായി സിഎസ്ബി ബാങ്കില്‍ 10 ശതമാനം വരെ ഓഹരിയെടുക്കാന്‍ മ്യൂച്വല്‍ ഫണ്ട് സ്ഥാപനമായ എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കി. 2012 ജൂലൈ 21 വരെയാണ് അനുമതിക്ക് പ്രാബല്യം.നിലവില്‍ മ്യൂച്വല്‍ ഫണ്ട് പദ്ധതികളിലൂടെ എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് കമ്പനിക്ക് 4.734 ശതമാനം ഓഹരി പങ്കാളിത്തം സിഎസ്ബി ബാങ്കിലുണ്ട്.

അമേരിക്കയില്‍ നിന്ന് ഇന്ത്യ സായുധ ഡ്രോണുകള്‍ വാങ്ങും

അമേരിക്കയുടെ അത്യാധുനിക ഡ്രോണുകള്‍ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ. പ്രിഡേറ്റര്‍-ബി, ഗ്ലോബല്‍ ഹവ്ക് ഡ്രോണുകള്‍ വാങ്ങാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിളുകളുടെ(യുഎവി) കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കാന്‍ അമേരിക്ക തീരുമാനിച്ചതോടെയാണ് ഇന്ത്യ യുദ്ധമുഖങ്ങളില്‍ ഉപയോഗിക്കുന്ന അത്യാധുനിക ആളില്ലാ ഡ്രോണുകള്‍ സ്വന്തമാക്കാനൊരുങ്ങുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it